
മലപ്പുറം: വഴിക്കടവ് അപകടത്തിൽ വനം മന്ത്രി എകെ ശശീന്ദ്രൻ ഉന്നയിച്ച ഗൂഢാലോചന ആരോപണം പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പത്താം ക്ലാസ് വിദ്യാർത്ഥി മരിക്കാനിടയായ സംഭവത്തിൽ പിടിയിലായ പ്രതിയുടെ ഫോൺ കോളടക്കം പരിശോധിക്കണം. അപകടത്തിനും മുൻപും ശേഷവും പ്രതി ആരെയൊക്കെ വിളിച്ചെന്നതിൽ വ്യക്തത വരണം. അപകടം നടന്ന സ്ഥലത്തെ പഞ്ചായത്തംഗം യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഉറ്റസുഹൃത്താണെന്നും അദ്ദേഹം ആരോപിച്ചു.
'സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ കിട്ടിയല്ലോ. ഇനി പ്രതിയുടെ ഫോൺ കോളടക്കം പരിശോധിച്ച് ഗൂഢാലോചനയിൽ വ്യക്തത വരുത്തണം. ഒന്നും കിട്ടാതിരിക്കുമ്പോൾ വീണുകിട്ടിയ അവസരം പോലെ ഈ സംഭവത്തെ ഉപയോഗിക്കുകയാണ് പ്രതിപക്ഷം. അതുകൊണ്ടുതന്നെ ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് സംശയമുണ്ട്. കെഎസ്ഇബിക്കല്ല ഉത്തരവാദിത്തം. വൈദ്യുതി കട്ടെടുത്ത് അപകടമുണ്ടാക്കാൻ ബോധപൂർവം ശ്രമിച്ചു. അതിനെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണ് നടത്തിയത്. പന്നിയെ പിടിക്കാൻ വേണ്ടി മാത്രമായിട്ട് ഇങ്ങനെയൊരു കെണി വെക്കണോ? ഇത് കർഷകരുടെ പ്രശ്നവുമായി ബന്ധമുള്ളതല്ല. ഇത് ഫെൻസിങുമായി ബന്ധമുള്ളതല്ല,' അദ്ദേഹം പറഞ്ഞു.
സ്ഥലം പഞ്ചായത്ത് മെമ്പർ യുഡിഎഫ് സ്ഥാനാർത്ഥിയുടെ അടുത്ത സുഹൃത്താണ്. സംഭവം ഉണ്ടായ ഉടനെ വിഷയത്തിൽ സമരവും പ്രക്ഷോഭവും യുഡിഎഫ് ആരംഭിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ഇതിന് മുൻപ് അവിടെ അത്തരം സംഭവമുണ്ടായപ്പോൾ ഒരാളും തിരിഞ്ഞ് നോക്കിയില്ലെന്ന് നാട്ടുകാർ തന്നെ പറയുന്നു. അതിനാൽ തന്നെ ഇപ്പോഴത്തെ സംഭവം പരിശോധിക്കണം. പ്രതിയുടെ ഫോൺ കോൾ പരിശോധിച്ചാൽ ആരോടൊക്കെ ബന്ധപ്പെട്ടെന്ന് വ്യക്തമാകും. ജയിക്കാൻ എന്തും ചെയ്യുന്ന കൂട്ടരാണ് പ്രതിപക്ഷമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam