'ഹാലിളകിയ അണികളെ നേതാക്കൾ പറഞ്ഞ് ബോധ്യപ്പെടുത്തണം'; സിപിഎമ്മിന് ധാർഷ്ട്യമെന്ന് സതീശൻ

By Web TeamFirst Published Jan 23, 2022, 10:46 PM IST
Highlights

സിപിഐ നേതാക്കൾ എന്തെങ്കിലും പ്രതികരിച്ചോ എന്നറിയില്ലെന്നും പ്രതികരിച്ചിട്ടുണ്ടെങ്കിൽ നല്ലതാണെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. എന്തും ചെയ്യുമെന്ന ധിക്കാരവും ധാർഷ്ട്യവുമാണ് സിപിഎമ്മിന് ഇപ്പോഴുള്ളത്. തുടർഭരണം നാടൊട്ടുക്കും അക്രമം അഴിച്ചു വിടാനുള്ള അധികാരമല്ല

തിരുവനന്തപുരം: പത്തനംതിട്ട കൊടുമണ്ണിൽ സിപിഐ നേതാക്കളെ (CPI Leaders) ഡിവൈഎഫ്ഐ പ്രവർത്തകർ (DYFI Workers) റോഡിലിട്ട് മർദിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (V D Satheesan). മർദ്ദന ദൃശ്യങ്ങൾ ഭീതിപ്പെടുത്തുന്നതാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മന്ത്രിമാർ അടക്കമുള്ള സിപിഐ നേതാക്കൾ എന്തെങ്കിലും പ്രതികരിച്ചോ എന്നറിയില്ലെന്നും പ്രതികരിച്ചിട്ടുണ്ടെങ്കിൽ നല്ലതാണെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

എന്തും ചെയ്യുമെന്ന ധിക്കാരവും ധാർഷ്ട്യവുമാണ് സിപിഎമ്മിന് ഇപ്പോഴുള്ളത്. തുടർഭരണം നാടൊട്ടുക്കും അക്രമം അഴിച്ചു വിടാനുള്ള അധികാരമല്ല. എതിർ ശബ്ദങ്ങൾ ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്ന് ഹാലിളകി നടക്കുന്ന അണികളെ ഉത്തരവാദിത്തമുള്ള സിപിഎം നേതാക്കൾ പറഞ്ഞു മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

വി ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഈ ദൃശ്യങ്ങൾ ഭീതിപ്പെടുത്തുന്നതാണ്. ഒരു കൂട്ടം ജനാധിപത്യ വിരുദ്ധർ രാഷ്ട്രീയ എതിരാളികളെ തല്ലിച്ചതയ്ക്കുന്നതല്ല. മറിച്ച് ഇടതു മുന്നണിയിലെ രണ്ടാം കക്ഷിയായ CPI യുടെ പ്രാദേശിക നേതാക്കളെ ഒന്നാം കക്ഷിയായ CPM പ്രവർത്തകർ ക്രൂരമായി ആക്രമിക്കുന്നതാണ്. പത്തനംതിട്ട അങ്ങാടിക്കലിൽ നടന്ന ഈ സംഭവം ഉച്ച മുതൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 
മന്ത്രിമാർ അടക്കമുള്ള CPI നേതാക്കൾ എന്തെങ്കിലും പ്രതികരിച്ചോ എന്നറിയില്ല. പ്രതികരിച്ചിട്ടുണ്ടെങ്കിൽ നല്ലത്. 
എം.ജി യൂണിവേഴ്സിറ്റിയിലെ AISF വനിതാ നേതാവിനെ SFI ക്കാർ ലൈംഗികമായി അതിക്രമിക്കുകയും ജാതീയമായി ആക്ഷേപിക്കുകയും ചെയ്തെന്നു പരാതി നൽകിയിട്ട് പോലും ആരെയും അറസ്റ്റ് ചെയ്തില്ല. CPI നേതാക്കൾ മൗനമായിരുന്നപ്പോൾ നിയമസഭയിൽ ഉൾപ്പെടെ ശക്തമായി പ്രതികരിച്ചത് UDF ആണ്. ആ മൗനം നിങ്ങൾ ഇപ്പോഴും തുടരരുത്. അത് ജനാധിപത്യ വിരുദ്ധർക്കുള്ള ലൈസൻസാകും. അക്രമ രാഷ്ട്രീയത്തെ പിന്തുണയ്ക്കലാകും.
എന്തും ചെയ്യുമെന്ന ധിക്കാരവും ധാർഷ്ട്യവുമാണ് CPM ന്. തുടർഭരണം നാടൊട്ടുക്കും അക്രമം അഴിച്ചു വിടാനുള്ള അധികാരമല്ല. ബംഗാളിലെ ഭരണത്തിന്റെ അവസാന കാലത്ത് ആയുധമെടുത്ത് ഗുണ്ടകൾക്കൊപ്പം അഴിഞ്ഞാടുകയായിരുന്നു അവിടുത്ത  CPM. അതേ മാതൃക കേരളത്തിലും ആവർത്തിക്കാമെന്ന് കരുതണ്ട. CPM ന്റെ കൊലവിളി രാഷ്ട്രീയത്തിനെതിരെ ജനാധിപത്യപരമായി സാധ്യമായ എല്ലാ പ്രതിരോധവും തീർക്കും. 
എതിർ ശബ്ദങ്ങൾ ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്ന് ഹാലിളകി നടക്കുന്ന അണികളെ ഉത്തരവാദിത്തമുള്ള CPM നേതാക്കൾ പറഞ്ഞ് ബോധ്യപ്പെടുത്തണം.

click me!