
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കെഎസ്ആർടിസിയുടെ പ്രത്യേക ബസിൽ. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരം പൊതുജനങ്ങൾക്ക് കാണാനും ഉള്ളിൽ കയറി ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും സൗകര്യമൊരുക്കുന്ന രീതിയിലാണ് ബസിന്റെ സജ്ജീകരണം.
സാധാരണ കെഎസ്ആർടിസി ബസിൽ നിന്നും വ്യത്യസ്തമായി ഗ്ലാസ് പാർട്ടീഷൻ ഉള്ള ജെ എൻ 363 എ.സി. ലോ ഫ്‌ലോർ ബസാണ് (KL 15 A 407) വി.എസ് അച്യുതാനന്ദന്റെ അന്ത്യയാത്രക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. വി എസിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തി പുഷ്പങ്ങളാൽ അലങ്കരിച്ച വാഹനമാണ് ഒരുക്കിയിരിക്കുന്നത്. കുറച്ചു സീറ്റുകൾ ഇളക്കിമാറ്റി ചുവന്ന പരവതാനി വിരിച്ചിട്ടുള്ള ബസിൽ ജനറേറ്റർ, ഫ്രീസർ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.
ആലപ്പുഴയിലേക്കുള്ള വിലാപയാത്രയ്ക്ക് കെഎസ്ആർടിസി ബസിൽ സാരഥികളാവുന്നത് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ടി പി പ്രദീപും, വികാസ് ഭവൻ ഡിപ്പോയിലെ കെ ശിവകുമാറും ആണ്. പ്രധാന ബസിനെ അനുഗമിക്കുന്ന രണ്ടാമത്തെ ബസിന്റെ ഡ്രൈവർമാർ സിറ്റി ഡിപ്പോയിലെ എച്ച് നവാസും, പേരൂർക്കട ഡിപ്പോയിലെ വി ശ്രീജേഷുമാണ്.
നിലവിൽ, വിഎസിന്റെ മൃതദേഹം സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ പൊതു ദർശനത്തിന് വച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം നേതാക്കളും ദർബാർ ഹാളിലെത്തി. ഉച്ചയ്ക്ക് രണ്ട് മണി വരെ ഇവിടെ പൊതുദർശനം തുടരും.
പ്രിയ നേതാവിനെ ഒരുനോക്ക് കാണാൻ തലസ്ഥാനത്തേക്ക് ജനപ്രവാഹമാണ്. വിഎസിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ നേതാക്കളും എത്തുന്നുണ്ട്. ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. ഇതിനിടയിലുള്ള വിവിധ കേന്ദ്രങ്ങളിൽ പൊതു ദർശനം ഉണ്ടാകും. ഇന്ന് രാത്രി ഒമ്പത് മണിയോടെ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കും. നാളെ രാവിലെ ഒമ്പത് മണി മുതൽ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് 10 മണി മുതൽ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം ഉണ്ടാകും. പുന്നപ്ര വയലാർ സമരസേനാനികളുടെ ഓർമകൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ വൈകിട്ട് മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam