
തിരുവനന്തപുരം;സംസ്ഥാന മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച വാഹന നിരീക്ഷണ സംവിധാനമായ സുരക്ഷാ-മിത്ര പദ്ധതി പ്രവർത്തനക്ഷമമായെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു . വാഹന സഞ്ചാര വേളയില്‍ അസ്വഭാവിക സന്ദർഭങ്ങള്‍ ഉണ്ടായാല്‍ ഉടമകളുടെ മൊബൈലിൽ അപകട സന്ദേശം അടിയന്തരമായി എത്തിക്കുന്ന പദ്ധതിയാണ് സുരക്ഷാ-മിത്ര. വാഹനങ്ങളിൽ ഘടിപ്പിക്കുന്ന വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് ഡിവൈസില്‍ (VLTD) നിന്നുള്ള മുന്നറിയിപ്പ് സന്ദേശങ്ങൾ ഉടമകൾക്ക് എസ്എംഎസ് സന്ദേശമായി ലഭിക്കും.
വാഹനം എന്തെങ്കിലും അപകടത്തിൽപെട്ടാലോ ഡ്രൈവർമാർ അമിതവേഗത്തിൽ വണ്ടി ഓടിച്ചാലോ ഉടനടി ബന്ധപ്പെട്ട മൊബൈൽ നമ്പറിൽ എസ്എംഎസ് ആയും ഇ-മെയിൽ ആയും അലർട്ടുകൾ ലഭിക്കും. സന്ദേശത്തിന്റെ നിജ സ്ഥിതി പരിശോധിച്ച് ഉടമകൾക്ക് വാഹനത്തിന്റെ സുരക്ഷിതയാത്ര ഉറപ്പാക്കാം. ഉപകരണം ഘടിപ്പിക്കുന്ന അവസരത്തിൽ കൊടുക്കുന്ന മൊബൈൽ നമ്പറിലും ഇ-മെയിൽ ഐഡിയിലും ആണ് അലർട്ട് സന്ദേശങ്ങൾ എത്തുന്നത്. നമ്പരിലും ഇ-മെയിൽ ഐഡിയിലും മാറ്റം വന്നാല്‍ surakshamitr@cdac.in എന്ന ഇ-മെയിലിൽ അറിയിച്ച് തിരുത്തല്‍ വരുത്തേണ്ടതാണ്.
നിർഭയ പദ്ധതി പ്രകാരം കേരള മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച വാഹന നിരീക്ഷണ സംവിധാനമാണ് സുരക്ഷാ-മിത്ര. ഇതിന്‍റെ ഭാഗമായി 2.38 ലക്ഷം വാഹനങ്ങളില്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ട്. നിരത്തുകളിലെ സഞ്ചാരം അപകട രഹിതമാക്കാൻ ഉദ്ദേശിച്ചുള്ള പുതിയ സംവിധാനം വാഹന ഉടമകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി ആന്റണി രാജു അഭ്യർത്ഥിച്ചു.
കാറിന്റെ ഗ്ലാസിൽ സണ്‍ ഫിലിം ഒട്ടിക്കാമോ? നിയമഭേദഗതി പറയുന്നത് ഇങ്ങനെയാണ്...
വാഹനങ്ങളുടെ ഗ്ലാസിൽ ഒരു തരത്തിലുളള ഫിലിമുകളും ഒട്ടിക്കരുതെന്ന് നിയമം വരുന്നത് 2012ലാണ്. കറുത്ത ഫിലിം ഒട്ടിച്ച വാഹനങ്ങൾ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന് കാണിച്ച് അഭിഷേക് ഗോയങ്ക എന്നയാൾ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. തുടർന്ന് വാഹനങ്ങളിൽ ഫിലിം ഒട്ടിക്കുന്നത് പൂർണ്ണമായും നിർത്തലാക്കി. എന്നാൽ
ബിഐഎസ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്ന, ഗ്ലേസിംഗ് ഗ്ലാസസ്സ് വാഹനങ്ങളിൽ ഉപയോഗിക്കാമെന്ന് കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ പുറത്തിറക്കിയ ഭേദഗതിയിൽ പറയുന്നുണ്ട്. അതേ സമയം ആദ്യത്തെ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇപ്പോഴും സൺഫിലിം ഒട്ടിക്കുന്നതിനെതിരെ പിഴ നടപടികൾ തുടരുകയും ചെയ്യുന്നുണ്ട്. മാത്രമല്ല, വാഹനങ്ങളിൽ ഏത് രീതിയിലുള്ള ഫിലിം ഒട്ടിക്കാമെന്നതിനെക്കുറിച്ച് അജ്ഞതയും തെറ്റിദ്ധാരണയും നിലനിൽക്കുന്നുണ്ട്.
ആദ്യത്തെ ഫിലിം നിരോധനത്തിലെ നിയമത്തിലും അതിലെ ബിഐഎസ് മാനദണ്ഡങ്ങളിലും ഭേദഗതി വന്നു കഴിഞ്ഞു. വാഹനത്തിന്റെ സേഫ്റ്റി മെഷേഴ്സ് ഉറപ്പു വരുത്തിക്കൊണ്ടുള്ള നിയമഭേദഗതിയാണ് പുറത്ത് വന്നിട്ടുള്ളത്. കേന്ദ്രസർക്കാർ 2021 ൽ പുറത്തിറക്കിയ നിയമഭേദഗതിയിൽ പറയുന്നത് ഗ്ലൈസിംഗ് ഗ്ലാസസ് എന്നാണ്. അതിനർത്ഥം ഫിലിം ഒട്ടിക്കാമെന്നല്ല. ആ ഭേദഗതി വ്യക്തമായി പരിശോധിച്ചാൽ മനസ്സിലാകും. അതുപോലെ തന്നെ, വാഹനങ്ങളിൽ ഫിലിം ഒട്ടിക്കുന്നത് സംബന്ധിച്ച വിഷയത്തിൽ പിഴ ഈടാക്കുന്നത് അതിന്റെ വിസിബിലിറ്റി പരിശോധിച്ചിട്ടാണ്. വിസിബിലിറ്റി സംബന്ധിച്ച് സുപ്രീം കോടതിയുടെ ഒരു റൂളിംഗ് ഉണ്ട്. റൂളിംഗിന്റെ ബേസിലാണ് പിഴ ഈടാക്കുന്നത്. രണ്ടായി കാണേണ്ട വിഷയമാണത്. വിൻഡോ ഗ്ലാസിന്റെ സേഫ്റ്റി മെഷേഴ്സ് ഉറപ്പാക്കുന്നതിന് വേണ്ടിയുളളതാണ് 2021 ൽ ഇറക്കിയിട്ടുള്ള നിയമഭേദഗതിയെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
നിയമഭേദഗതിയിൽ ഗ്ലൈസിംഗ് ഗ്ലാസസ് എന്നാണ് പറയുന്നത്. ഗ്ലൈസിംഗ് ഗ്ലാസസിന്റെ പ്രോപ്പർട്ടിയെക്കുറിച്ച് കൃത്യമായി, ബിഐഎസ് സ്റ്റാൻഡേർഡിൽ വ്യക്തമാക്കിയിട്ടുണ്ട്. അത്തരം ഗ്ലാസുകൾ ഭാവിയിൽ വാഹനങ്ങളിൽ ഉപയോഗിക്കാം എന്നാണ് ആ ഭേദഗതി പറയുന്നത്. വെബ്സൈറ്റ് പരിശോധിച്ചാൽ മനസ്സിലാകും. ബിഐഎസ് സ്റ്റാൻഡേർഡ്സിൽ ഗ്ലൈസിംഗ് ഗ്ലാസിന്റെ സ്പെസിഫിക്കേഷൻ കൊടുത്തിട്ടുണ്ട്. അങ്ങനെയുള്ള ഗ്ലാസുകൾ ഉപയോഗിക്കുന്നതിൽ പ്രശ്നമില്ല. ഗ്ലേസിംഗ് ഗ്ലാസിൽ ഒരു പ്ലാസ്റ്റിക് ലേയർ വരുന്നു എന്നുള്ളതാണ്. അതാണ് ഇപ്പോൾ ചിലർ പ്ലാസ്റ്റിക് അഫിക്സ് ചെയ്യുന്നതിൽ പ്രശ്നമില്ല എന്ന് പറയുന്നത്. രണ്ടും രണ്ടാണ്. ഗ്ലേസിംഗ് മെറ്റീരിയലുകൾക്ക് പ്രകാശ സുതാര്യത മാനദണ്ഡം മാത്രമല്ല, മറ്റ് കർശന പരിശോധനകൾ കൂടി ബിഐഎസ് നിർദ്ദേശിച്ചിട്ടുണ്ട്. ഇവയെല്ലാം പാലിക്കപ്പെടേണ്ടത് അത്യാവശ്യമാണ്.
അത്തരം സ്റ്റാൻഡേർഡ്സ് ഉള്ള ഗ്ലാസസ് ഉപയോഗിക്കുന്നതിൽ പ്രശ്നമില്ല. അതിൽ ഒരു പ്ലാസ്റ്റിക് ലെയർ വരുന്നു. അതിനർത്ഥം ഗ്ലാസിൽ പ്ലാസ്റ്റിക് ലെയർ ഒട്ടിക്കാമെന്നല്ല. അത്തരം ഗ്ലാസ് ഉപയോഗിക്കുന്നതിൽ പ്രശ്നമില്ല എന്നതാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam