
പാലക്കാട്: വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബം സഞ്ചരിച്ച വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വഴിക്കടവ് ചുരത്തിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ വാഹനം കണ്ടെത്തിയത്. വാണിയംകുളം കൃഷ്ണകൃപ വീട്ടിൽ ബാബു ഭാസ്കർ, ഭാര്യ രമാദേവി, മകൻ വിഷ്ണു എന്നിവരെ കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് കാണാതായത്. സംഭവത്തിൽ വഴിക്കടവ് പോലീസിന്റെയും ഷൊർണൂർ പോലീസിന്റെയും നേതൃത്വത്തിൽ പ്രദേശത്ത് വ്യാപക തിരച്ചിൽ തുടരുകയാണ്. ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുകയാണെന്ന് അയൽവാസികളോട് പറഞ്ഞാണ് ഇവർ വീട്ടിൽ നിന്ന് പുറപ്പെട്ടത് എന്നാണ് വിവരം.
മൂന്നംഗ കുടുംബത്തെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കളാണ് ഷൊർണൂർ പൊലീസിനെ സമീപിച്ചത്. ഷൊർണൂർ പോലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ വാണിയംകുളത്തുള്ള വീട് കഴിഞ്ഞ നാല് ദിവസമായി പൂട്ടിയിട്ട നിലയിലാണ്. ബന്ധുക്കൾ ഇവരുടെ ഫോണുകളിൽ വിളിച്ചു കിട്ടാതെ ആയതോടെ അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ ഇവരുടെ പിക്കപ്പ് വാഹനം വീട്ടിൽ നിന്നും പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ആ വാഹനത്തിൽ മൂന്നുപേരും പോയതായാണ് സംശയിക്കുന്നത്. പോലീസ് സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചും അന്വേഷിച്ചുവരികയാണ്. ഇവരുടെ കൈവശമുള്ള മൊബൈൽ ഫോണുകൾ എല്ലാം സ്വിച്ച് ഓഫ് ആണ്. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ വീട് സ്ഥിതി ചെയ്യുന്ന പനയൂർ തന്നെയാണ് അവസാന ലൊക്കേഷൻ കാണുന്നതെന്ന് പോലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam