
ദില്ലി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ ചൊല്ലി പ്രതിപക്ഷത്ത് തര്‍ക്കം രൂക്ഷം. വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ സ്ഥാനാര്‍ത്ഥി തീരുമാനം അറിയിക്കാന്‍ വൈകിയെന്ന ആക്ഷേപം തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമാക്കി. ബിജെപിയുമായി മമത സന്ധി ചെയ്ത് കഴിഞ്ഞെന്ന് കോണ്‍ഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി തിരിച്ചടിച്ചു. അതേസമയം, ഈഗോ കാട്ടേണ്ട സമയമല്ലെന്നും, പ്രതിപക്ഷത്തിനൊപ്പം തൃണമൂല്‍ കോണ്‍ഗ്രസുണ്ടാകണമെന്നും ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വ പറഞ്ഞു.
രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ ഭിന്നത ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും പ്രകടമാവുകയാണ്. പ്രചാരണത്തിനായി പശ്ചിമബംഗാളിലേക്ക് വരേണ്ട എന്നാണ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയോട് മമത ബാനര്‍ജി പറഞ്ഞെങ്കില്‍ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും എതിര്‍പ്പുമായി രംഗത്തുള്ളത് തൃണമൂല്‍ കോണ്‍ഗ്രസ് തന്നെയാണ്. മാര്‍ഗരറ്റ് ആല്‍വയോട് വ്യക്തി വിരോധമില്ലെന്നും എന്നാല്‍ അവരെ തെരഞ്ഞെടുത്ത രീതി മര്യാദയില്ലാത്തതായിപ്പോയെന്നുമാണ് തൃണമൂലിന്‍റെ പരാതി. പ്രഖ്യാപനം നടത്താനായി വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനം തുടങ്ങുന്നതിന് 20 മിനിട്ട് മുന്‍പ് മാത്രമാണ് സ്ഥാനാര്‍ത്ഥിയാരെന്ന് അറിയിച്ചതെന്നാണ് തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാന്‍ പറയുന്നത്.
Also Read: 'ഐക്യമാണ് ഏക രക്ഷ': 2024 തെരഞ്ഞെടുപ്പ് ജയിക്കാൻ പ്രതിപക്ഷം ഐക്യം നിര്‍ണായകമെന്ന് ശശി തരൂര്‍
മറ്റ് പാര്‍ട്ടികളുമായി കോണ്‍ഗ്രസ് ആലോചന നടത്തിയപ്പോള്‍ ടിഎംസിയെ കോണ്‍ഗ്രസ് ഒഴിവാക്കിയെന്നും ഡെറിക് ഒബ്രിയാന്‍ ആരോപിച്ചു. എന്നാല്‍ ബംഗാള്‍ ഗവര്‍ണ്ണര്‍ ജഗദീപ് ധന്‍കറെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിന് തലേന്ന് മമത ബാനര്‍ജിയുമായി ഡാര്‍ജിലിംഗില്‍ കൂടിക്കാഴ്ച നടത്തിയിരുന്നെന്നും, തൃണമൂലിന്‍റെ പിന്തുണ എങ്ങോട്ടാണെന്ന് കാര്യം വ്യക്തമാണെന്നും കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി തിരിച്ചടിച്ചു. എന്നാല്‍, മറ്റ് പാര്‍ട്ടികളൊന്നും തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ആക്ഷേപത്തോട് പ്രതികരിച്ചിട്ടില്ല. രാഷ്ട്രപതി തെരഞ്ഞെടുപ്പിന് പിന്നാലെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും ഭിന്നത പ്രകടമായതോടെ പ്രതിപക്ഷ നിര ബിജെപിക്ക് വെല്ലുവിളിയാകില്ലെന്ന് ചുരുക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam