
തിരുവനന്തപുരം: ശമ്പളം വൈകിയതിന് യൂണിഫോമില്‍ പ്രതിഷേധ ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച വനതി കണ്ടക്ടറെ സ്ഥലം മാറ്റിയതില്‍ കടുത്ത വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്. പിണറായി ഭരണത്തിൽ ''എല്ലാം ശരിയായി '' എന്ന് മനസിലാക്കാൻ ഈ ഒരൊറ്റ വാർത്തമതിയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.ജോലിക്ക് കൂലിയാവശ്യപ്പെട്ടതിന് തൊഴിലാളിയെ നാടുകടത്തുന്നതാണ് പിണറായി മോഡൽ കമ്മ്യൂണിസമെന്ന് മുരളീധരന്‍ പരിഹസിച്ചു.
പാർട്ടി സെക്രട്ടറിയുടെ ജാഥയിൽ പങ്കെടുത്തില്ലെങ്കിൽ കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളുടെ തൊഴിൽ പോകുമെന്ന് ഭീഷണിപ്പെടുത്തിയതും ഇതേ സിപിഎം തന്നെയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.'തൊഴിലാളി വർഗ പാർട്ടിയെന്നതിനെക്കാൾ തൊഴിലാളി വിരുദ്ധ പാർട്ടി'യെന്നതാണ് സിപിഎമ്മിന് ചേരുന്ന തലവാചകം.സമരങ്ങളുടെ പേരിൽ നിയമസഭയടക്കം കോടിക്കണക്കിന് രൂപയുടെ പൊതുമുതൽ നശിപ്പിച്ച ചരിത്രമുള്ള പാർട്ടി നയിക്കുന്ന സർക്കാരാണ് പ്രതിഷേധ ബാഡ്ജ് ധരിച്ചതിന് തൊഴിലാളിക്കെതിരെ പ്രതികാര നടപടി സ്വീകരിച്ചത്.
പണിമുടക്കിയല്ല, പണിയെടുത്തു കൊണ്ടാണ് അഖില എസ്.നായർ പ്രതിഷേധിച്ചത്.തൊട്ടതിനും പിടിച്ചതിനും ദേശീയപണിമുടക്ക് പ്രഖ്യാപിച്ച് ജനത്തെ പെരുവഴിയിലാക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി കണ്ടു പഠിക്കേണ്ട പ്രതിഷേധ രീതി.മുഖ്യമന്ത്രിയുടെയും കുടുംബത്തിൻ്റെയും വിദേശയാത്രയ്ക്കും ആഡംബര വാഹനങ്ങൾക്കും യുവജന കമ്മിഷൻ അധ്യക്ഷയുടെ ശമ്പളത്തിനും മന്ത്രിമാരുടെ സ്റ്റാഫിൻ്റെ പെൻഷനും മറ്റുമായി കോടികൾ ധൂർത്തടിയ്ക്കുന്ന നാട്ടിലാണ് ജീവിത പ്രാരാബ്ധങ്ങൾ ചൂണ്ടിക്കാട്ടി അഖില പ്രതിഷേധിക്കുന്നതെന്നുമോർക്കണം.പ്രിയ സഹോദരിയുടെ പോരാട്ടത്തിന് എല്ലാ പിന്തുണയുമെന്നും വി മരുളീധരന്‍ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam