രോഗിയുടെ കുടുംബാംഗങ്ങളും ഒരു ടാക്സി ഡ്രൈവറും നിരീക്ഷണത്തിലാണ്. ചികിത്സയിലുള്ളയാൾക്ക് കൂടുതൽ ആളുകളുമായി സമ്പർക്കമുണ്ടോ എന്ന് അറിയാനുള്ള നടപടികൾ ആരോഗ്യ വകുപ്പ് ഊർജ്ജിതമാക്കി.
കണ്ണൂര്‍: ഒരാള്‍ക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചതോടെ കണ്ണൂരില്‍ ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്. രോഗിയുടെ കുടുംബാംഗങ്ങളും ഒരു ടാക്സി ഡ്രൈവറും നിരീക്ഷണത്തിലാണ്. ചികിത്സയിലുള്ളയാൾക്ക് കൂടുതൽ ആളുകളുമായി സമ്പർക്കമുണ്ടോ എന്ന് അറിയാനുള്ള നടപടികൾ ആരോഗ്യ വകുപ്പ് ഊർജ്ജിതമാക്കിയിട്ടുണ്ട്. സമ്പർക്കത്തിലുള്ളവർക്ക് എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടോയെന്ന കാര്യവും നിരീക്ഷിച്ച് വരികയാണ്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പരിയാരം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ സുദീപ് പറഞ്ഞു.
ജൂലായ് 13 ന് ഉച്ചക്ക് ദുബായിയിൽ നിന്ന് മംഗളൂരുവിൽ വിമാനമിറങ്ങിയ യുവാവിന് നേരിയ പനിയും അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് ടാക്സിയിലാണ് പയ്യന്നൂരിലെ വീട്ടിലേക്ക് എത്തിയത്. ത്വക്കിൽ പോളകൾ കണ്ടതിനെ തുടർന്ന് ജൂലായ് 14 ന് രാവിലെ സ്വന്തം ബൈക്കിൽ പയ്യന്നൂരെ ചർമരോഗ വിദഗ്ദനെ കണ്ടു. പിന്നാലെ രോഗം സംശയിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചു. തുടര്‍ന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു.രോഗം സ്ഥിരീകരിച്ചതോടെ യുവാവിന്‍റെ ഭാര്യ, രണ്ട് മക്കൾ, അമ്മ, ടാക്സി ഡ്രൈവർ എന്നിവർ ഇപ്പോൾ നിരീക്ഷണത്തിലാണ്. ഇയാള്‍ സഞ്ചരിച്ച വിമാനത്തിൽ 12 കണ്ണൂർ സ്വദേശികളും കാസർകോഡ് സ്വദേശികളുമുണ്ടായിരുന്നു. ഇവർക്ക് യുവാവുമായി സമ്പർക്കമില്ലെന്നാണ് വിവരം.
Also Read:മങ്കിപോക്സ്; ആശങ്ക വേണ്ട, ഇതൊരു മാരകമായ രോഗവുമല്ല; വിദഗ്ധർ പറയുന്നു
മങ്കിപോക്സ് ലക്ഷണങ്ങള്‍...
മങ്കിപോക്സ് ഇന്ത്യയിലും സ്ഥിരീകരിക്കപ്പെട്ടതോടെ ആ രോഗത്തെ കുറിച്ച് അറിയാനുള്ള ആകാംക്ഷ ഏവരിലും വര്‍ധിച്ചിരിക്കുകയാണ്. എന്താണ് ഈ രോഗം? എങ്ങനെയാണ് ബാധിക്കുക എന്നിങ്ങനെയുള്ള സംശയങ്ങള്‍ക്ക് പുറമെ ഇവയുടെ ലക്ഷണങ്ങളാണ് ( Monkeypox Symptoms ) മിക്കവര്‍ക്കും അറിയേണ്ടത്. ഇവയാണ് മങ്കിപോക്സിന്‍റെ പ്രധാന ലക്ഷണങ്ങള്‍...
പനി
തലവേദന
പേശീവേദന
നടുവേദന
കുളിര്
തളര്‍ച്ച
ലിംഫ് നോഡുകളില്‍ വീക്കം
ഇതിന് പുറമെ ദേഹത്ത് പലയിടങ്ങളിലായി നേരത്തെ സൂചിപ്പിച്ചത് പോലെ കുമിളകള്‍ പൊങ്ങുന്നു. ആദ്യം ചര്‍മ്മത്തില്‍ നേരിയ നിറവ്യത്യാസം പോലെയാണ് കാണപ്പെടുക. ഇതിന് ശേഷം ചെറിയ കുത്തുകള്‍ പോലെ കാണാം. ശേഷം ഇത് വെള്ളം നിറഞ്ഞ കുമിളകള്‍ ആകുന്നു. ഇവയില്‍ പഴുപ്പ് നിറഞ്ഞും കാണാം. ചൊറിച്ചില്‍- വേദന എന്നിവയും അനുഭവപ്പെടാം. ഇത് ഏറെ പ്രയാസമുണ്ടാക്കുന്ന അവസ്ഥയാണെന്നാണ് അനുഭവസ്ഥര്‍ അറിയിച്ചിട്ടുള്ളത്. ശരീരത്തില്‍ സ്വകാര്യഭാഗങ്ങളിലെല്ലാം ഇത്തരത്തില്‍ കുമിളകള്‍ വരാമെന്നും ഇവര്‍ പറയുന്നു.
