
തിരുവനന്തപുരം: ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 7272 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയെന്ന് മന്ത്രി വീണാ ജോര്‍ജ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ 4526 കുഞ്ഞുങ്ങള്‍ക്കാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത്. അടിയന്തര സ്വഭാവമുള്ള കേസുകളില്‍ 24 മണിക്കൂറിനകം വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവിക്കുന്ന മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും ഹൃദ്രോഗ പരിശോധന നടത്തി വരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച് കാലതാമസമില്ലാതെ കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഹൃദ്യം പദ്ധതിയിലൂടെ ചികിത്സയ്ക്കായി ആകെ 21,060 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു. അതില്‍ 13,352 പേര്‍ ഒരു വയസിന് താഴെയുള്ളവരാണ്. ആകെ രജിസ്റ്റര്‍ ചെയ്തവരില്‍ ശസ്ത്രക്രിയ ആവശ്യമായ 7,272 കുട്ടികള്‍ക്കാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ 4526 കുഞ്ഞുങ്ങള്‍ക്കാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ സംവിധാനം ശക്തിപ്പെടുത്തുന്നതിന് വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ആശുപത്രികളില്‍ ഹൃദ്യം പദ്ധതി വ്യാപിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ചികിത്സ തേടിയ കുഞ്ഞുങ്ങള്‍ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കാനും തുടര്‍ നടപടികള്‍ ഏകീകരിക്കുന്നതിനുമായി ഹൃദ്യം വെബ് സൈറ്റ് വിപുലീകരിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. എല്ലാ കുട്ടികള്‍ക്കും പരിചരണം ഉറപ്പാക്കാന്‍ വീടുകളിലെത്തിയും അങ്കണവാടികളിലും സ്‌കൂളുകളിലും സ്‌ക്രീനിംഗ് നടത്തുന്നുണ്ട്. ഹൃദ്രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ എക്കോ ഉള്‍പ്പെടെയുള്ള വിദഗ്ധ പരിശോധന നടത്തും. ഗര്‍ഭസ്ഥ ശിശുവിന് ഹൃദ്രോഗം കണ്ടെത്തിയാല്‍ പ്രസവം മുതലുള്ള തുടര്‍ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ ആശുപത്രികളിലോ, എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രിയിലോ ശസ്ത്രക്രിയ ലഭ്യമാക്കും. 9 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ എംപാനല്‍ ചെയ്തിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി ഉള്‍പ്പെടെ കൂടുതല്‍ ആശുപത്രികളില്‍ കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ നടത്താനുള്ള സംവിധാനമൊരുക്കി വരുന്നുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam