
കോഴിക്കോട്: വടകര താലൂക്ക് ഓഫീസിലെ തീപ്പിടുത്തവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് സ്വദേശി കസ്റ്റഡിയിലായി. താലൂക്ക് ഓഫീസ് പരിസരത്ത് നേരത്തെ തീയിടാൻ ശ്രമിച്ചയാളാണിത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണിത്. തീപ്പിടുത്തത്തിന്‍റെ കാരണം കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം ഇന്ന് നടപടികൾ തുടങ്ങും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസന്‍റെ നേതൃത്ത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. 11 ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്.
ആന്ധ്ര സ്വദേശി സതീഷ് നാരായണൻ (37) ആണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. നേരത്തെ ചെറിയ തീപിടുത്തമുണ്ടായ സമീപത്തെ കെട്ടിടങ്ങളിലും ഇയാൾ എത്തിയതായി കണ്ടെത്തിയിരുന്നു. വടകര താലൂക്ക് ഓഫീസിന് സമീപമെത്തി വലിച്ചെറിയപ്പെട്ട കടലാസുകൾ കൂട്ടിയിട്ട് തീയിട്ട ശേഷം, തീ ആളിപ്പടരുന്നത് കണ്ട് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വടകര പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലാണ് പ്രതി.
അട്ടിമറി സാധ്യതയടക്കം സംഘം പരിശോധിക്കുന്നുണ്ട്. ജില്ലാ കളക്ടറുടെയും എഡിഎമ്മിന്‍റെയും മേല്‍നോട്ടത്തിലാണ് അന്വേഷണം. കഴിഞ്ഞ ദിവസം ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറടക്കം സ്ഥലത്ത് നടത്തിയ പരിശോധനയില്‍ ഷോർട്ട് സർക്യൂട്ട് മൂലമല്ല അപകടം നടന്നതെന്ന നിഗമനത്തിലാണ് എത്തിയത്. അതേസമയം തിങ്കളാഴ്ച മുതല്‍ താത്കാലിക കെട്ടിടത്തില്‍ താലൂക്ക് ഓഫീസ് പ്രവർത്തിക്കാനായി നടപടികൾ തുടങ്ങി. തിങ്കളാഴ്ച മുതല്‍ പൊതുജനങ്ങൾക്കായി ഹെല്‍പ് ഡെസ്കും പ്രവർത്തിക്കുമെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam