
തിരുവനന്തപുരം: സംസ്ഥാനത്ത് ആരംഭിച്ച എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് ആശങ്ക ഉണ്ടാകേണ്ടതില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. സാമൂഹ്യ മാധ്യമങ്ങളിൽ ഭയപ്പെടുത്തുന്ന രീതിയിൽ ചില പ്രചാരണങ്ങൾ നടക്കുന്നുണ്ട്. അതിനുപിന്നിൽ വേറെ ലക്ഷ്യങ്ങളാണ്. പുതിയ പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയാണ് പരീക്ഷ നടത്തുന്നതെന്നും കുട്ടികൾക്ക് ഉത്കണ്ട വേണ്ടെന്നും മന്ത്രി പറഞ്ഞു. ചോദ്യപേപ്പർ തയ്യാറാക്കിയത് മാതൃകാപരമായ രീതിയിലും അതീവ രഹസ്യ സ്വഭാവത്തോടെയുമാണ്. വ്യാജ പ്രചാരണങ്ങൾ നടത്തുന്ന കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുക്കുന്നുണ്ട്. ഇത്തരം കേന്ദ്രങ്ങൾക്കെതിരെ ഇനിയും നടപടി ശക്തമാക്കുമെന്ന് വി ശിവൻകുട്ടി വ്യക്തമാക്കി.
പരീക്ഷ നടത്തിപ്പിനെതിരെ പ്രചാരണങ്ങൾ നടത്തുന്നവർ കരുതുന്നത് ചോദ്യപേപ്പർ തയ്യാറാക്കുന്നത് അവരാണെന്നാണ്. ഭയപ്പെടുത്തുന്നവർ തന്നെ പറയുന്നു പരിഹാരത്തിന് അവരെ സമീപിക്കാൻ. പലരും പണം ചോദിക്കുന്നു. ഇത്തരക്കാരെ നിയമപരമായി സർക്കാർ നേരിടും. മോഡൽ പരീക്ഷ എല്ലാ വിദ്യാർത്ഥികൾക്കും എഴുതാൻ പറ്റുന്ന രീതിയിൽ ആയിരുന്നു. രക്ഷകർത്താക്കളാണ് അനാവശ്യമായ ആശങ്ക ഉണ്ടാകുന്നത്. കുട്ടികൾ ആത്മവിശ്വാസത്തോട് കൂടി പരീക്ഷ എഴുതണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അച്ഛനമ്മമാർക്കൊപ്പം വിദേശത്ത് പോയ കുട്ടികൾക്ക് തിരികെ എത്താൻ പറ്റിയില്ലെങ്കിൽ അവർക്ക് പ്രത്യേക സൗകര്യം ഒരുക്കും. ഗൾഫ് മേഖലയിലെ പ്രതിസന്ധി മാറിയാൽ ഉടൻ പരീക്ഷ നടത്താനുള്ള തയ്യാറെടുപ്പുകൾ തുടങ്ങും. സുരക്ഷാക്രമീകരണങ്ങൾ അടക്കം എല്ലാം സജ്ജമാണ്. അധ്യാപകരും പരീക്ഷ നടത്തിപ്പിനായി തയ്യാറെടുപ്പുകൾ പൂർത്തിയാക്കികഴിഞ്ഞു. യുദ്ധ സാഹചര്യമാണ് ഗൾഫ് മേഖലയിലെ പരീക്ഷ നടത്തിപ്പിൽ ഏക പ്രതിസന്ധി. കുട്ടികൾ ആശങ്കയില്ലാതെ പരീക്ഷ എഴുതണമെന്നാണ് സർക്കാർ നിലപാടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതാൻ ഒരുങ്ങുന്നത്. ഇന്ന് എസ്എസ്എൽസി, പ്ലസ് വൺ പരീക്ഷകൾ നടക്കും. പ്ലസ് ടു പരീക്ഷ മറ്റന്നാൾ ആയിരിക്കും നടക്കുന്നത്. സംസ്ഥാനത്ത് 3,031 പരീക്ഷാ കേന്ദ്രങ്ങൾ സജ്ജമായിക്കഴിഞ്ഞു. എസ്എസ്എൽസി പരീക്ഷ രാവിലെ 9.30 മുതലും ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷ ഉച്ചക്ക് ശേഷവുമാണ് നടക്കുന്നത്. രണ്ടാം വർഷ ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് മറ്റന്നാളാണ് പരീക്ഷ തുടങ്ങുന്നത്. എസ്എസ്എൽസി പരീക്ഷ മാർച്ച് 30നും ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ 28നും അവസാനിക്കും. അതേസമയം, യുദ്ധ സാഹചര്യത്തിൽ ഗൾഫ് മേഖലയിൽ ഈ ആഴ്ച പൊതു പരീക്ഷകളില്ല. വ്യാഴാഴ്ചയിലെ എസ്എസ്എൽസി പരീക്ഷയും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ ഹയർസെക്കൻഡറി പരീക്ഷകളും മാറ്റിയിട്ടുണ്ട്. ഇവർക്ക് പിന്നീട് പ്രത്യേകം പരീക്ഷ നടത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam