നിശാപാർട്ടിയിൽ പങ്കെടുത്തത് 58 പേർ; യുവതിയടക്കം 9 പേർ അറസ്റ്റിൽ, റിസോർട്ട് ഉടമയെ സിപിഐ പുറത്താക്കും

By Web TeamFirst Published Dec 21, 2020, 1:32 PM IST
Highlights

ബർത്ത്ഡേ പാർട്ടിയുടെ മറവില്‍ സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ്‌ നിശാപാർട്ടി സംഘടിപ്പിച്ചത്. വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരാണ് വാഗമണിൽ ഒത്തുകൂടിയത്. 

ഇടുക്കി: വാഗമണിൽ നിശാപാർട്ടി നടക്കുന്നിടത്ത് നിന്നും വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയ സംഭവത്തിൽ ഒരു യുവതിയടക്കം ഒമ്പത് പേര്‍ അറസ്റ്റിൽ. 58 പേരാണ് നിശാപാർട്ടിയിൽ പങ്കെടുത്തത്. മറ്റുള്ളവരില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുക്കാത്ത സാഹചര്യത്തില്‍ ബാക്കിയുള്ളവരെ പ്രതിചേർക്കണോ എന്ന് തുടരന്വേഷണത്തിന് ശേഷമേ തീരുമാനിക്കൂ. റിസോർട്ട് ഉടമയെ പ്രതിചേർക്കുന്ന കാര്യവും വിശദമായ അന്വേഷണത്തിന് ശേഷമേ തീരുമാനിക്കൂ.

തൊടുപുഴ സ്വദേശി അജ്മൽ (30), മലപ്പുറം സ്വദേശിനി മെഹർ ഷെറിൻ (26), എടപ്പാൾ സ്വദേശി നബീൽ (36), കോഴിക്കോട് സ്വദേശികളായ സൽമാൻ (38), അജയ് (41), ഷൗക്കത്ത് (36), കാസർകോട് സ്വദേശി മുഹമ്മദ് റഷീദ് (31), ചാവക്കാട് സ്വദേശി നിഷാദ് (36), തൃപ്പൂണിത്തുറ സ്വദേശി ബ്രസ്റ്റി വിശ്വാസ് (23) എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. എല്‍എസ്ഡി സ്റ്റാമ്പ്, എക്സ്റ്റസി ടാബ്ലറ്റ്, എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് തുടങ്ങിയവ പ്രതികളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. മഹാരാഷ്ട്ര, ബാംഗ്ലൂർ എന്നിവടങ്ങളിൽ നിന്നുമാണ് ലഹരി വസ്തുക്കൾ എത്തിച്ചത്. സംഭവത്തില്‍ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് എടുക്കും. 

ബർത്ത്ഡേ പാർട്ടിയുടെ മറവില്‍ സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ്‌ നിശാപാർട്ടി സംഘടിപ്പിച്ചത്. വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരാണ് വാഗമണിൽ ഒത്തുകൂടിയത്. ഇതിന് മുമ്പും ഇവർ പാർട്ടി നടത്തിയതായി പൊലീസ് പറയുന്നു. മൂന്ന് പേരുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി പാര്‍ട്ടി സംഘടിപ്പിച്ചത്. നബീൽ, സൽമാൻ, കൊല്ലം സ്വദേശിനി സൗമ്യ എന്നിവരുടെതായിരുന്നു ജന്മദിനാഘോഷം. റിസോർട്ടിന്റെ ഒരു മുറി ഒഴിച്ചുള്ളവയെല്ലാം ഈ സംഘം ബുക്ക് ചെയ്തിരുന്നു. ഒറ്റപ്പെട്ട സ്ഥലമായത് കൊണ്ടാണ് ഈ റിസോർട്ട് തന്നെ തിരഞ്ഞെടുത്തത്. പുലരും വരെ പാർട്ടി സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. മനബീൽ, സൽമാൻ, സൗമ്യ എന്നിവർക്ക് പുറമേ അജ്മൽ എന്ന തൊടുപുഴക്കാരനും ചേര്‍ന്നാണ് മയക്ക് മരുന്ന് എത്തിച്ചത്. 

അതേസമയം സിപിഐ ഏലപ്പാറ ലോക്കൽ സെക്രട്ടറി കൂടിയായ റിസോർട്ട് ഉടമ ഷാജിയുടെ പ്രവൃത്തി കമ്യൂണിസ്റ്റ് വിരുദ്ധമാണെന്നും സിപിഐയിൽ നിന്ന് പുറത്താക്കുമെന്നും സിപിഐ  ജില്ല സെക്രട്ടറി കെ കെ ശിവരാമൻ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥൻ എഎസ്പി സുരേഷ് കുമാറിൻ്റെ നേതൃത്വത്തിൽ റിസോർട്ടിൽ വീണ്ടും പരിശോധന നടത്തുന്നുണ്ട്. 

ഇന്നലെ രാത്രിയോടെയാണ് വാഗമണിൽ നിശാപാർട്ടിനടക്കുന്ന റിസോർട്ടിൽ നിന്നും വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയത്. എൽഎസ്ഡി സ്റ്റാമ്പുകളും കഞ്ചാവും ഹെറോയിനുമടക്കമുള്ള ലഹരിമരുന്നുകൾ പിടികൂടിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് മയക്കുമരുന്നുമായി കൊച്ചിയിൽ പിടിയിലായ രണ്ട് പേരിൽ നിന്നാണ് ഇടുക്കിയിലെ നിശാപാർട്ടി സംബന്ധിച്ച വിവരം ലഭിച്ചത്. ഇന്നലെ റെയ്ഡിനിടെ പിടിയിലായ 25 സ്ത്രീകളടക്കം 54 പേരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.  മൂന്ന് സംഘങ്ങളാക്കി തിരിച്ചാണ് ചോദ്യം ചെയ്യുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുണ്ടെന്നാണ് വിവരം. സംഭവത്തിൽ വിശദമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. 

click me!