സ്വകാര്യ ആശുപത്രികളില്‍ നിരീക്ഷണ സംവിധാനമടക്കം വാക്സിനേഷനില്‍ വൻ മാറ്റങ്ങൾ, വിദഗ്ധ സമിതി ശുപാര്‍ശ

By P R PraveenaFirst Published Nov 17, 2022, 1:23 PM IST
Highlights

കേരളത്തിലെ എല്ലാ അതിഥി തൊഴിലാളികൾക്കും വാക്സിനേഷൻ കാർഡ് നിർബന്ധമാക്കണം. ഇവര്‍ക്ക് കൃത്യമായി വാക്സീൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നടപടി വേണമെന്നും ശുപാർശ ഉണ്ട്. സ്കൂളിലും കോളേജിലും ചേരുന്ന സമയത്ത് എല്ലാ വിദ്യാർഥികളുടെയും വാക്സിനേഷൻ വിശദാംശങ്ങൾ രേഖപ്പെടുത്തണം

തിരുവനന്തപുരം: മൃഗങ്ങളെ കൈകാര്യം ചെയ്യുന്നവർക്കും പേവിഷ ബാധ കൂടുതൽ റിപ്പോ‍ർട്ട് ചെയ്യുന്ന ഇടങ്ങളിലെ കുട്ടികൾക്കും  പ്രീ-എക്‌സ്‌പോഷർ വാക്സീനേഷൻ നൽകാൻ വിദ​ഗ്ധ സമിതി ശുപാ‍ർശ. പേ വിഷ പ്രതിരോധ വാക്സീൻ കൃത്യമായി എടുക്കാത്തതും നായ കടിച്ചുള്ള മാരക മുറിവുകൾക്ക് പ്രതിരോധ കുത്തിവയ്പ് ചിലപ്പോഴെങ്കിലും ഫലിക്കാതേയും വരുന്ന സാഹചര്യം നിലനിൽക്കെയാണ് പ്രീ-എക്‌സ്‌പോഷർ വാക്സീനേഷനുള്ള ശുപാര്‍ശ. 

ദേശീയ ഇമ്യൂണൈസേഷൻ പദ്ധതിയിൽ മീസിൽസിനും റുബൈല്ല വാക്സീനും ഒപ്പം മുണ്ടിനീരിനുള്ള വാക്സീൻ കൂടി ഉൾപ്പെടുത്തി എംഎംആ‍ർ വാക്സീൻ നൽകാനും ശുപാർശ ഉണ്ട്. മുണ്ടിനീര് ഒരു പ്രശ്നമായി നിലനിൽക്കുന്ന സാഹചര്യത്തി​ലാണ് കേരള സ‍ർക്കാർ രൂപീകരിച്ച വി​ദ​ഗ്ധ സമിതിയുടെ ഈ ശുപാ‍ർശ. 

അയൽ രാജ്യങ്ങളിൽ ഇപ്പോഴും പോളിയോ രോ​ഗം പകരുന്നതിനാൽ 18-ാം മാസത്തിൽ പോളിയോ ബൂസ്റ്റ‍‍‍ർ ഇൻജക്ഷൻ നൽകണം.​ ഗർഭാവസ്ഥയിലെ എച്ച് വൺ എൻ വൺ മരണം കൂട്ടുന്നതിനാൽ ​ഗർഭാവസ്ഥയിൽ തന്നെ ക്വാഡ്രിവാലന്റ് ഇൻഫ്ലുവൻസ വാക്സീൻ നൽകുന്നത് ​ഗൗരവമായി പരിഗണിക്കണം. വില്ലൻചുമ വഴിയുള്ള കുഞ്ഞുങ്ങളിലെ മരണം ഒഴിവാക്കാൻ അത് കൂടി തടയുന്ന TDAP വാക്സീൻ നൽകണം. കൗമാരക്കാരിലും മുതിർന്നവരിലും ഡിഫ്തീരിയ, മീസിൽസ്, മുണ്ടിനീര്, റൂബെല്ല എന്നിവ പടരുന്നത് തടയാൻ, TD+MMR വാക്സീൻ നൽകണം. ഇത് പത്താം ക്ലാസിലോ അല്ലെങ്കിൽ കോളജിൽ ചേരുന്ന സമയത്തോ നൽകണം . നേരത്തെ ഇതേ വാക്സിനുകൾ സ്വീകരിക്കാത്തവര്‍ക്കാണ് ഈ വാക്സീൻ നൽകേണ്ടത് . കേരള സർക്കാർ രൂപീകരിച്ച വാക്സിൻ പോളിസി കമ്മിറ്റിയുടെ റിപ്പോർട്ടിലാണ് ഈ ശുപാ‍ർശകൾ ഉള്ളത്. 

മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കേണ്ട പദ്ധതികളുടെ ശുപാർശകളാണ് റിപ്പോർട്ടിലുള്ളത്. വിശദാംശങ്ങൾ ഇങ്ങനെ

ഒന്നര വര്‍ഷത്തിനകം നടപ്പാക്കേണ്ട ഹ്രസ്വകാല പദ്ധതികൾ

1. നിലവിൽ നടപ്പാക്കുന്ന പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയിൽ എംആർ [മീസിൽസ്, റുബെല്ല] വാക്‌സിന്റെ രണ്ട് ഡോസുകളാണ് നൽകുന്നത്.  മുണ്ടിനീര് ഇന്ത്യയിലൊരു പ്രധാനരോഗമായതിനാൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിൽ എംഎംആര്‍ വാക്സിൻ ഉൾപ്പെടുത്തണം.

2. പത്താം വയസ്സിൽ ടിഡി (ടെറ്റനസ്, ഡിഫ്തീരിയ)  വാക്സിനുകളാണ് നൽകുന്നത്. വില്ലൻ ചുമ വീണ്ടും പ്രത്യക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് അടുത്ത പത്ത് വര്‍ഷത്തിനകം ടിഡി വാക്സിനുകൾക്ക് പകരം ടിഡിഎപി വാക്സീൻ നൽകാം.  

3. അയൽ രാജ്യങ്ങളിൽ ഇപ്പോഴും പോളിയോ പകരുന്നതിനാൽ,18 മാസത്തിനുള്ളിൽ IPV കുത്തിവയ്പ്പ് (ഇൻആക്ടിവേറ്റഡ് പോളിയോ വൈറസ് വാക്സിൻ) ബൂസ്റ്റർ ഡോസും നൽകാം.

4. ഗർഭാവസ്ഥയിൽ എച്ച് വണ്‍ എന്‍ വണ്‍ മൂലമുള്ള മരണനിരക്കും രോഗാവസ്ഥയും കൂടുതലായതിനാൽ, ഗർഭാവസ്ഥയിൽ ക്വാഡ്രിവാലന്‍റ് ഇൻഫ്ലുവൻസ വാക്സിൻ പരിഗണിക്കണം.

5. ശിശുക്കളിലെ വില്ലൻ ചുമയും മരണനിരക്കും തടയാനായി ഓരോ ഗർഭകാലത്തും ടിടി കുത്തിവയ്പിനു പകരം വില്ലൻ ചുമയ്ക്ക് എതിരെയുള്ള കുത്തിവയ്പ് കൂടി ചേർത്ത് TDAP നൽകണം

ഇൻഫ്ലുവൻസ, ന്യുമോകോക്കൽ അണുബാധയും മരണനിരക്കും പ്രായമായവരിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും കൂടുതലാണ്. ഈ സാഹചര്യത്തിൽ, 65 വയസ്സിന് മുകളിലുള്ളവർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും രോഗാവസ്ഥയുള്ളവർക്കും ന്യൂമോകോക്കൽ വാക്സിനും വാർഷിക ക്വാഡ്രിവാലന്‍റ്  ഇൻഫ്ലുവൻസ വാക്സിനും നൽകണം.

കേരളത്തിലെ എല്ലാ അതിഥി തൊഴിലാളികൾക്കും വാക്സിനേഷൻ കാർഡ് നിർബന്ധമാക്കണം. ഇവര്‍ക്ക് കൃത്യമായി വാക്സീൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നടപടി വേണമെന്നും ശുപാർശ ഉണ്ട്. സ്കൂളിലും കോളേജിലും ചേരുന്ന സമയത്ത് എല്ലാ വിദ്യാർഥികളുടെയും വാക്സിനേഷൻ വിശദാംശങ്ങൾ രേഖപ്പെടുത്തണം. കൃത്യമായി വാക്സീൻ സ്വീകരിക്കാത്ത വിദ്യാര്‍ഥികളുടെ വിവരങ്ങൾ തദ്ദേശസ്ഥാപനങ്ങളേയും ആരോഗ്യവകുപ്പിനേയും അറിയിക്കണം. കുട്ടികളിലെ വാക്സീനേഷൻ നടത്താൻ രക്ഷിതാക്കൾക്ക് കൃത്യമായ ബോധവത്കരണം നടത്തണം. അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവര്‍ക്ക്, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ട്രാൻസ്പ്ലാൻറിന് മുമ്പുള്ള പ്രതിരോധ കുത്തിവയ്പ്പും ഉൾപ്പെടുത്തണം.

ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകളിൽ ജോലി ചെയ്യുന്നവരും എൻറ്റിക് ഫീവർ, ഹെപ്പറ്റൈറ്റിസ് എ എന്നിവയ്‌ക്കെതിരെ വാക്‌സിനേഷൻ എടുക്കണം. എല്ലാ ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്കും ഒരു യൂണിഫോം നിർബന്ധിത വാക്‌സിനേഷൻ കാർഡ് നൽകണം.

സ്വകാര്യ ആശുപത്രികളിലെ വാക്സിനേഷൻ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭിക്കാത്ത സാഹചര്യമുണ്ട്. സ്വകാര്യ മേഖലയിൽ നിന്നും വാക്സീനേഷൻ വിശദാംശങ്ങൾ ലഭ്യമാക്കാൻ കൃത്യമായ സംവിധാനമൊരുക്കണം. 

വിദ്യാഭ്യാസത്തിനും ജോലികൾക്കുമായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്ന മലയാളികൾ പ്രതിരോധ കുത്തിവയ്പ്പുകൾ കൃത്യമായി സ്വീകരിച്ചിരുന്നുവെന്ന് ഉറപ്പാക്കണം.  ഹെപ്പറ്റൈറ്റിസ് എ, ടൈഫോയ്ഡ്, കോളറ വാക്സിനുകൾ അവർക്ക് നൽകണം. 

മൂന്ന് വർഷത്തിനുള്ളിൽ നടപ്പാക്കേണ്ട ഇന്റർമീഡിയറ്റ് ടേം വാക്സിനേഷൻ പദ്ധതി

1.അയൽ സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമുള്ള സാൽമൊണല്ല ടൈഫി അണുബാധയുടെ റിപ്പോർട്ടുകൾ കണക്കിലെടുത്ത് 6-9 മാസം പ്രായമുള്ളവർക്ക് ടൈഫോയ്ഡ് സംയോജിത വാക്സിൻ [TCV] പ്രതിരോധ വാക്സീനേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തണം.

2. 12 മാസം പ്രായമുള്ള ശിശുക്കൾക്ക് ഹെപ്പറ്റൈറ്റിസ് എ വാക്സിൻ നൽകാം

3. ദേശീയ വാക്സീനേഷൻ പദ്ധതിയനുസരിച്ച് ജപ്പാൻ ജ്വരത്തിനെതിരായ വാക്സിൻ യഥാക്രമം 9 മാസത്തിലും 16 മാസത്തിലും 2 ഡോസുകളായി നൽകണം. കേരളത്തിലെ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതി പ്രകാരം 16 മാസത്തിൽ ഒരു ഡോസ് മാത്രമേ നൽകുന്നുള്ളു. ദേശീയ ഷെഡ്യൂളിലെന്നപോലെ, ഈ വാക്സിൻ 9 മാസത്തിലും 16 മാസത്തിലും 2 ഡോസുകളായി നൽകുന്നതാണ് നല്ലതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു

4. നിലവിൽ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ മാത്രമാണ് ജപ്പാൻ ജ്വരത്തിനെതിരെയുള്ള വാക്സീൻ നൽകുന്നത്. എപ്പിഡെമിയോളജിക്കൽ പഠനം നടത്തിയ ശേഷം കേരളത്തിലെ എല്ലാ ജില്ലകളിലേക്കും ഈ വാക്സിനേഷൻ വ്യാപിപ്പിക്കാവുന്നതാണ്.

5. വ്യക്തിഗത വാക്സിനേഷൻ കാര്‍ഡ് എല്ലാവര്‍ക്കും നൽകണം

6. കേരളത്തിലേക്ക് വരുന്ന സഞ്ചാരികൾ മൂന്ന് മാസത്തിലേറെ കൂടുതൽ സംസ്ഥാനത്ത് തങ്ങാൻ ഉദ്ദേശിക്കുന്നു എങ്കിൽ അവരുടെ വാക്സീനേഷൻ നില പരിശോധിച്ച് ആവശ്യമായ വാക്സീൻ നൽകണം.

7. മുതിർന്ന അതിഥി തൊഴിലാളികൾക്ക് Tdap, MR/MMR, ടൈഫോയ്ഡ്, കോളറ വാക്സിൻ  നൽകണം.

പേവിഷ ബാധക്ക് എതിരായ പ്രീ-എക്‌സ്‌പോഷർ വാക്സീനേഷൻ , വ്യക്തിഗത വാക്സിനേഷൻ കാര്‍ഡ്, സ്വകാര്യ മേഖലയിലെ വാക്സീനേഷൻ വിശദാംശങ്ങൾ സ‍ര്‍ക്കാര്‍ തലത്തിൽ ശേഖരിക്കുക തുടങ്ങി വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങൾ വൻ മാറ്റങ്ങൾക്ക് തുടക്കമിടുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. വാക്സീൻ സ്വീകരിക്കുന്നതിലടക്കം ഇപ്പോഴും ചിലയിടങ്ങളിലെങ്കിലും നിലവിലുള്ള അബദ്ധ ധാരണകൾ മാറ്റാൻ അവബോധ പരിപാടികൾ കൂടി ശക്തമാക്കണമെന്ന ആവശ്യവും ഉയ‍ര്‍ന്നിട്ടുണ്ട്

സർക്കാർ നിയോഗിച്ച ഏഴംഗ വിദഗ്ധ സമിതിയാണ് വാക്സീൻ പോളിസി സംബന്ധിച്ച ശുപാർശ നൽകിയത്. ഡോ.ബി.ഇക്ബാൽ അധ്യക്ഷനായ ഏഴംഗ സമിതി ആരോ​ഗ്യമന്ത്രിക്ക് റിപ്പോ‍ർട്ട് കൈമാറിയിട്ടുണ്ട് . ഡോ..ആര്‍.അരവിന്ദ്, ഡോ.ആർ.ചാന്ദ്‌നി,ഡോ. പി.പി.പ്രീത ,ഡോ.സി.പ്രതാപ ചന്ദ്രൻ, ഡോ.ആർ.സജിത് കുമാർ,ഡോ. ടി.പി.ജയരാമൻ എന്നിവരായിരുന്നു സമിതിയിലെ പ്രധാന അംഗങ്ങൾ.

പേവിഷ ബാധ പ്രതിരോധിക്കാൻ ആകുമോ, ചെയേണ്ടതെന്ത് ?

 

click me!