'സുരേഷ് ഗോപിക്ക് വേണ്ടി അടിമപ്പണി ചെയ്യുന്ന എൽഡിഎഫ് മേയ‍ർ, സംഘപരിവാർ പ്രശംസ ബിജെപിയെ സഹായിക്കാൻ'; ടിഎൻ പ്രതാപൻ

Published : Nov 01, 2025, 12:31 PM IST
TN Prathapan

Synopsis

സുരേഷ് ഗോപിക്ക് വേണ്ടി ഇതുപോലെ അടിമപ്പണി ചെയ്യുന്ന ഒരാളെ മേയർ സ്ഥാനത്ത് വെച്ചുവാഴിക്കുന സിപിഐഎം എന്ത് വിശദീകരണമാണ് നൽകുന്നത് എന്നറിയാൻ ആഗ്രഹമുണ്ട്- പ്രതാപൻ ചോദിക്കുന്നു.

തൃശൂർ: കോര്‍പ്പറേഷന്റെ വികസനത്തിന് എംപിയായി ഇരുന്ന കാലത്ത് സഹായിച്ചില്ലെന്ന തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എംകെ വര്‍ഗീസിന്‍റെ പ്രസ്താവനക്ക് മറുടിയുമായി ടിഎൻ പ്രതാപൻ. എൽഡിഎഫ് മേയറുടെ സംഘപരിവാർ പ്രശംസ ബിജെപിയുമായി ഉണ്ടാക്കിയ ഡീലിന്റെ ഒരു പ്രതിഫലനം ആണ്. 2019 മുതൽ 2025 വരെ 3, 57,72000  രൂപയുടെ വികസന പ്രവർത്തനങ്ങളാണ് തൃശൂർ കോർപറേഷൻ പരിധിയിൽ എന്റെ എംപി ഫണ്ടിൽ നിന്ന് വിനിയോഗിച്ചതെന്ന് പ്രതാപൻ ഫേസ്ബുക്കിൽ കുറിച്ചു. തൃശൂര്‍ എംപിയായിരിക്കുന്ന കാലത്ത് ടിഎന്‍ പ്രതാപന്‍ കോര്‍പ്പറേഷന്റെ വികസനത്തിന് ഒരു രൂപ പോലും തന്നില്ലെന്നും അതേസമയം ഇവിടുത്തെ എംപി അല്ലാത്ത കാലത്താണ് കോര്‍പ്പറേഷന്റെ വികസനത്തിന് സുരേഷ് ഗോപി ഒരു കോടി രൂപ നല്‍കിയതെന്നും എംകെ വര്‍ഗീസ് പറഞ്ഞിരുന്നു. 

ടിഎൻ പ്രതാപൻ ഒരു രൂപ പോലും കോർപറേഷന് നൽകിയില്ലെന്നാണ് മേയർ പറയുന്നത്. എന്തിനാണ് ഈ പച്ചനുണ പറയുന്നത് എന്നറിയാമോ? "ഈ കോർപറേഷൻ അങ് തരണം" എന്ന സുരേഷ്‌ഗോപിയുടെ ഇലക്ഷൻ പ്രചാരണത്തിന് സഹായം നൽകാനാണ്. "സുരേഷ് ഗോപി എംപിയായ ഉടനെ ഫണ്ട്" തന്നു എന്നാണ് മേയർ പറയുന്നത്. മേയർക്ക് ആർഎസ്എസുകാർ വല്ല കൈവശവും കൊണ്ടുവന്നു തരുന്നുണ്ടെങ്കിൽ ആ കണക്ക് കൃത്യമായി പറയണം. എംപി ഫണ്ടിന്റെ വിഷയമായി അത് അവതരിപ്പിക്കുന്നത് വിവരക്കേടും അല്പത്തരവുമാണ്. സുരേഷ് ഗോപിക്ക് വേണ്ടി ഇതുപോലെ അടിമപ്പണി ചെയ്യുന്ന ഒരാളെ മേയർ സ്ഥാനത്ത് വെച്ചുവാഴിക്കുന സിപിഐഎം എന്ത് വിശദീകരണമാണ് നൽകുന്നത് എന്നറിയാൻ ആഗ്രഹമുണ്ട്- പ്രതാപൻ ചോദിക്കുന്നു.

ഈ മേയർ എൽഡിഎഫിന്റെ മേയറായി ഇരുന്ന് തൃശൂർ കോർപറേഷനിൽ ബിജെപിക്ക് വേണ്ടി പ്രചരണം നടത്തുന്നതല്ലേ കാണുന്നത്. വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ ബിജെപിക്ക് സിപിഐഎം സംഭാവന ചെയ്യുന്ന സ്ഥാനാർത്ഥിയാണ് മേയർ എന്ന കാര്യം അങ്ങാടിപ്പാട്ടാണ്. പിണറായി-രാജീവ് ചന്ദ്രശേഖർ ഡീലിന്റെ ഒരു ചെറിയ ഭാഗമാണിതെന്നും ടിഎൻ പ്രതാപൻ ആരോപിച്ചു. 

കോർപ്പറേഷന്റെ സ്വന്തം അധികാരത്തിലും ആസ്തിയിലും ഉൾപ്പെട്ട പദ്ധതികളിലെ പലതിന്റെയും നിർമ്മാണ ഉദ്ഘാടനചടങ്ങുകളിൽ എംപിയോടൊപ്പം അദ്ധ്യക്ഷത വഹിച്ച ആളാണ് മേയർ. എന്നിട്ടും അസത്യ പ്രചരണം നടത്തുന്നത് ബിജെപിയെ സഹായിക്കുന്നതിന് വേണ്ടി മാത്രമാണ്- പ്രതാപൻ ഫേസ്ബുക്കിൽ കുറിച്ചു. തൃശ്ശൂർ കോർപ്പറേഷന്റെ സ്വന്തം ആസ്തികളുടെ വികസനത്തിനും കോർപ്പറേഷൻ പരിധിയിലെ സ്ഥാപനങ്ങളുടെ വികസനത്തിനും വേണ്ടി ടി.എൻ പ്രതാപൻ 2019-2024 കാലയളവിൽ എംപി ഫണ്ടിൽ നിന്നും അനുവദിച്ച തുകയുടെ കണക്കും അദ്ദേഹം പുറത്ത് വിട്ടു.

 

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ
കൊച്ചി മേയറുടെ ബ്രഹ്മപുരം സന്ദര്‍ശനം; പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് കോണ്‍ഗ്രസ്, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ടിജെ വിനോദ് എംഎൽഎ