
തിരുവനന്തപുരം: സിവിക് ചന്ദ്രനെതിരായ പീഡനക്കേസില്‍ അതിജീവിതയ്ക്ക് എതിരായ കോടതിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോടതിയുടെ പരാമര്‍ശങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും ഏത് കാലത്താണ് ഈ ജഡ്ജി ജീവിക്കുന്നതെന്നും വിഡി സതീശന്‍ ചോദിച്ചു. മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'നീതി കൊടുക്കേണ്ട സ്ഥാപനങ്ങള്‍ ഇങ്ങനെ ചെയ്താല്‍ നീതിതേടി മനുഷ്യര്‍ എവിടേക്ക് പോകും. ഏത് കാലത്താണ് ഈ ജഡ്ജി ജീവിക്കുന്നത്? പത്തൊമ്പതാം നൂറ്റാണ്ടിലെ സ്പെയിനിലാണോ, അതോ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പട്ടികജാതി വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനും അവര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും വേണ്ടി പാര്‍ലമെന്റ് പാസാക്കിയ ഗൗരവതരമായ നിയമത്തെ ജുഡീഷ്യറി ചവിട്ടിയരയ്ക്കുന്ന കാഴ്ചയാണ് കോടതി പരാമര്‍ശത്തില്‍ കണ്ടതെന്നും ദൗര്‍ഭാഗ്യകരമായ പരാമര്‍ശത്തില്‍ ഹൈക്കോടതി ഇടപെടുമെന്നാണ് പ്രത്യാശിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം സിവിക് ചന്ദ്രൻ കേസില്‍ അതിജീവിതയ്‍ക്കെതിരായ കോടതി പരാമർശത്തിൽ ദേശീയ വനിതാ കമ്മീഷനും രംഗത്തെത്തിയിട്ടുണ്ട്. കോടതിയുടെ പരാമർശങ്ങൾക്കെതിരെ നിയമ നടപടിക്ക് ആലോചിക്കുകയാണ് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ വ്യക്തമാക്കി. റിട്ട് പെറ്റീഷൻ ഫയൽ ചെയ്യുന്നതും പരിഗണിക്കുന്നുണ്ട്. സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നല്‍കി കോഴിക്കോട് സെഷൻസ് കോടതി നടത്തിയ പരാമർശങ്ങളെ കമ്മീഷൻ അപലപിച്ചു. കോടതിയുടെ പരാമശങ്ങള്‍ അതീവ ദൗർഭാഗ്യകരമെന്ന് രേഖ ശർമ പറഞ്ഞു. വിധിയിലെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ കോടതി അവഗണിച്ചുവെന്നും രേഖ ശർമ കുറ്റപ്പെടുത്തി. കോടതി പരാമർശങ്ങള്‍ക്കെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് വിഷയത്തില്‍ ദേശീയ വനിത കമ്മീഷനും പ്രതികരിക്കുന്നത്.
ആരോഗ്യ മന്ത്രി വീണാ ജോര്‍ജും കോടതി വിധിക്കെതിരെ രംഗത്ത് വന്നു. സിവിക് ചന്ദ്രനെതിരായ പീഡന കേസിലെ കോടതി വിധി ദൗർഭാഗ്യകരമെന്നും കോടതി വിധി സ്ത്രീവിരുദ്ധമാണെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. പൊതു സമൂഹം കോടതികളെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. ഇങ്ങനെയുള്ള വിധികൾ ആ പ്രതീക്ഷയ്ക്ക് എതിരാണെന്നും മന്ത്രി വീണ ജോര്‍ജും കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam