
മലപ്പുറം: വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സംസ്ഥാന പാത ഉപരോധിച്ച് സമരം ചെയ്യുന്ന കോൺഗ്രസ് പ്രവർത്തകർക്കെതിരെ രൂക്ഷ പ്രതികരണവുമായി സിപിഎം പിബി അംഗം എ വിജയരാഘവൻ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയമായി മറ്റൊന്നും ഉന്നയിക്കാനില്ലാത്തത് കൊണ്ടാണ് കോൺഗ്രസ് ഇത് ആയുധമാക്കുന്നത്. ഈ നിലയിൽ വന്യജീവി പ്രശ്നം ഉണ്ടാകാൻ കാരണം കോൺഗ്രസുണ്ടാക്കിയ നിയമവും അതിനെ കൂടുതൽ ശക്തിപ്പെടുത്തിയ ബിജെപി നിലപാടുമാണെന്ന് വിജയരാഘവൻ കുറ്റപ്പെടുത്തി. നടന്നത് കുറ്റകൃത്യമെന്നായിരുന്നു ഇടത് സ്ഥാനാർത്ഥി എം സ്വരാജിൻ്റെ പ്രതികരണം.
‘സ്വന്തം രാഷ്ട്രീയം തകരുമ്പോഴാണ് ഇത്തരം അപകടങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത്. സംഭവിച്ചത് ദുഖകരമായ അപകടമാണ്. തെരഞ്ഞെടുപ്പ് വന്നതുകൊണ്ട് രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. സംസ്ഥാന സർക്കാരിൻ്റെ പരിധിയിൽ വരുന്ന കാര്യമല്ല ഇത്. സംസ്ഥാനത്തിന് ചെയ്യാനാവുന്നതെല്ലാം സർക്കാർ ചെയ്യുന്നുണ്ട്. എന്നാൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരാണ്.’
‘നിലവാരമില്ലാത്ത രാഷ്ട്രീയം സ്ഥിരമായി കൈകാര്യം ചെയ്യുന്ന പാർട്ടിയാണ് കോൺഗ്രസ്. സ്വന്തമായി രാഷ്ട്രീയ നിലപാടില്ലാത്തവരാണ് കോൺഗ്രസ്. അപകടമുണ്ടായാൽ ഉത്തരവാദി സർക്കാരല്ല. സർക്കാർ സ്പോൺസേർഡ് കൊലപാതകമെന്നത് ആര്യാടൻ ഷൗക്കത്തിൻ്റെ മോശമായ പെരുമാറ്റം. തെരഞ്ഞെടുപ്പുണ്ടായത് കൊണ്ട് മാത്രമാണ് ഈ സമരവുമായി വന്നത്. തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള സമരമാണ് കോൺഗ്രസിൻ്റേത്. അപകടമാണ് സംഭവിച്ചത്. രാഷ്ട്രീയമായ ലാഭത്തിന് വേണ്ടി എളുപ്പവിദ്യ അന്വേഷിക്കുന്നവരുടെ മൃഗീയ വൈകാരികതയാണിത്. കാടിൻ്റെ നിയമം ഉണ്ടാക്കിയത് കോൺഗ്രസാണ്. അതിനെ ശക്തിപ്പെടുത്തിയത് ബിജെപിയാണ്. സംസ്ഥാന സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള കാര്യമല്ല ഇത്.’ അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam