പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റദ്ധരിച്ച് യുവാവിനെ പേനാക്കത്തികൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ
പത്തനംതിട്ട: പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റദ്ധരിച്ച് യുവാവിനെ പേനാക്കത്തികൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. ചിറ്റാർ സീതത്തോട് സ്വദേശി ഷിജോ ജോസഫ് (34), സീതത്തോട് മൂന്ന് കല്ല് സ്വദേശി റംഷാദ് (28) എന്നിവരാണ് ചിറ്റാർ പോലീസിന്‍റെ പിടിയിലായത്. ജൂലൈ 22 ബുധനാഴ്ച രാതിയിലായിരുന്നു സംഭവം. സീതത്തോട് സ്കൂളിന് സമീപം റോഡരികിൽ നിന്ന പ്രതികളെ റോഡിലൂടെ സ്കൂട്ടറിൽ പോയ യുവാക്കൾ നോക്കിയതാണ് പ്രകോപിപ്പിച്ചത്. ഇവർ പോലീസോ എക്സൈസ് ഉദ്യോഗസ്ഥരോ ആയിരിക്കാം എന്ന് തെറ്റിദ്ധരിച്ച് പ്രതികൾ ബൈക്കിൽ പിന്തുടർന്നു.
തുടർന്ന് ഒന്നാംപ്രതി ഷിജോ ജോസഫ് കയ്യിൽ കരുതിയിരുന്ന പേനാക്കത്തികൊണ്ട് ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ ആക്രമിച്ചു. വയറിനും മുഖത്തും പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സതേടുകയും ചെയ്തു. യുവാവിന്‍റെ മൊഴി പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ചിറ്റാർ പോലീസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുനു. ഒന്നാംപ്രതി ഷിജോ ജോസഫ് ചിറ്റാർ പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് ഉൾപ്പെടെ 4 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.



