
തിരുവനന്തപുരം: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആലപ്പുഴയിലുണ്ടായ (Alappuzha) രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളിൽ (Poilitical Murder) വിറങ്ങലിച്ചിരിക്കുകയാണ് കേരളം. എസ്ഡിപിഐ (SDPI) സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് 24 മണിക്കൂറുകൾക്കിടെ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് കെ എസ് ഷാനെ വാഹനമിടിച്ച് കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെ രഞ്ജിത്തിനെ വീട്ടിൽ കയറിയും കൊലപ്പെടുത്തി.
കേരളത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമമാണ് ബിജെപിയും (BJP) എസ്ഡിപിഐയും നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. 'പരസ്പരം പാലൂട്ടി വളർത്തുന്ന രണ്ട് ശത്രുക്കളാണ് എസ്ഡിപിഐയും ബിജെപിയും. അവർ തമ്മിൽ വർഗീയമായ ചേരിതിരിവുണ്ടാക്കാനുള്ള കൊലപാതകമാണ് ആലപ്പുഴയിൽ കഴിഞ്ഞ മണിക്കൂറുകളിലുണ്ടായത്. സംസ്ഥാനത്ത് ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണിപ്പോൾ നടക്കുന്നത്. സോഷ്യൽ എഞ്ചിനീയറിങ് എന്ന പേരിൽ മുഖ്യമന്ത്രി നടത്തുന്ന വർഗീയ പ്രീണനങ്ങളുടെ ബാക്കി പത്രമാണ് കൊലപാതകങ്ങൾ'. കേരളത്തിന് കേട്ട് കേൾവി പോലുമില്ലാത്ത സംഭവങ്ങളാണിതെല്ലാം. ഇത്തരം നീക്കങ്ങളെ ചെറുക്കാൻ സർക്കാർ കാര്യക്ഷമമായ നടപടി എടുക്കുമെങ്കിൽ പ്രതിപക്ഷം ഒപ്പം നിൽക്കുമെന്നും വിഡി സതീശൻ പറഞ്ഞു.
കേരളത്തിൽ വർഗ്ഗീയ കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് എസ്ഡിപിഐയും ബിജെപിയും നടത്തുന്നതെന്ന് ഡിവൈഎഫ് ഐ (DYFI) ദേശീയ പ്രസിഡന്റ് എ എ റഹീമും പറഞ്ഞു. ബോധപൂർവ്വം കേരളത്തിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കാനുള്ള ശ്രമം ഇരുകൂട്ടരും നടത്തുകയാണ്. ഇതിന് വേണ്ടി ഇരുകൂട്ടരും പരസ്പരം ശക്തി സംഭരിക്കുകയാണെന്നും റഹീം കുറ്റപ്പെടുത്തി. അതാത് സമുദായങ്ങൾ ഇത്തരക്കാരെ ഒറ്റപ്പെടുത്താൻ നടപടി എടുക്കണമെന്നും റഹീം ആവശ്യപ്പെട്ടു.
ആലപ്പുഴ മണ്ണഞ്ചേരിയിൽ ഇന്നലെ രാത്രിയായിരുന്നു നാടിനെ നടുക്കിയ ആദ്യ കൊലപാതകം ഉണ്ടായത്. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചംഗ സംഘമാണ് കൊലയ്ക്ക് പിന്നിൽ. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നാണ് എസ്ഡിപിഐ ആരോപണം.
ഇതിന് പിന്നാലെയാണ് രണ്ടാമത്തെ കൊലപാതകം ഉണ്ടായത്. പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി രഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തിയത്. നേരത്തെ ഒബിസി മോര്‍ച്ച ആലപ്പുഴ ജില്ല സെക്രട്ടറിയായിരുന്നു രഞ്ജിത്ത് ശ്രീനിവാസന്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam