വർക്കലയിലെ തീപിടിത്തം; എല്ലാ മുറികളിലും എസി, പുക പുറത്ത് പോയില്ല, ഇൻറീരിയർ ഡിസൈനും അപകടതോത് കൂട്ടി

Published : Mar 08, 2022, 12:09 PM ISTUpdated : Mar 08, 2022, 04:33 PM IST
വർക്കലയിലെ തീപിടിത്തം; എല്ലാ മുറികളിലും എസി, പുക പുറത്ത് പോയില്ല, ഇൻറീരിയർ ഡിസൈനും അപകടതോത് കൂട്ടി

Synopsis

തീപടർന്നിരുന്ന വീടിനുള്ളിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ നിഹുലിൻ്റെ വായയിൽ നിറയെ കറുത്ത പുകയായിരുന്നു. മുകൾ നിലയിലെ രണ്ട് മുറികൾ പൂർണമായും കത്തി നശിച്ച നിലയിൽ ആണ്. വീട് മുഴുവൻ ഇൻറീരിയൽ ഡിസൈൻ ചെയ്തത് എല്ലാം കത്തിക്കരിഞ്ഞു. 

തിരുവനന്തപുരം: വർക്കലയിൽ തീ പടർന്ന (Varkala Fire Accident) വീട്ടിൽ എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞ് (eight month old boy)ഉൾപ്പെടെ അഞ്ചുപേർ മരിച്ചത് ഞെട്ടലോടെയാണ് കേരളം കേട്ടത്. വീട്ടിലെ എല്ലാ മുറികളിലും പിടിപ്പിച്ച എസിയാണ് വില്ലനായതെന്നാണ് പ്രാഥമിക നിഗമനം. എസി കാരണം വീടിനുള്ളിൽ ഉയർന്ന പുക പുറത്ത് പോയില്ല. ഇൻറീരിയർ ഡിസൈൻ ഘടകങ്ങളും അഗ്നി ബാധയുടെ തോത് കൂട്ടിയെന്നാണ് കണ്ടെത്തൽ. 

അഞ്ച് പേരും മരിച്ചത് പൊള്ളലേറ്റല്ല, മറിച്ച് പുക ശ്വസിച്ചാണെന്ന് (smoke inhalation) ഫയർ ആന്റ് റെസ്ക്യു ഓഫിസർ നൗഷാദ് വ്യക്തമാക്കിയിരുന്നു. തീപിടുത്തം തുടങ്ങി 45 മിനിറ്റിനു ശേഷം ആണ് എല്ലാവരെയും പുറത്തെത്തിക്കാൻ ആയത്. ഫോൺ വിളിച്ച ശേഷവും രണ്ടാമത്തെ മകന് പുറത്തേക്ക് വരാൻ കഴിയാത്തത് കടുത്ത പുക ശ്വസിച്ചതിനെത്തുടർന്നാണെന്നാണ് സംശയം. 

തീപടർന്ന് പുകയാൽ നിറഞ്ഞ വീടിന്റെ അടുക്കള ഭാഗത്തെ വാതിൽ തകർത്താണ് ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥർ അകത്ത് കയറിയത്. വീടിനകത്ത് നിറയെ പുകയായിരുന്നു എന്ന് ആദ്യം കയറിയവർ പറയുന്നുണ്ടായിരുന്നു. തീപടർന്നിരുന്ന വീടിനുള്ളിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ നിഹുലിൻ്റെ വായയിൽ നിറയെ കറുത്ത പുകയായിരുന്നു. മുകൾ നിലയിലെ രണ്ട് മുറികൾ പൂർണമായും കത്തി നശിച്ച നിലയിൽ ആണ്. വീട് മുഴുവൻ ഇൻറീരിയൽ ഡിസൈൻ ചെയ്തത് എല്ലാം കത്തിക്കരിഞ്ഞു. 

തീപിടിക്കാൻ കാരണം ഷോർട്ട് സർക്യൂട്ടാകാമെന്നാണ് പ്രാഥമിക നി​ഗമനം. വീട്ടിനുള്ളിൽ പെട്ട്രോൾ മണ്ണെണ്ണ പോലുള്ള ഇന്ധനങ്ങളുടെ സാന്നിധ്യം നിലവിൽ കണ്ടെത്തിയിട്ടില്ല. മരിച്ചവരുടെ ആരുടെയും വസ്ത്രങ്ങൾ കത്തിയിട്ടില്ല. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ , എസി ഉൾപ്പെടെ എല്ലാം കത്തി നശിച്ചു.

വീടിന്റെ താഴത്തേയും മുകളിലെയും നിലയിലെ ഹാൾ പൂർണമായി കത്തി നശിച്ചു. ഫൊറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയൂവെന്നും റേഞ്ച് ഐ ജി ആർ.നിശാന്തിനിയും പറഞ്ഞു. മരണ കാരണം കണ്ടെത്താൻ വിശദ അന്വേഷണത്തിന് തീരുമാനിച്ചിട്ടുണ്ട്. റേഞ്ച് ഐ ജി ആർ.നിശാന്തിനിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

1.15-ന് തന്നെ തീ കത്തുന്നതായി സി സി ടി വി ദൃശ്യങ്ങളിലുണ്ട്. എല്ലാ വശങ്ങളും പരിശോധിക്കും, വിശദമായ അന്വേഷണം നടത്തുമെന്നും റേഞ്ച് ഐ ജി ആർ.നിശാന്തിനി പറഞ്ഞു. അതേസമയം തീ പടർന്ന വീട്ടിൽ നിന്ന് പുറത്തേക്ക് വന്ന നിഹുൽ ഇപ്പോൾ അതീവ ​ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണ്. തീ പടർന്നത് വീടിന്റെ അകത്ത് നിന്നാണെന്ന് സംശയം. അഭിരാമിയുടെയും കുഞ്ഞിൻ്റെയും മൃതദേഹം കിടന്നത് മുകൾനിലയിലെ മുറിയിലെ ബാത്റൂമിൽ ആയിരുന്നു. ഇളയമകൻ അഹിലിൻ്റെ മൃതദേഹം മുകളിലത്തെ നിലയിലെ മറ്റൊരു മുറിയിൽ ആണ്. പ്രതാപന്റേയും ഷേർലിയുടെയും മൃതദേഹം കിടന്നത് താഴത്തെ മുറിയിൽ ആണെന്നും ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥർ പറയുന്നു. 

പോർച്ചിൽ നിർത്തിയിട്ട നാല് ബൈക്കുകൾ പൂർണമായി കത്തി. ഒരു ബുള്ളറ്റ് ഭാഗികമായി കത്തി.ഒരു സ്കൂട്ടറും രണ്ട് കാറുകളും കത്താതെ വീടിന്റെ മറ്റൊരു വശത്ത് ഉണ്ടായിരുന്നു. പുലർച്ചെ 1.20ഓടെ തീകത്തി തുടങ്ങി. 1.40 ഓടെയാണ് പ്രതാപന്റെ വീടിന്റെ കാർ പോർച്ചിൽ തീ പടരുന്നത് അയൽവാസികൾ കണ്ടത്. നിലവിളിച്ച് വീട്ടുകാരെ ഉണർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ തൊട്ടടുത്ത വീട്ടിലെ കുട്ടി നിഹുലിനെ ഫോണിൽ വിളിച്ചു. ഫോൺ എടുത്ത് സംസാരിച്ച നിഹുൽ പക്ഷേ ആ സമയത്ത് പുറത്തേക്കിറങ്ങിയിരുന്നില്ല. ഇതിനിടെ നാട്ടുകാരെത്തി ഫയർഫോഴ്സിനെ അറിയിച്ച് രക്ഷാ പ്രവർത്തനം തുടങ്ങുന്നതിനിടെ നിഹുൽ പുറത്തേക്ക് വരികയായിരുന്നു. ​

ചെറുന്നിയൂർ ബ്ലോക്ക് ഓഫിസിന് സമീപം ആണ് വീടിന് തീപിടിച്ച് വീട്ടുടമസ്ഥൻ ബേബിേ എന്ന പ്രതാപൻ(62), ഭാര്യ ഷെർലി(53), ഇവരുടെ മകൻ അഹിൽ(25), മരുമകൾ അഭിരാമി(24), നിഹുലിന്റേയും അഭിരാമിയുടെയും എട്ട് മാസം പ്രായമുള്ള ആൺ കുഞ്ഞ് എന്നിവർ ആണ് മരിച്ചത്.

വർക്കല പുത്തൻ ചന്തയിലെ പച്ചക്കറി മൊത്ത വ്യാപാരിയാണ് പ്രതാപൻ. പ്രതാപന് മൂന്ന് ആൺ മക്കളാണ് ഉള്ളത്. ഇതിൽ മൂത്ത മകൻ അഖിൽ വിദേശത്താണ്. മരണ വിവരം മൂത്ത മകനെ അറിയിച്ചിട്ടുണ്ട്. മൂത്ത മകൻ അഖിലും കുടുംബവും ഇന്ന് തന്നെ എത്തുമെന്നാണ് വിവരം. അതിനുശേഷമാകും സംസ്കാര ചടങ്ങുകൾ അടക്കം നടക്കുക. മരിച്ച അഹിലും ​ഗുരുതരമായി പൊള്ളലേറ്റ നിഹുലും പ്രതാപന്റെ പച്ചക്കറി മൊത്ത വ്യാപാരത്തിൽ പങ്കാളികളായിരുന്നു.

വൻ ദുരന്തം ഉണ്ടായതോടെ റൂറൽ എസ് പി ദിവ്യ ​ഗോപിനാഥ് അടക്കം സംഭവ സ്ഥലത്തെത്തി. ഇൻക്വസ്റ്റ് തയാറാക്കി പോസ്റ്റുമോർട്ടവും നടത്തിയശേഷമാകും സംസ്കാരം. ​ഗുരുതരമായി പൊള്ളലേറ്റ് ചികിൽസയിലുള്ള നിഹിലിൽ നിന്ന് മൊഴി എടുത്താൽ മാത്രമേ എന്താണ് സംഭവിച്ചത് എന്നതിൽ വ്യക്തത വരികയുള്ളൂ. പച്ചക്കറി മൊത്ത വ്യാപാരം നടത്തുന്ന പ്രതാപനെ കുറിച്ചും വീട്ടുകാരെ കുറിച്ചും നാട്ടുകാർക്ക് നല്ലതേ പറയാനുള്ളു. എല്ലാവരേയും സഹായിക്കുന്ന ആളായിരുന്നു പ്രതാപനെന്ന് നാട്ടുകാർ പറയുന്നു. സാമ്പത്തികമായി മികച്ച നിലയിലുള്ള കുടുംബമായിരുന്നു പ്രതാപന്റേതെന്നും നാട്ടുകാർ പറയുന്നുണ്ട്. പിഞ്ചുകുഞ്ഞടക്കം വെന്തുമരിച്ച അതിദാരുണ സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ. അവർ ഇപ്പോഴും ആ ഭയത്തിൽ നിന്ന് മോചിതരായിട്ടില്ല.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ആനന്ദബോസിന്‍റെ ആരോപണം പ്രശസ്തിക്ക് വേണ്ടി, എൻഎസ്എസ് ആസ്ഥാനത്ത് ആർക്കും വരാം, വരേണ്ട രീതിയിൽ വരണം': ജി സുകുമാരൻ നായർ
കൗമാര കലാമേള കൊടിയിറങ്ങുന്നു; കലോത്സവ നടത്തിപ്പിൽ കാതലായ മാറ്റമുണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി, അഭിനന്ദനവുമായി പ്രതിപക്ഷ നേതാവ്