ലോകാരോഗ്യസംഘടനയുടെ മങ്കിപോക്സ് അവബോധ പരിപാടിയുടെ ഭാഗമായാണ് ഇദ്ദേഹം തന്‍റെ അനുഭവം തുറന്ന് പങ്കുവച്ചത്. ഇത് പിന്നീട് വാര്‍ത്തകളില്‍ നിറയുകയായിരുന്നു. 

മങ്കിപോക്സ് വൈറസിനെ ( Monkeypox Virus ) കുറിച്ച് എല്ലാവരും കേട്ടിരിക്കും. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരുന്ന മങ്കിപോക്സ് വൈറസ് അടുത്ത കാലത്ത് പല രാജ്യങ്ങളിലും വ്യാപകമായിരുന്നു. ഇപ്പോള്‍ ഇന്ത്യയിലും മങ്കിപോക്സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. 

രാജ്യത്തെ രണ്ട് കേസുകളും കേരളത്തില്‍ ( Monkeypox Kerala ) തന്നെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മിക്കവരും രോഗവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയാൻ ശ്രമിക്കുകയാണ്. എന്നാല്‍ നിലവില്‍ രാജ്യത്തോ സംസ്ഥാനത്തോ ( Monkeypox Kerala ) മങ്കിപോക്സ് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതായ സാഹചര്യമില്ലെന്നാണ് ആരോഗ്യമേഖല അറിയിക്കുന്നത്. 

നമ്മുടെ നാട്ടില്‍ സാധാരണയായി കാണപ്പെടുന്ന ചിക്കൻപോക്സ് രോഗവുമായ സാമ്യതയുള്ള രോഗമാണ് മങ്കിപോക്സ്. എന്നാല്‍ വളരെയധികം വേദന നിറഞ്ഞ അനുഭവമാണ് മങ്കിപോക്സ് ( Monkeypox Virus ) എന്നാണ് അനുഭവസ്ഥരായ ചിലരുടെ തുറന്നുപറച്ചിലുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോള്‍ സമാനമായി മങ്കിപോക്സ് അനുഭവം തുറന്നുപറയുകയാണ് നോര്‍ത്ത് ലണ്ടനില്‍ ലൈംഗികാരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹാരണ്‍ ടലനായ് എന്നയാള്‍. 

ലോകാരോഗ്യസംഘടനയുടെ മങ്കിപോക്സ് അവബോധ പരിപാടിയുടെ ഭാഗമായാണ് ഇദ്ദേഹം തന്‍റെ അനുഭവം തുറന്ന് പങ്കുവച്ചത്. ഇത് പിന്നീട് വാര്‍ത്തകളില്‍ നിറയുകയായിരുന്നു. 

ജൂണ്‍ 11ഓടെയാണ് ഹാരണിന് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ആദ്യം പനിയായിരുന്നു കണ്ടത്. പിന്നാലെ ലിംഫ് നോഡുകളില്‍ വീക്കം വന്നു. ഇതില്‍ ചൊറിച്ചിലും തുടങ്ങി. കടുത്ത പനി മൂലം വിറയലായിരുന്നു പിന്നീട്. 

'അഞ്ചാം ദിവസമായപ്പോള്‍ ഞാൻ അനങ്ങാൻ വയ്യാതെ കിടക്കുകയാണ്. ഉറക്കവുമില്ല. അസഹനീയമായ വേദനയായിരുന്നു. വേദന കൂടിക്കൂടി വരുന്നതിന് അനുസരിച്ച് നിരാശ തോന്നാൻ തുടങ്ങി. ഒറ്റക്കാണല്ലോ എന്ന ചിന്ത വന്നു. മൂക്കില്‍ വന്ന ചെറിയൊരു കുരു പിന്നീട് വലുതായി പഴുത്തുതുടങ്ങി. കഠിനമായ വേദനയുമായിരുന്നു. ഇതിനിടെ തൊണ്ടയിലും കുരുക്കള്‍ വന്നതോടെ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമൊന്നും കഴിയാത്ത അവസ്ഥയായി. ഇത്രയും വേദന പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. മാത്രമല്ല, അസുഖം ഇതായതിനാല്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഒന്നും അടുത്ത് വന്നിരുന്നില്ല. ഇങ്ങനെ മരിക്കുകയാണെങ്കില്‍ ഞാൻ ഏകനായി മരിക്കേണ്ടി വരുമല്ലോ എന്ന് വരെ ചിന്തിച്ചു'... ഹാരണ്‍ പറയുന്നു. 

സ്മോള്‍പോക്സിന് നല്‍കിവരുന്ന ആന്‍റി വൈറല്‍ മരുന്നാണ് ഇപ്പോള്‍ മങ്കിപോക്സിനും നല്‍കിവരുന്നത്. ഇതുതന്നെയാണ് ഹാരണും നല്‍കിയിരുന്നത്. വീര്യമേറിയ വേദനസംഹാരികളും കൂട്ടത്തില്‍ നല്‍കിയിരുന്നത്രേ. 

ശാരീരികമായ വേദനയ്ക്ക് പുറമെ രോഗം സൃഷ്ടിക്കുന്ന മാനസികമായ വേദനയും സമ്മര്‍ദ്ദവും അസഹനീയമാണെന്നാണ് ഹാരണ്‍ പറയുന്നത്. ഒറ്റപ്പെടലും വേദനയും ഭീതിയും രോഗപീഡ ഇരട്ടിയാക്കുമെന്നും ഇദ്ദേഹം പറയുന്നു. 

'രോഗം ഭേദമാകില്ലേ, അതോ ഇതെന്‍റെ ജീവൻ കവരുമോയെന്നെല്ലാം ആലോചിച്ച് ഒരുപാട് സ്ട്രെസ് അനുഭവിച്ചു. ഇപ്പോള്‍ സംസാരിക്കുമ്പോള്‍ പോലും ഞാനതില്‍ നിന്ന് പൂര്‍ണമായും മുക്തനല്ല. രോഗം എന്‍റെ തൊലിയില്‍ അവശേഷിപ്പിച്ച പാടുകള്‍ പോലും എനിക്ക് കാണാൻ സാധിക്കുന്നില്ല. ഇതിനെക്കുറിച്ചോര്‍മ്മിപ്പിക്കാൻ- വേദനകളുടെ ഈ ഒരു മാസത്തെ ഓര്‍മ്മിപ്പിക്കാൻ ഈ പാടുകളൊന്നും എനിക്ക് വേണ്ടെന്ന് തോന്നും...'- ഹാരണ്‍ പറയുന്നു. 

നേരത്തേ മങ്കിപോക്സ് അനുഭവം തുറന്നുപറഞ്ഞ അമേരിക്കൻ നടൻ മാറ്റ് ഫോഡും സമാനമായ രീതിയില്‍ ഭീകരമായ അനുഭവമെന്ന് തന്നെയായിരുന്നു ഇതിനെ വിശേഷിപ്പിച്ചിരുന്നത്. അസഹനീയമായ വേദനയെ കുറിച്ച് തന്നെയാണ് മാറ്റ് ഫോഡും കാര്യമായി പങ്കുവച്ചിരുന്നത്. 

Also Read:- മങ്കിപോക്സ് ചികിത്സ എങ്ങനെ? അറിയാം രോഗലക്ഷണങ്ങളും...