
വടകര: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശ യാത്രക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പരിഹാസം. ഇടത് ഇല്ലെങ്കിൽ ഇന്ത്യ ഇല്ലെന്ന് പറഞ്ഞു നടന്ന പിണറായി വിജയൻ ഇടതുപക്ഷം മത്സരിക്കുന്ന മറ്റു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയിട്ടില്ലെന്ന് ചൂണ്ടികാട്ടിയാണ് പരിഹാസം തൊടുത്തുവിട്ടത്. ത്രിപുരയിൽ പോലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്ത പിണറായി സിംഗപ്പൂർ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പോയതായിരിക്കുമെന്നാണ് സതീശൻ പരിഹസിച്ചത്.
സി പി എമ്മും ബി ജെ പിയും തമ്മിൽ അന്തർധാര അല്ല, ഇപ്പൊൾ ബിസിനസ് പങ്കാളികളായിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. വടകരയിൽ ഷാഫിക്കെതിരായ പ്രചരണങ്ങൾക്കെതിരായി യു ഡി എഫ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗത്തിലാണ് സതീശൻ ഇക്കാര്യങ്ങൾ പറഞ്ഞത്. അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്ന ചൊല്ല് പോലെ ആണ് സി പി എമ്മിന്‍റെ ഇപ്പോഴത്തെ അവസ്ഥ. തെരഞ്ഞെടുപ്പിലെ പരാജയ ഭീതി കൊണ്ടുള്ള ദുഷ് പ്രചാരണമാണ് ഷാഫിക്കെതിരെ നടക്കുന്നത്. വടകരയിൽ വലിയ ഭൂരിപക്ഷത്തിൽ എൽ ഡി എഫ് തോൽക്കും. സംസ്ഥാനത്ത് വലിയ രീതിയിൽ ഉള്ള പിന്തുണ ഷാഫിക്ക് വടകരയിൽ കിട്ടിയെന്നും സതീശൻ അഭിപ്രായപ്പെട്ടു.
ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും എൽ ഡി എഫ് വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. ഇത് അടുത്ത നിയമ സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ്. വർഗീയത പറയുന്ന ബി ജെ പിയും വടകരയിലെ സി പി എമ്മും തമ്മിൽ ഒരു വ്യത്യാസവും ഇല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വർഗീയ വിവേചനം ഉണ്ടാക്കിയാൽ നേട്ടം സി പി എമ്മിന് ആയിരിക്കില്ലെന്നും അത് മുതലെടുക്കാൻ വർഗീയ കക്ഷികൾ ഉണ്ടെന്ന് സി പി എം ഓർക്കണമെന്നും സതീശൻ കൂട്ടിച്ചേർത്തു. ഒരു വർഗീയ കക്ഷികളുടെയും വോട്ട് യു ഡി എഫിന് വേണ്ട. സി പി എമ്മുകാർ വടകരയിൽ ഷാഫിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം വോട്ട് എണ്ണുമ്പോൾ സി പി എമ്മിന് മനസിലാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam