
തിരുവനന്തപുരം: സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് രാജ്യത്ത് ആദ്യ ബ്ലോക്ക്തല ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് കമ്മിറ്റികള്‍ക്കുള്ള എസ്.ഒ.പി. പുറത്തിറക്കിയതായി മന്ത്രി വീണാ ജോര്‍ജ്. ബ്ലോക്ക്തല എ.എം.ആര്‍ കമ്മിറ്റികളുടെ രൂപീകരണം, ലക്ഷ്യങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, നിരീക്ഷണം എന്നിവ സംബന്ധിച്ച സമഗ്ര മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. ആന്റിബയോട്ടിക് സാക്ഷരത കൈവരിക്കാന്‍ ബ്ലോക്ക്തല എ.എം.ആര്‍. കമ്മിറ്റികളുടെ പ്രവര്‍ത്തനം വളരെ പ്രധാനമാണ്. പ്രധാന സ്വകാര്യ ആശുപത്രികളെക്കൂടി കാര്‍സാപ് നെറ്റുവര്‍ക്കിന്റെ ഭാഗമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
'ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ചെയര്‍മാനായുള്ള ബ്ലോക്കുതല എ.എം.ആര്‍ കമ്മിറ്റിയില്‍ ആരോഗ്യ വകുപ്പ്, കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, അക്വാകള്‍ച്ചര്‍, ഭക്ഷ്യസുരക്ഷ, മലിനീകരണ നിയന്ത്രണം തുടങ്ങിയ വകുപ്പുകളിലേയും ഐഎംഎ, ഐഎപി, എപിഐ, എഎഫ്പിഐ തുടങ്ങിയവയുടെയും പ്രതിനിധികളുണ്ടാകും. ജനങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും ആന്റിബയോട്ടിക്കുകളുടെ ശരിയായ ഉപയോഗം സംബന്ധിച്ചും അണുബാധനിയന്ത്രണ രീതികളെക്കുറിച്ചും സാര്‍വത്രിക അവബോധം നല്‍കുക എന്നതാണ് ബ്ലോക്ക്തല എ.എം.ആര്‍ കമ്മിറ്റികളുടെ പ്രധാന ലക്ഷ്യം. പ്രാഥമികാരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രം, ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം, സാമൂഹ്യാരോഗ്യ കേന്ദ്രം തുടങ്ങിയവയെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളില്‍ എ.എം.ആര്‍. അവബോധ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കും. എല്ലാ ആരോഗ്യ പ്രവര്‍ത്തകരും അണുബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനും പരിശീലനം നേടിയിരിക്കണം.' കാലഹരണപ്പെട്ടതും ഉപയോഗിക്കാത്തതുമായ ആന്റിബയോട്ടിക്കുകള്‍ ശരിയായ രീതിയില്‍ നീക്കം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
'ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം വിലയിരുത്തുന്നതിനും കുറയ്ക്കുന്നതിനും വേണ്ടി കുറിപ്പടികള്‍ ഓഡിറ്റ് ചെയ്യും. ജനറിക് മരുന്നുകളെ പ്രോത്സാഹിപ്പിക്കാനും പോളിഫാര്‍മസി കുറയ്ക്കാനും സാധിക്കും. മൂന്ന് മാസത്തിലൊരിക്കല്‍ 100 കുറിപ്പടികളെങ്കിലും പരിശോധിക്കണം. എല്ലാ സ്ഥാപനങ്ങളിലും പ്രതിമാസം കുറഞ്ഞത് 50 കുറിപ്പടികള്‍ റാന്‍ഡമായും പരിശോധിക്കണം.' സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം അംഗീകൃത ഡോക്ടറുടെ കുറുപ്പടിയില്‍ മാത്രമേ ആന്റിബയോട്ടിക് നല്‍കുകയുള്ളു എന്ന ബോര്‍ഡ് എല്ലാ ഫാര്‍മസികളിലും മെഡിക്കല്‍ സ്റ്റോറുകളിലും പ്രദര്‍ശിപ്പിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam