
പാലക്കാട്: തമിഴ്നാട് പൊള്ളാച്ചി വാൽപ്പാറയിലെ വാഹനാപകടത്തിൽ മരിച്ച ഒന്‍പത് പേരുടെ മൃതദേഹം കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‍മോര്‍ട്ടം ചെയ്യും. പോസ്റ്റ്‍മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഉടൻ മൃതദേഹം മലപ്പുറത്തേക്ക് കൊണ്ടുവരും. മന്ത്രി കെ കൃഷ്ണൻകുട്ടി പൊള്ളാച്ചിയിലേക്ക് പുറപ്പെട്ടു. മന്ത്രി വി ശിവൻകുട്ടിയും കോയമ്പത്തൂരിലേക്കും പോകും. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മലപ്പുറത്ത് നിന്നുള്ള വിദഗ്ധ സംഘവും പൊള്ളാച്ചിയിലേക്ക് പുറപ്പെട്ടു. കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയിലായിരിക്കും പോസ്റ്റ്‍മോര്‍ട്ടം നടക്കുകയെന്നും തമിഴ്നാട് സര്‍ക്കാരുമായി ബന്ധപ്പെട്ടെന്നും പാലക്കാട് എഡിഎം സ്ഥലത്തുണ്ടെന്നും കോയമ്പത്തൂര്‍ കളക്ടറുടെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നതെന്നും കോയമ്പത്തൂരിലേക്ക് പുറപ്പെടുന്നതിന് മുന്‍പായി മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.പാലക്കാട് നിന്ന് ഡോക്ടർമാരും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും സ്ഥലത്തേക്ക് പോയിട്ടുണ്ട്.പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം മലപ്പുറത്തേക്ക് കൊണ്ടുവരുമെന്നും പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
തമിഴ്‌നാട്ടിലെ വാൽപ്പാറ-പൊള്ളാച്ചി റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലപ്പുറം പെരിന്തൽമണ്ണ പാങ്ങ് എൽ.പി. സ്കൂളിലെ അധ്യാപകസംഘവും കുടുംബാംഗങ്ങളുമാണ് മരിച്ചത്. ദുരന്തത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി മലപ്പുറം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ, കോയമ്പത്തൂർ കളക്ടർ പവൻ കുമാർ ജി. ഗിരിയപ്പനവറുമായി ബന്ധപ്പെട്ട് അപകടത്തിൽപ്പെട്ടവർക്കുള്ള അടിയന്തര സഹായം ഉറപ്പാക്കിയെന്ന് മലപ്പുറം ജില്ലാ ഭരണകൂടം അറിയിച്ചു.മരിച്ചവരുടെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കും. പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കും.
മലപ്പുറത്ത് നിന്ന് പെരിന്തൽമണ്ണ സബ് കളക്‌ടർ സാക്ഷി മോഹൻ്റെ നേതൃത്വത്തിൽ തഹസിൽദാർ അടങ്ങുന്ന റവന്യൂ സംഘം, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ.ജെ.മാത്യുവിന്റെ നേതൃത്വത്തിൽ മെഡിക്കൽ ടീം, പൊലീസ് എന്നിവരടങ്ങുന്ന പ്രത്യേക സംഘം, പാലക്കാട് നിന്ന് മെഡിക്കൽ ടീം, എ.ഡി.എം, രണ്ട് റവന്യൂ ഉദ്യോഗസ്ഥർ, പൊലീസ് എന്നിവരടങ്ങുന്ന ടീം പൊള്ളാച്ചിയിലേക്ക് പുറപ്പെട്ടു. ഇവർ തുടർനടപടികൾക്കു മേൽനോട്ടം വഹിക്കും. പരിക്കേറ്റവരെ നിലവിൽ പൊള്ളാച്ചി സർക്കാർ ആശുപത്രിയിലും കോയമ്പത്തൂർ മെഡിക്കൽ കോളെജിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവിടെ ഡോക്ടർമാരുടെ സേവനവും ക്രിട്ടിക്കൽ കെയർ ബെഡുകളും സജ്ജമാക്കിയിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam