
കോഴിക്കോട്: കോഴിക്കോട് ഏഴു വയസുകാരി അതിഥി എസ് നമ്പൂതിരിയുടെ കൊലപാതകത്തിൽ പ്രതികൾ കസ്റ്റഡിയിൽ. ഇന്നലെ ഹൈക്കോടതി പ്രതികളായ സുബ്രഹ്മണ്യൻ നമ്പൂതിരി, ദേവിക അന്തർജനം എന്നിവർക്ക് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സൈബർ സെല്ലിന്‍റെ സഹായത്തോടെ നടക്കാവ് പൊലീസാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. രാമനാട്ടുകര വെച്ച് കെഎസ്ആർടിസി ബസിൽ കോഴിക്കോട് ഭാഗത്തേക്ക് യാത്ര ചെയ്യുന്ന സമയത്തായിരുന്നു അറസ്റ്റ്. 2013 ലായിരുന്നു കേസിനാസ്പദമായ സംഭവം. വിചാരണ കോടതി നേരത്തെ പ്രതികളെ കൊലപാതക കുറ്റത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.
ഇതിനെതിരെ സർക്കാർ അപ്പീൽ നൽകുകയായിരുന്നു. അപ്പീൽ ശരിവെച്ച ഹൈക്കോടതി ഇന്ന് പ്രതികളെ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. 2013 ഏപ്രിൽ 23നാണ് കേരളത്തെയാകെ ഞെട്ടിച്ച ഈ സംഭവം നടന്നത്. അച്ഛനും രണ്ടാനമ്മയും അതിക്രൂരമായി മര്‍ദ്ദിച്ചും പട്ടിണിക്കിട്ടുമാണ് കൊലപാതകം നടത്തിയത് എന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. കുട്ടികളെ മര്‍ദ്ദിക്കുന്നതായി ബന്ധുക്കളും പരാതികൾ നൽകിയിരുന്നു. എന്നാല്‍, വിചാരണക്കോടതി ഇവര്‍ കുറ്റക്കാര്‍ അല്ലെന്ന് വിധി പറയുകയായിരുന്നു.
കുട്ടികൾക്കെതിരെയുള്ള ക്രൂര കൃത്യങ്ങളുടെ വകുപ്പുകൾ മാത്രം ചുമത്തി പ്രതികൾക്ക് തടവ് ശിക്ഷ വിധിക്കുകയായിരുന്നു. ഒന്നാം പ്രതിക്ക് മൂന്ന് വര്‍ഷവും രണ്ടാം പ്രതിക്ക് രണ്ട് വര്‍ഷവുമായിരുന്നു തടവ്. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രതികളെ ഹാജരാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. ഇന്ന് ഈ കേസിലെ ശിക്ഷയും ഹൈക്കോടതി വിധിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam