'ചിലർക്ക് ഇപ്പോഴും പൊലീസ് ആണെന്നാണ് വിചാരം'; സെന്‍കുമാറിനെതിരെ പരിഹാസവുമായി വെള്ളാപ്പള്ളി

By Web TeamFirst Published Jan 18, 2020, 8:36 PM IST
Highlights

വാർത്താസമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകൻ കടവിൽ റഷീദിനോട് മോശമായി പെരുമാറിയ സംഭവത്തില്‍ ടി പി സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

തിരുവനന്തപുരം: വാർത്താസമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകനോട് മോശമായി പെരുമാറിയ സംഭവത്തില്‍ മുൻ ഡിജിപി  ടിപി സെൻകുമാറിനെതിരെ പരോക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍. ചിലർക്ക് ഇപ്പോഴും പൊലീസ് ആണെന്നാണ് വിചാരമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വിമര്‍ശനം. ഇവര്‍ക്ക് ജനകീയ കോടതിയില്‍ വരാൻ ധൈര്യമില്ല, ആരോപണങ്ങളുടെ നിജസ്ഥിതി ജനങ്ങള്‍ക്ക് അറിയാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വാർത്താസമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകൻ കടവിൽ റഷീദിനോട് മോശമായി പെരുമാറിയ സംഭവത്തില്‍ ടി പി സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. സെന്‍കുമാറിന്‍റെ പെരുമാറ്റത്തെ അപലപിച്ച് കെയുഡബ്ല്യുജെ രംഗത്തെത്തിയിരുന്നു. "ഗുണ്ടകളുമായാണ് സെന്‍കുമാര്‍ വാർത്താ സമ്മേളനത്തിന് എത്തിയത്. അവർ റഷീദിനെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. അവർക്കെതിരെ പൊലീസ് കേസ് എടുക്കണം. മാധ്യമ പ്രവർത്തകരുടെ സഹിഷ്ണുത കൊണ്ടു മാത്രമാണ് വലിയ  അനിഷ്ട സംഭവമായി  ഇത് മാറാത്തത്". വാർത്താ സമ്മേളനം നടത്തുന്നവരും മാധ്യമ പ്രവർത്തകരും ഒഴികെ ആരും വാർത്താ സമ്മേളന ഹാളിൽ പ്രവേശിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്നും കെയുഡബ്ല്യുജെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഉടുക്ക് കൊട്ടി പേടിപ്പക്കരുതെന്നായിരുന്നു സെന്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ''എന്താണ് നടന്നതെന്ന് വീഡിയോ ഉണ്ട്. ചോദിച്ച വ്യക്തിക്ക് ഉത്തരവും നൽകി. കെയുഡബ്ല്യുജെ ആരുടെ കുത്തകയും ചട്ടുകവും ആണെന്നും അറിയാം". അതുകൊണ്ടു ഉടുക്കുകൊട്ടി പേടിപ്പിക്കരുതെന്നായിരുന്നു സെന്‍ കുമാര്‍ കുറിച്ചത്.

click me!