സർക്കാരല്ല വ്യാപനത്തിന് കുറ്റക്കാർ, ദുരഭിമാനം വെടിഞ്ഞ് കൊവിഡ് മരണങ്ങൾ അംഗീകരിക്കണം: വിഡി സതീശൻ

By Web TeamFirst Published Jul 1, 2021, 1:53 PM IST
Highlights


കൊവിഡ് മരണങ്ങൾ നിശ്ചയിക്കാൻ ഐസിഎംആർ മാനദണ്ഡങ്ങളാണ് അടിസ്ഥാനമെന്ന ആരോഗ്യമന്ത്രിയുടെ വാദം അടിസ്ഥാനരഹിതമാണ്. കേരളം മാനദണ്ഡങ്ങൾ പാലിച്ചില്ല.

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിൽ സർക്കാർ ദുരഭിമാനം വെടിയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ അല്ല കൊവിഡ് വ്യാപനത്തിലെ കുറ്റക്കാർ. ദുരഭിമാനം മാറ്റിവച്ച് മരണസംഖ്യയിലെ യഥാർത്ഥ കണക്കുകൾ സർക്കാർ പുറത്തു വിടാൻ തയ്യാറാവണം. കൊവിഡ് മരണങ്ങൾ കേരളത്തിൽ കുറവാണെന്ന് വരുത്തി തീർത്ത് ക്രെഡിറ്റ് എടുക്കുന്ന പരിപാടി സർക്കാർ അവസാനിപ്പിക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. 

പ്രതിപക്ഷനേതാവിൻ്റെ വാക്കുകൾ - 

കൊവിഡ് മരണങ്ങൾ നിശ്ചയിക്കാൻ ഐസിഎംആർ മാനദണ്ഡങ്ങളാണ് അടിസ്ഥാനമെന്ന ആരോഗ്യമന്ത്രിയുടെ വാദം അടിസ്ഥാനരഹിതമാണ്. കേരളം മാനദണ്ഡങ്ങൾ പാലിച്ചില്ല. കൊവിഡ് മൂലമുള്ള നിരവധി മരണങ്ങൾ കണക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.  ഐ.സി.യു ബെഡിൽ കിടന്നു മരിച്ചത് പോലും കൊവിഡ് മരണമായി കണക്കാക്കിയില്ല. കൊവിഡിലെ ആരോഗ്യഡാറ്റ കൃത്രിമം ആയി ഉണ്ടാക്കുകയാണ് സർക്കാർ. 

കൊവിഡ് മരണങ്ങളെ പട്ടികപ്പെടുത്താൻ കൊണ്ടുവന്ന പുതിയ ജില്ലാതല സമിതിയെ കുറിച്ചുള്ള വിയോജിപ്പുകളിൽ നടപടിയെടുക്കാനും സർക്കാർ തയ്യാറായില്ല.  സർക്കാറിന് ഇക്കാര്യത്തിൽ ദുരഭിമാനം വേണ്ട. സർക്കാർ അല്ല കോവിഡ് വ്യാപനത്തിലെ കുറ്റക്കാർ. ഇക്കാര്യത്തിൽ ക്രെഡിറ്റ് എടുക്കാൻ പോകാൻ സർക്കാർ നിൽക്കേണ്ട. നിയമപരമായി കിട്ടേണ്ട അനുകൂല്യങ്ങളിൽ നിന്ന് ആരേയും പുറത്തു പോകാൻ അനുവദിക്കില്ല. ഡാറ്റ സർക്കാർ എടുത്തില്ലെങ്കിൽ  പ്രതിപക്ഷം ശേഖരിക്കും. കൊവിഡ് മരണപട്ടികയിൽ നിന്ന് ഒഴിവായ കേസുകൾ കണ്ടെത്തണം. പരാതികൾ വരാൻ സർക്കാർ കാത്തു നിൽക്കരുത്. സർക്കാർ തെറ്റു തിരുത്തണം

മുട്ടിൽ മരംമുറി കേസിൽ  സർക്കാർ അന്വേഷണം ശരിയായ ദിശയിൽ അല്ല. ഉത്തരവ് ഇറക്കിയതാണ് എല്ലാത്തിനും കാരണം. അന്നത്തെ വനം, റവന്യു മന്ത്രിമാർക്ക് എതിരെ കേസ് എടുത്ത് അന്വേഷിക്കണം. സമയമെടുത്ത് അന്വേഷണം മരവിപ്പിച്ച് കൊള്ളക്കാരെ രക്ഷപ്പെടുത്താനാണ് സർക്കാരിൻ്റെ ശ്രമം. സമാനമായൊരു വിവാദമുണ്ടായപ്പോൾ അന്ന് വനംമന്ത്രിയായിരുന്ന കെ.പി.വിശ്വനാഥൻ രാജിവച്ചത് സർക്കാർ ഓർക്കണം. യുഡിഎഫും കെപിസിസിയും ചർച്ച ചെയ്ത് ഈ വിഷയത്തിൽ അടുത്ത സമരം തീരുമാനിക്കും. 
 

click me!