
ആലപ്പുഴ: വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഇന്ന് കരിദിനം ആചരിക്കുന്ന സിപിഎമ്മിനെ വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശ്രീനാരായണഗുരുദേവ ജയന്തി ദിനത്തില്‍ സിപിഎം കരിദിനമാചരിക്കുന്നതിൽ ശക്തമായ പ്രതിഷേധവും അമർഷവും രേഖപ്പെടുത്തുന്നുവെന്ന് വെള്ളാപ്പള്ളി ഫേസ്ബുക്കില്‍ കുറിച്ചു.
ജനലക്ഷങ്ങൾ പ്രത്യക്ഷദൈവമായി ആരാധിക്കുന്ന ശ്രീനാരായണ ഗുരുദേവനോടുള്ള അനാദരവായി മാത്രമെ ഇതിനെ കാണാൻ സാധിക്കൂ. രണ്ട് ചെറുപ്പക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ ഞങ്ങൾക്കും ദു:ഖമുണ്ട്. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളോട് അങ്ങേയറ്റത്തെ സഹതാപവുമുണ്ട്.
ആ സംഭവത്തിൽ പാർട്ടിയുടെ പ്രതിഷേധം മനസിലാക്കാം. പക്ഷേ ഞായറാഴ്ച നടന്നൊരു സംഭവത്തിന്റെ പേരിൽ മൂന്നുദിവസം കഴിഞ്ഞ് ശ്രീനാരായണഗുരുദേവ ജയന്തിനാളിൽത്തന്നെ പ്രതിഷേധിക്കാൻ തീരുമാനിച്ചതും, അതും കരിദിനമായി ആചരിക്കാൻ തീരുമാനിച്ചതും ഗുരുനിന്ദയാണെന്ന് വെള്ളാപ്പള്ളി വിമര്‍ശിച്ചു.
നേരത്തെ, ചതയദിനത്തിൽ കരിദിനം ആചരിക്കുന്നതിനെതിരെ സംസ്ഥാന ബിജെപിയും തുഷാർ വെള്ളാപ്പള്ളിയും രംഗത്തെത്തിയിരുന്നു. രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎം വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. വൈകിട്ട് നാല് മുതൽ ആറ് വരെ നടക്കുന്ന പ്രതിഷേധ ധർണയിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എറണാകുളത്തും എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ തൃശൂരും പങ്കെടുക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam