'വെള്ളയിട്ടാലും പറയന്‍, പറയന്‍ തന്നെ'; പൊലീസിന്‍റെ അപമാനം തുറന്ന് പറഞ്ഞ് ഗിന്നസ് റെക്കോര്‍ഡിനുടമയായ കാലാകാരന്‍

By Web TeamFirst Published Jul 17, 2019, 3:36 PM IST
Highlights

മുഖ്യമന്ത്രി, ഡിജിപി, കമ്മീഷണര്‍, ശംഖുമുഖം അസിസ്റ്റന്‍റ് കമ്മീഷണര്‍, പട്ടികജാതി കമ്മീഷന്‍ എന്നിവര്‍ക്ക് സതാഷ് പരാതി നല്‍കി. അതേസമയം, സതീഷിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് വഞ്ചിയൂര്‍ പൊലീസ് പ്രതികരിച്ചു. 

തിരുവനന്തപുരം: പൊതുസ്ഥലത്ത് സിഗരറ്റ് വലിക്കുന്നത് പെറ്റിക്കേസാണ്. 200 രൂപ പിഴയടച്ചാല്‍ മതി. പണം കൈയിലില്ലെങ്കില്‍ പിറ്റേ ദിവസം പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി നല്‍കിയാലും മതി. ഇതൊക്കെയാണ് നടപ്പെങ്കിലും എല്ലാവര്‍ക്കുമങ്ങനെയല്ല. കണ്ടാല്‍ താഴ്ന്ന ജാതിയില്‍പ്പെട്ട ആളാണെങ്കില്‍ പൊലീസ് നിസാര കുറ്റത്തിനും എങ്ങനെയാണ് പെരുമാറുക എന്ന് പറയാനാകില്ല. അതിന്‍റെ ഒടുവിലത്തെ തെളിവാണ് വാദ്യ കലാകാരന്‍ സതീഷ്.

തുടര്‍ച്ചയായി രണ്ട് ദിവസം ചെണ്ട കൊട്ടി ഗിന്നസ് ബുക്കില്‍ ഇടം നേടിയിട്ടുണ്ട് സതീഷ്. എഴുത്തുകാരി ധനുജ കുമാരിയാണ് ഭാര്യ. തിരുവനന്തപുരം നഗരത്തിലെ രാജാജി നഗറിലാണ് താമസം. (ചെങ്കല്‍ചൂളയെ രാജാജിനഗര്‍ എന്ന് സര്‍ക്കാര്‍ പേരുമാറ്റിയെങ്കിലും പൊലീസിന് ഇപ്പോഴും ചെങ്കല്‍ചൂള തന്നെ). ഈ യോഗ്യതയൊന്നും സതീഷിനെ അധിക്ഷേപിക്കുന്നതില്‍നിന്ന് പൊലീസിനെ പിന്തിരിപ്പിക്കാനുള്ള കാരണമായില്ല. ചെങ്കല്‍ചൂള നിവാസി എന്ന ഒറ്റക്കാരണം മാത്രം മതിയായിരുന്നു അവര്‍ക്ക് സതീഷിനെ ജാതീയമായി അധിക്ഷേപിക്കാനും തെറിവിളിക്കാനും.

പൊതുസ്ഥലത്ത് സിഗരറ്റ് വലിച്ച പെറ്റിക്കേസില്‍ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി അടിവസ്ത്രത്തില്‍ നിര്‍ത്തിയെന്നും സതീഷ് ആരോപിച്ചു. വഞ്ചിയൂര്‍ എസ്ഐ സബീറിനെതിരെയാണ് സതീഷ് ആരോപണമുന്നയിച്ചത്. മുഖ്യമന്ത്രി, ഡിജിപി, കമ്മീഷണര്‍, ശംഖുമുഖം അസിസ്റ്റന്‍റ് കമ്മീഷണര്‍, പട്ടികജാതി കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കി.

അതേസമയം, സതീഷിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് വഞ്ചിയൂര്‍ പൊലീസ് പ്രതികരിച്ചു. പൊലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയതിന് സതീഷിനെതിരെ കേസെടുക്കുമ മാത്രമാണ് ചെയ്തതെന്നും പരാതിയില്‍ ആരോപിക്കുന്ന കാര്യം അടിസ്ഥാന രഹിതമാണെന്നും പൊലീസ് പറഞ്ഞു. സതീഷിന്‍റെ ഭാര്യ ധനുജയുടെ 'ചെങ്കല്‍ ചൂളയിലെ എന്‍റെ ജീവിതം' എന്ന പുസ്തകം പ്രശസ്തമായിരുന്നു. ഇവരുടെ മകന് കലാമണ്ഡലത്തില്‍ പ്രവേശനം നല്‍കാത്തതും വിവാദമായിരുന്നു. 

സംഭവത്തെ കുറിച്ച് സതീഷും ധനുജയും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞതിങ്ങനെ: 

രാജാജിനഗറിലെ പട്ടിക ജാതിയില്‍പ്പെട്ട ചെണ്ട കലാകാരനാണ് ഞാന്‍. മുന്‍ എംഎല്‍എ വി ശിവന്‍കുട്ടി ചെയര്‍മാനായ ഹൈനസ് സാംസ്‌കാരിക സമിതിയുടെ സ്ഥാപകനായിരുന്നു. ഈ മാസം 14ന് രാത്രി ഏഴുമണിയോടെക്ഷേത്രത്തില്‍ പരിപാടി അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിച്ച് മടങ്ങുന്ന വഴി തകരപ്പറമ്പ് ഫ്ലൈ ഓവറിന് സമീപം ഞങ്ങള്‍ സഞ്ചരിച്ച ഓട്ടോയുടെ പെട്രോള്‍ തീര്‍ന്നു. എന്‍റെ കൈവശം ആകെയുണ്ടായിരുന്ന 500 രൂപ നല്‍കി ഡ്രൈവറെ പെട്രോള്‍ പമ്പിലേക്കയച്ചു. കാത്തുനില്‍ക്കുന്നതിനിടയില്‍ ഞാനൊരു സിഗററ്റ് വലിച്ചു. ഈ സമയം പൊലീസ് ജീപ്പ് എത്തുകയും സിഗരറ്റ് വലിച്ചതിന് തെറി പറയുകയും ചെയ്തു. 200 രൂപ പിഴയടക്കണം എന്നാവശ്യപ്പെട്ടപ്പോള്‍ കൈയില്‍ പണമില്ലെന്നും ഡ്രൈവര്‍ തിരിച്ചെത്തിയാല്‍ പിഴയടക്കാമെന്നും പറഞ്ഞു. എന്നാല്‍, പൊലീസ് തെറിവിളി തുടര്‍ന്നു.  മറ്റൊരു പൊലീസുകാരന്‍ എന്നെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് പൊലീസ് വാഹനത്തിലേക്ക് കയറ്റി വഞ്ചിയൂര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിലും തെറിവിളി തുടര്‍ന്നു. വലിയ കുറ്റവാളി എന്ന നിലയിലാണ് എന്നെ കൈകാര്യം ചെയ്തത്. വസ്ത്രങ്ങള്‍ അഴിച്ചുവാങ്ങി അടിവസ്ത്രത്തില്‍ നിര്‍ത്തി.   

പട്ടിക ജാതിയില്‍പ്പെട്ട ഒരു കലാകാരനാണ് ഞാനെന്നും ഗിന്നസ് ബുക്കില്‍ പേര് വന്നിട്ടുണ്ടെന്നുമൊക്കെ പറഞ്ഞു നോക്കിയെങ്കിലും എസ്ഐ തെറിവിളി തുടര്‍ന്നു. ചെങ്കല്‍ച്ചൂളക്കാരന്‍ എന്നുപറഞ്ഞായിരുന്നു തെറി. പിന്നീട് ജാതി ചോദിച്ചു. സാംബ സമുദായക്കാരനാണെന്ന് പറഞ്ഞപ്പോള്‍ പറയന്‍, വെള്ളയിട്ടാലും പറയനാണെന്നായിരുന്നു മറുപടി. അവിടെ നിന്നത് കട കുത്തിത്തുറക്കാന്‍ അല്ലേടാ എന്നും എസ് ഐ ചോദിച്ചു. അധിക്ഷേപിക്കരുതെന്ന് പറഞ്ഞപ്പോള്‍ കഴുത്തിന് കുത്തിപ്പിടിച്ചു. മദ്യപിക്കാറില്ലെന്ന് പറഞ്ഞിട്ടും മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി പരിശോധിച്ചതിന് ശേഷമാണ് എന്നെ ജാമ്യത്തില്‍ വിട്ടത്. വിവരിക്കാനാത്ത അപമാനമാണ് പൊലീസ് സ്റ്റേഷനില്‍ നേരിട്ടതെന്നും സതീഷ് പറഞ്ഞു. 

click me!