വെള്ളിമാടുകുന്ന് സംഭവം; പൊലീസ് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി

By Web TeamFirst Published Jan 29, 2022, 7:37 PM IST
Highlights

വസ്ത്രം മാറാൻ പ്രതികൾക്ക് സമയം നൽകിയിരുന്നു. വസ്ത്രം മാറി പുറത്തേക്ക് ഇറക്കുന്നതിനിടെ, പുറകു വശം വഴി ആണ് ഫെബിൻ രക്ഷപ്പെട്ടത് എന്ന് പൊലീസ് പറയുന്നു. സ്റ്റേഷന് അകത്തു നിന്ന് ഇടനാഴിയിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു.

കോഴിക്കോട്: ചേവായൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് (Chevayur)  ഇറങ്ങിയോടിയ പ്രതിയെ കണ്ടെത്തി. ലോ കോളേജ് പരിസരത്ത് ഒളിച്ചിരിക്കുക ആയിരുന്നു ഇയാൾ. വെള്ളിമാടുകുന്ന് (Vellimadkunnu) ചിൽഡ്രൻസ് ഹോമിൽ (Childrens Home)  നിന്ന് ആറ് പെൺകുട്ടികൾ ഒളിച്ചോടിപ്പോയ സംഭവത്തിൽ അറസ്റ്റിലായ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി ആണ് വൈകുന്നേരം  പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടിയത്.  

ഒരാൾ ഓടി വരുന്നത് കണ്ട ലോ കോളേജിലെ കുട്ടികളാണ് പൊലീസിൽ വിവരം അറിയിച്ചത്. പ്രതി കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. വസ്ത്രം മാറാൻ പ്രതികൾക്ക് സമയം നൽകിയിരുന്നു. വസ്ത്രം മാറി പുറത്തേക്ക് ഇറക്കുന്നതിനിടെ, പുറകു വശം വഴി ആണ് ഫെബിൻ രക്ഷപ്പെട്ടത് എന്ന് പൊലീസ് പറയുന്നു. സ്റ്റേഷന് അകത്തു നിന്ന് ഇടനാഴിയിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ നിയോ​ഗിച്ച് ന​ഗരം കേന്ദ്രീകരിച്ച് പൊലീസ് തെരച്ചിൽ ശക്തമാക്കുകയായിരുന്നു. 

ബംഗളൂരുവിൽ നിന്ന് പെൺകുട്ടികൾക്കൊപ്പം പിടിയിലായ ഫെബിന്റെയും  കൊല്ലം സ്വദേശി ടോം തോമസിന്റെയും  അറസ്റ്റ് പൊലീസ് ഇന്നാണ് രേഖപ്പെടുത്തിയത്. മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്  അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ പൊക്സോ 7,8 വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് 77 എന്നിവ ചേർത്തുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവാക്കളെ ബംഗളുരുവിലെക്കുള്ള യാത്രാ മദ്ധ്യേ പരിചയപ്പെട്ടതാണെന്നാണ് പെൺകുട്ടികളുടെ മൊഴി. സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത്, ബംഗലൂരുവിലെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും പെൺകുട്ടികൾ പൊലീസിന് മൊഴി നൽകി. ഇതിന്റെ അടിസ്ഥനത്തിലാണ് പോക്‌സോ , ജുവനൈൽ ജസ്റ്റിസ് ആക്ട് തുടങ്ങിയ വകുപ്പുകൾ ചുമത്തി യുവാക്കൾക്കെതിരെ കേസ് എടുത്തത്. 

 

click me!