നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയതിനെതിരെ തടസ്സ ഹർജി. വിധി സ്റ്റേ ചെയ്യുന്നതിന് മുമ്പ് തങ്ങളുടെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജിക്കാർ സുപ്രീം കോടതിയിലെത്തിയത്

ദില്ലി: നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയതിന് പിന്നാലെ, ഹൈക്കോടതിയിലെ ഹർജിക്കാരുടെ നിർണായ നീക്കം. സുപ്രീം കോടതിയിൽ തടസ്സ ഹർജി ഫയൽ ചെയ്തുള്ള നീക്കമാണ് പരാതിക്കാർ നടത്തിയിരിക്കുന്നത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്യുന്നതിന് മുമ്പ് തങ്ങളുടെ ഭാഗം കൂടി കേൾക്കണമെന്നാണ് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് എന്നിവരാണ് സുപ്രീം കോടതിയിൽ തടസ്സ ഹർജി ഫയൽ ചെയ്തത്. നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി നടപടി സർക്കാരിന്റെ നയപരമായ തീരുമാനത്തിലുള്ള ഇടപെടലാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ, പൊതുഖജനാവിലെ പണം ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന തങ്ങളുടെ വാദം കൂടി പരിഗണിച്ചേ തീരുമാനമെടുക്കാവൂ എന്നാണ് ഹർജിക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

YouTube video player

സർക്കാരിന്‍റെ അതിവേഗ നീക്കം

നവ കേരള സർവേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ അതിവേഗത്തിലാണ് സുപ്രീം കോടതിയിലെത്തിയത്. സർവേ റദ്ദാക്കിയ ഹൈക്കോടതി തീരുമാനത്തിനെതിരെ 24 മണിക്കൂറിനുള്ളിൽ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചിരുന്നു. ഹൈക്കോടതി വിധിയിൽ പൊരുത്തകേടുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പിണറായി സർക്കാർ ഇന്നലെ സുപ്രീം കോടതിയിൽ എത്തിയത്. സർക്കാരിന്‍റെ നയപരമായ തീരുമാനമാണ് നവകേരള സർവേയെന്ന് വ്യക്തമാക്കിയ സർക്കാർ, ഇത് എങ്ങനെയാണ് ഹൈക്കോടതി റദ്ദാക്കുകയെന്ന ചോദ്യവും ഉയർത്തിയിട്ടുണ്ട്. ക്യാബിനറ്റിന് തീരുമാനം എടുക്കാൻ അധികാരമുണ്ടെന്നാണ് സർക്കാർ വാദം. സർവേ നിയമവിരുദ്ധമെന്ന് നിരീക്ഷിച്ചുകൊണ്ട് ചൊവ്വാഴ്ചയാണ് ഹൈക്കോടതി റദ്ദാക്കൽ വിധി പുറപ്പെടുവിച്ചത്.

റദ്ദാക്കൽ വിധിയുടെ വിശദാംശങ്ങൾ

സ്പെഷ്യൽ പി ആർ കാമ്പയിനിന്റെ പേരിൽ 20 കോടി രൂപ അനുവദിച്ചതിൽ റൂൾസ് ഓഫ് ബിസിനസിന്റെ ചട്ടലംഘനം ഉണ്ടായതായി വിലയിരുത്തിക്കൊണ്ടാണ് ഹൈക്കോടതി നവകേരള സർവ്വേ റദ്ദാക്കിയത്. പണം അനുവദിച്ചത് ചട്ടലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ സർവേ നടത്തിയ രീതിയിലും കോടതി സംശയം പ്രകടിപ്പിച്ചു. 2025 ഒക്ടോബർ 8 നാണ് നവകേരള സർവേ നടത്താനുളള തീരുമാനം സംസ്ഥാന മന്ത്രിസഭ എടുക്കുന്നത്. എന്നാൽ, ദിവസങ്ങൾക്ക് മുൻപ് തന്നെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പാർട്ടി കേഡർമാർക്ക് ഒരു കത്തയച്ചിരുന്നു. ഈ കത്ത് ഹർജിക്കാർ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇത് തള്ളിക്കളയാൻ ആകില്ലെന്നടക്കം കോടതി വിലയിരുത്തി. സർവേ നടത്താനുള്ള തീരുമാനം സംസ്ഥാന സർക്കാർ എടുക്കുന്നതിന് മുൻപ് തന്നെ പാർട്ടി സെക്രട്ടറി അവരുടെ കേഡർമാർക്ക് കത്തയക്കുകയായിരുന്നു. സർവ്വേക്ക് വേണ്ടിയുള്ള പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത് അയച്ചിട്ടുള്ളത്. സി പി എം അണികളെ രഹസ്യമായി കയറ്റാനുള്ള ഒരു നീക്കം പാർട്ടി നടത്തിയതിൽ സംശയിക്കേണ്ടിയിരിക്കുന്നു എന്നാണ് കോടതി പറഞ്ഞത്. എം വി ​ഗോവിന്ദനെ കൂടി ഈ കേസിൽ കക്ഷി ചേർത്തിരുന്നു. പക്ഷേ, പാർട്ടി സെക്രട്ടറി നൽകിയ സത്യാവങ് മൂലം തൃപ്തികരമല്ല എന്നാണ് ഹൈക്കോടതി പറഞ്ഞത്.