സിപിഎം നേതാവ് പികെ ശ്രീമതി തനിക്കെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ചുവെന്നാരോപിച്ച് ജനം ടിവിക്കും യൂട്യൂബ് ചാനലുകൾക്കുമെതിരെ പരാതി നൽകി. വാർത്താസമ്മേളനത്തിൽ വിതുമ്പിക്കരഞ്ഞ അവർ, താൻ എംഎൽഎയുടെ ഭാര്യയെന്ന നിലയിൽ പെൻഷൻ വാങ്ങുന്നുവെന്നതടക്കമുള്ള ആരോപണങ്ങൾ നിഷേധിച്ചു.

തിരുവനന്തപുരം: തനിക്കെതിരെ നിരന്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് ജനം ടിവിക്കും യൂട്യൂബ് ചാനലുകൾക്കുമെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും സ്പീക്കർക്കും പരാതി നൽകി സിപിഎം നേതാവ് പികെ ശ്രീമതി. വാർത്താസമ്മേളനത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ വിതുമ്പിക്കരഞ്ഞുകൊണ്ടാണ് ശ്രീമതി ടീച്ചർ തനിക്കെതിരെയുള്ള വ്യാജ പ്രചാരണങ്ങളെക്കുറിച്ച് വൈകാരികമായി പ്രതികരിച്ചത്.

പികെ ശശിക്കെതിരായ പീഡന ആരോപണത്തെക്കുറിച്ച് പറയുമ്പോൾ തീവ്രത എന്ന വാക്ക് താൻ ഉപയോഗിച്ചിട്ടില്ലെന്നും ഈ വ്യാജ പ്രചാരണം കാലങ്ങളായി നടക്കുകയാണെന്നും ശ്രീമതി വ്യക്തമാക്കി. കൂടാതെ, താൻ ഏതോ എംഎൽഎയുടെ ഭാര്യ എന്ന നിലയിൽ ഫാമിലി പെൻഷൻ വാങ്ങുന്നുവെന്ന ആരോപണം മാനംകെടുത്താനാണെന്നും അവർ പറഞ്ഞു. പാലക്കാടോ തൃശ്ശൂരോ അങ്ങനെ ഒരു എംഎൽഎ ഉണ്ടോ എന്ന് താൻ അന്വേഷിച്ചെന്നും, കൃഷ്ണൻ എന്ന് പറയുന്നയാളെ തനിക്ക് അറിയില്ലെന്നും അവർ കൂട്ടിചേർത്തു.

പണത്തിന് വേണ്ടി എന്തും ചെയ്യുന്ന വ്യക്തിയായി തന്നെ ചിത്രീകരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ അവർ, വളരെ വൃത്തികെട്ട രീതിയിലാണ് ഇന്ത്യയിലും പുറത്തുമുള്ള മലയാളികൾ കാണുന്ന യൂട്യൂബ് ചാനലുകൾ ഉപയോഗിച്ച് അധിക്ഷേപം നടത്തുന്നതെന്ന് പറഞ്ഞു. കഴിഞ്ഞ രണ്ടു മൂന്ന് ദിവസമായി മാധ്യമപ്രവർത്തകർ ആരും ഇതിന്റെ വസ്തുത ചോദിക്കാത്തതിനാലാണ് മുന്നോട്ട് വന്നതെന്നും, സംഭവത്തിൽ മാനനഷ്ടക്കേസ് കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു.

തന്റെ ഭർത്താവ് അന്തരിച്ചുവെന്നും അദ്ദേഹം അധ്യാപകനായിരുന്നുവെന്നും ശ്രീമതി വ്യക്തമാക്കി. താനും അധ്യാപികയായിരുന്നുവെന്നും 45 വയസ്സു വരെ സ്കൂളിൽ ആറിലും ഏഴിലും കണക്കും സയൻസും പഠിപ്പിച്ചിട്ടുണ്ടെന്നും അവർ ഓർമ്മിപ്പിച്ചു. തന്നെക്കുറിച്ച് അധ്യാപികയല്ല എന്ന് പ്രചരിപ്പിക്കുന്നതിൽ വിഷമമില്ലെങ്കിലും നിലവിലെ ആരോപണങ്ങൾ വളരെ കടന്നുപോയതിനാലാണ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും സ്പീക്കർക്കും പരാതി നൽകാൻ തീരുമാനിച്ചതെന്ന് അവർ വ്യക്തമാക്കി.