വൈഗ കൊലക്കേസ്: പ്രതി സനു മോഹനെ ഇന്ന് കൊച്ചിയിൽ തിരിച്ചെത്തിക്കും, തെളിവെടുപ്പ് പൂർത്തിയാക്കി

By Web TeamFirst Published Apr 26, 2021, 7:51 AM IST
Highlights

സനുവിന്റെ ആലപ്പുഴയിലെ ബന്ധുക്കളോടും സുഹൃത്തുക്കളോടും അടുത്ത ദിവസങ്ങളിൽ കൊച്ചിയിലെത്താൻ അറിയിച്ചിട്ടുണ്ട്

കൊച്ചി: ആറ് ദിവസം നീണ്ട തെളിവെടുപ്പുകൾക്ക് ശേഷം വൈഗ കൊലകേസിലെ പ്രതി സനുമോഹനെ ഇന്ന് കൊച്ചിയിൽ തിരിച്ചെത്തിക്കും. മകളെ കൊന്ന് സനുമോഹൻ ഒളിവിൽ പോയ കോയമ്പത്തൂർ, സേലം, ബെംഗലൂർ, ഗോവ, മൂകാംബിക എന്നിവിടങ്ങളിലെ തെളിവെടുപ്പുകൾ പൂർത്തിയാക്കിയാണ് അന്വേഷണ സംഘം മടങ്ങുന്നത്. കട ബാധ്യതകൾ മൂലം മകളെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്ന സനുവിന്റെ മൊഴി ശരിയാണെന്ന് തെളിയിക്കാനുള്ള ഒന്നും തന്നെ തെളിവെടുപ്പിൽ കണ്ടെത്താനായില്ല. പ്രതി കഴിഞ്ഞിരുന്ന ഹോട്ടലുകളിലെ ജീവനക്കാർ സനുമോഹനെ തിരിച്ചറിഞ്ഞിട്ടുണ്ട്.

അന്വേഷണ സംഘം കൊച്ചിയിൽ തിരിച്ചെത്തിയാൽ സിറ്റി പോലീസ് കമ്മീഷ്ണറുടെ സാന്നിധ്യത്തിൽ യോഗം ചേരും. സനുവിന്റെ ആലപ്പുഴയിലെ ബന്ധുക്കളോടും സുഹൃത്തുക്കളോടും അടുത്ത ദിവസങ്ങളിൽ കൊച്ചിയിലെത്താൻ അറിയിച്ചിട്ടുണ്ട്. ഇവരെ ഒപ്പം നിർത്തി സനുവിനെ വീണ്ടും വിശദമായി ചോദ്യം ചെയ്യും. ഇതിനിടെ വൈഗയെ മുട്ടാർ പുഴയിൽ തള്ളാനും ഒളിവിൽ പോവാനും ഉപയോഗിച്ച കാറിന്റെ ശാസ്ത്രീയ പരിശോധന ഫലം ഉടൻ ലഭിക്കും. സനുവിന്റെ മുംബൈയിലെ സാമ്പത്തിക തട്ടിപ്പ് കേസുകളിളും അന്വേഷണം നടക്കുന്നുണ്ട്.

click me!