
തിരുവനന്തപുരം: പരീക്ഷണ ഓട്ടത്തിന് ശേഷം വന്ദേ ഭാരത് എക്സ്പ്രസ് കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്ത് തിരിച്ചെത്തി. 7 മണിക്കൂർ 10 മിനിറ്റുകൊണ്ടാണ് വന്ദേ ഭാരത് എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ വരെ ഓടിയെത്തി. മടക്കയാത്രയിൽ 10 മിനിറ്റ് അധികമെടുത്തു. ഇതേവേഗതയിലാണ് 25 മുതലുള്ള യഥാർത്ഥ സർവീസെങ്കിൽ കേരളത്തിലെ ഏറ്റവും വേഗതയുള്ള ട്രെയിൻ ആയിരിക്കും വന്ദേ ഭാരത്. അതേസമയം രാജധാനി, ജനശതാബ്ധി ട്രെയിനുകളുമായി താരതമ്യം ചെയ്താൽ വലിയ സമയ ലാഭം പല ജില്ലയിലും യാത്രക്കാർക്ക് കിട്ടില്ല.
കേരളം കാത്തിരുന്ന സെമി ഹൈസ്പീഡ് ട്രെയിനിന്റെ പരീക്ഷണ ഓട്ടം പുലർച്ചെ 5.09 നാണ് തലസ്ഥാനത്ത് നിന്ന് തുടങ്ങിയത്. ഇപ്പോൾ
ഓടുന്ന ട്രെയിനുകൾ മിക്കതും എടുക്കുന്ന ഏതാണ്ട് അതേസമയം തന്നെ വേണ്ടിവന്ന് വന്ദേ ഭാരതിനും കൊല്ലത്ത് എത്താൻ 50 മിനിറ്റാണ് എടുത്തത്. ഇപ്പോൾ തിരുവനന്തപുരം, കൊല്ലം ദൂരം ഏറ്റവും കുറഞ്ഞ സമയത്തിൽ ഓടി എത്തുന്നത് നിസാമുദ്ധീൻ എക്സ്പ്രസാണ്, 55 മിനിറ്റ്.
ഇന്ന് വന്ദേ ഭാരത് കോട്ടയത്ത എത്തിയത് 7.28 നാണ്. തിരുവനന്തപുരം, കോട്ടയം സമയം 2 മണിക്കൂർ 19 മിനിറ്റാണ്. ഇപ്പോൾ കേരള എക്സ്പ്രസ് തിരുവനന്തപുരം, കോട്ടയം ഓടിയെത്തുന്ന സമയം 2 മണിക്കൂർ 42 മിനിറ്റാണ്. വന്ദേ ഭാരത് പരീക്ഷണ ഓട്ടത്തിലെ അതെ വേഗതയിലാണ് ഓടുന്നത് എങ്കിൽ കോട്ടയത്തെ യാത്രക്കാർക്ക് കിട്ടാവുന്ന സമയലാഭം 23 മിനിറ്റ് മാത്രം. 3 മണിക്കൂർ 18 മിനിറ്റ് സമയം കൊണ്ട് വന്ദേഭാരത എറണാകുളം നോർത്തിലെത്തി. തിരുവനന്തപുരത്ത് നിന്ന് കയറുന്ന ഒരു യാത്രക്കാരനെ സംബന്ധിച്ച് ആലപ്പുഴ വഴിയുള്ള ജനശതാബ്ധിയിലും രാജധാനിയിലും ഇതേ സമയംകൊണ്ട് ഇതിലും കുറഞ്ഞ ചെലവിൽ എറണാകുളത്ത് എത്താം.
ആലപ്പുഴ വഴി ജനശതാബ്ധി 3 മണിക്കൂർ 18 മിനിറ്റ് കൊണ്ടും രാജധാനി 3 മണിക്കൂർ 15 മിനിറ്റ് കൊണ്ടും എറണാകുളത്ത് എത്തും. എന്നാൽ മലബാർ എക്സ്പ്രസുമായി താരതമ്യം ചെയ്താൽ വന്ദേ ഭാരത്തിൽ രണ്ട് മണിക്കൂർ ഏഴ് മിനിറ്റ് സമയലാഭം കിട്ടും. തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് കോഴിക്കോട് എത്തിയത് 6 മണിക്കൂർ 6 മിനിറ്റ് സമയം കൊണ്ടാണ്. ജനശതാബ്ദി 7 മണിക്കൂർ 01 മിനിറ്റ് കൊണ്ടും മലബാർ എക്സ്പ്രസ് 10 മണിക്കൂർ 02 മിനിറ്റ് കൊണ്ടുമാണ് കോഴിക്കോട് എത്തുന്നത്. ജനശതാബ്ധിയുമായി താരതമ്യം ചെയ്താൽ സമയലാഭം വെറും 55 മിനിറ്റ്.