ബിജെപി-ആർഎസ് എസ് നേതൃത്വം ആസൂത്രണം ചെയ്താണ് സന്ദീപിനെ  കൊലപ്പെടുത്തിയതെന്നും വിവിധ പ്രദേശത്ത് നിന്നുള്ള ആളുകളെ ഏകോപിപ്പിച്ചാണ് അക്രമണം നടത്തിയതെന്നും കോടിയേരി ആരോപിച്ചു. 

തിരുവനന്തപുരം: പെരിങ്ങര സിപിഎം (Cpm) ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപിനെ (sandeep murder) ബിജെപി- ആർഎസ്എസ് പ്രവർത്തകർ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (kodiyeri balakrishnan).സന്ദീപിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം, മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി-ആർഎസ് എസ് നേതൃത്വം ആസൂത്രണം ചെയ്താണ് സന്ദീപിനെ കൊലപ്പെടുത്തിയതെന്നും വിവിധ പ്രദേശത്ത് നിന്നുള്ള ആളുകളെ ഏകോപിപ്പിച്ചാണ് അക്രമണം നടത്തിയതെന്നും കോടിയേരി ആരോപിച്ചു. 

പൊലീസ് കോടതിയിൽ കൊടുത്ത റിമാൻഡ് റിപ്പോർട്ടിൽ രാഷ്ട്രീയ കൊലപാതകമെന്ന് തന്നെയാണുള്ളത്. പൊലീസുമായി ബന്ധപ്പെട്ട മറ്റ് ആരോപണങ്ങളെ കുറിച്ച് അറിയില്ല. കേസിലെ ഒരു പ്രതി ബിജെപിക്കാരൻ ആണെന്ന് ബിജെപി തന്നെ സമ്മതിച്ചതാണ്. ബാക്കിയുള്ളവരെ അവർ സംഘടിപ്പിച്ചതാകുമെന്നും കോടിയേരി പറഞ്ഞു. 

സിപിഎമ്മുകാർ മരിച്ചാൽ വ്യാജ പ്രചരണം നടത്തുന്നത് പതിവാണ്. നേരത്തെ വെഞ്ഞാറമ്മൂടിൽ രണ്ട് സിപിഎമ്മുകാരെ കോൺഗ്രസുകാർ കൊലപ്പെടുത്തിയപ്പോഴും സമാനമായ രീതിയിലുള്ള വ്യാജ പ്രചരണങ്ങളുണ്ടായി. വ്യാജ പ്രചരണങ്ങളിൽ നിന്നും ബിജെപിയും ആർഎസ്എസും പിന്മാറണം. സിപിഎം സമാധാനത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. സന്ദീപിന്റെ കുടുംബത്തെ പാർട്ടി സംരക്ഷിക്കും. കുട്ടികളുടെ വിദ്യാഭ്യാസ ചുമതല ഏറ്റെടുക്കും. സന്ദീപിന്റെ ഭാര്യയ്ക്ക് ജോലി നൽകുമെന്ന് അറിയിച്ച കോടിയേരി അക്രമപാതയിൽ നിന്നും ആർഎസ്എസ് പിന്തിരിയണമെന്നും ആവശ്യപ്പെട്ടു. 

YouTube video player

നേരത്തെ സന്ദീപിന്റെ കൊലപാതകം സിപിഎം തന്നെ ആസൂത്രണം ചെയ്തതാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. ചില നേതാക്കൾക്ക് വിവരം നേരത്തെ അറിയാമായിരുന്നുവെന്നും കൊലപാതകത്തിന് ശേഷമുള്ള പല നേതാക്കളുടേയും പ്രതികരണങ്ങളിൽ നിന്നും അത് വ്യക്തമാണെന്നുമാണ് സുരേന്ദ്രന്റെ ആരോപണം. യഥാർത്ഥ പ്രതികളെ പുറത്തെത്തിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും കൊലപാതകത്തിലെ ഗൂഡാലോചനയിലും അന്വേഷണം വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.