
തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ആശാവർക്കർമാരുടെ ആവശ്യത്തിൽ തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സെക്രട്ടറിയേറ്റിന് മുന്നിൽ ആശ വർക്കർമാർ നടത്തിയ സമര പ്രതിജ്ഞാ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറിയേറ്റിന് മുന്നിൽ 266 ദിവസം നീണ്ടുനിന്ന ആശാ വർക്കർമാരുടെ രാപ്പകൽ സമരത്തിനാണ് ഇതോടെ സമാപനമായത്. സമരം ജില്ലാതലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ആശാ വർക്കർമാർ അറിയിച്ചിരുന്നു. ആശാ വർക്കർമാരുടെ സമര പന്തലിലേക്ക് രാഹുൽ മാങ്കൂട്ടത്തിലും എത്തിയിരുന്നു.
ഓണറേറിയം 21000 രുപയായി വർദ്ധിപ്പിക്കുകയും വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപ അനുവദിക്കുകയും ചെയ്യുന്നത് വരെ പ്രാദേശിക തലങ്ങളിൽ സമരം തുടരാനാണ് തീരുമാനം. സമരം ഒരു വർഷം തികയുന്ന 2026 ഫെബ്രുവരി 10ന് തിരുവനന്തുപുരത്ത് മഹാ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. ആശമാരുടെ ഓണറേറിയം 1000 രൂപ പ്രഖ്യാപിച്ചത് നേട്ടമാണെന്ന് വിലയിരുത്തിയാണ് സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം അവസാനിപ്പിച്ചത്.