'പാർട്ടിയിലേത് ജേഷ്ഠൻ- അനുജൻ പരിഭവം, ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പാർട്ടി അവിഭാജ്യ ഘടകം': വിഡി സതീശൻ

By Web TeamFirst Published Sep 4, 2021, 12:24 PM IST
Highlights

'പാർട്ടിയിൽ ജേഷ്ഠ അനുജന്മാർ തമ്മിൽ പരിഭവം ഉണ്ടാകും. അത് പക്ഷേ ശത്രുക്കൾ അറിയാതെ നോക്കണം'. 

തൃശൂർ: ഇടഞ്ഞുനിൽക്കുന്ന ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കമുള്ള മുതിർന്ന നേതാക്കളെ അനുനയിക്കാൻ വിഡി സതീശൻ. ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മാറ്റി നിർത്താൻ കേരളത്തിലെ കോൺഗ്രസിന് കഴിയില്ലെന്ന് അദ്ദേഹം തൃശൂരിൽ പറഞ്ഞു.

"ഉമ്മൻചാണ്ടിയും ചെന്നിത്തലയും പാർട്ടിയുടെ അവിഭാജ്യ ഘടകങ്ങളാണ്. എല്ലാവരെയും ചേർത്തു കൊണ്ട് തന്നെയാകണം കോൺഗ്രസ് മുന്നോട്ട് പോകേണ്ടത്. പാർട്ടിയിൽ ജേഷ്ഠ അനുജന്മാർ തമ്മിൽ പരിഭവം ഉണ്ടാകും. അത് പക്ഷേ ശത്രുക്കൾ അറിയാതെ നോക്കണം. പ്രശ്നങ്ങൾ എല്ലാവർക്കും ഉണ്ടാകും. അവരുടെ സ്ഥാനത്തു നിന്നു ചിന്തിച്ചാലേ പ്രശ്ന പരിഹാരം നടക്കുകയുള്ളു". കെപിസിസി പ്രസിഡന്റിന്റെ വാക്കാണ് കേരളത്തിലെ കോൺഗ്രസിൽ അവസാന വാക്കെന്ന പ്രയോഗം സംഘടന ബോധം ഉള്ളത് കൊണ്ടാണെന്നും തന്റെ വാക്കുകൾ പലരും വളച്ചൊടിച്ചുവെന്നും സതീശൻ കുറ്റപ്പെടുത്തി. 

"കോൺഗ്രസിന്രെ സംഘടന പ്രവർത്തന ശൈലിയിൽ മാറ്റം വേണം. മാറ്റത്തിന്റെ തുടക്കം ആണിപ്പോഴുള്ളത്. അതു ധർഷ്ട്യത്തിന്റെയോ ധിക്കാരത്തിന്റയോ ഭാഷയിലല്ല. ജനങ്ങൾ എങ്ങനെ ചിന്തിക്കുന്നു എന്ന് അറിഞ്ഞാകണം പ്രവർത്തിക്കേണ്ടത്. കോൺഗ്രസിന്റെ നിലപാടുകളിൽ കൃത്യത വേണം. അത് വി.ഡി സതീശനോ സുധാകരാണോ മാത്രം എടുക്കുന്നതല്ലെന്നും പാർട്ടി ഒറ്റക്കെട്ടായി എടുക്കുന്ന തീരുമാനം എല്ലാവർക്കും ബാധകമാണെന്നും സതീശൻ കൂട്ടിച്ചേർത്തു. സംഘടന ഇല്ലാതെ അധികാരമോ വിജയമോ പ്രവർത്തനമോ നടക്കില്ല". തിരഞ്ഞെടുപ്പ് പരാജയം മാത്രമല്ല വിജയവും നമ്മൾ പരിശോധിക്കണം 2019 ലെ തിരഞ്ഞെടുപ്പ് വിജയം നമ്മൾ പരിശോധിക്കണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

click me!