Asianet News MalayalamAsianet News Malayalam

'ഐക്യമാണ് ഏക രക്ഷ': 2024 തെരഞ്ഞെടുപ്പ് ജയിക്കാൻ പ്രതിപക്ഷം ഐക്യം നിര്‍ണായകമെന്ന് ശശി തരൂര്‍

പരസ്പരം മത്സരിച്ച് മുന്നോട്ട് പോയാൽ കാര്യങ്ങൾ പ്രയാസമേറിയതാവും. മുന്നോട്ടുള്ള യാത്രയിൽ വിവിധ കക്ഷി നേതാക്കൾക്കിടയിൽ ഭിന്നതയുണ്ടാവാൻ പാടില്ലെന്നും ശശി തരൂര്‍ പറഞ്ഞു. 

Unity in Opposition is important to win 2024 polls Says Sasi tharoor
Author
Kochi, First Published Jul 23, 2022, 11:47 AM IST

ദില്ലി: 2024-ലെ പൊതുതെരഞ്ഞെടുപ്പിൽ എൻഡിഎയെ പരാജയപ്പെടുത്താൻ പ്രതിപക്ഷ ഐക്യം നിര്‍ണായകമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഐക്യം മാത്രമാണ് ഏക രക്ഷ, അല്ലാതെ പരസ്പരം മത്സരിച്ച് മുന്നോട്ട് പോയാൽ കാര്യങ്ങൾ പ്രയാസമേറിയതാവും. മുന്നോട്ടുള്ള യാത്രയിൽ വിവിധ കക്ഷി നേതാക്കൾക്കിടയിൽ ഭിന്നതയുണ്ടാവാൻ പാടില്ലെന്നും ശശി തരൂര്‍ പറഞ്ഞു. 

ഉടൻ നടക്കാനിരിക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്കെതിരെ തൃണമൂൽ കോണ്‍ഗ്രസിനുള്ള അഭിപ്രായ ഭിന്നത വിഷയമാക്കേണ്ടതില്ല. തൃണമൂൽ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജിയും പ്രതിപക്ഷ കക്ഷികളുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ മാര്‍ഗ്ഗരറ്റ് ആൽവയും തമ്മിൽ നല്ല ബന്ധമാണ് നിലനിൽക്കുന്നത്. ആശയവിനിമയത്തിലുണ്ടായ ചെറിയ വിടവാണ് ഇവിടെയുണ്ടായത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഫലം എന്താകുമെന്ന് എല്ലാവർക്കും അറിയാം. ഇപ്പോഴത്തെ പ്രശ്നങ്ങൾ വലിയ കാര്യമായി എടുക്കേണ്ടെന്നും തരൂര്‍ പറഞ്ഞു. 

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തെ തീരുമാനിച്ചിരുന്നു. പ്രതിപക്ഷ സ്ഥാനാര്ത്ഥി മാര്‍ഗരറ്റ് ആല്‍വയെ തീരുമാനിച്ച രീതിയോട് യോജിപ്പില്ലെന്ന്  വ്യക്തമാക്കിയാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള തീരുമാനം തൃണമൂൽ എടുത്തത്. സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് 20 മിനിറ്റ് മുൻപ് മാത്രമാണ് തങ്ങളെ വിവരം അറിയിച്ചത് എന്നാണ് തൃണമൂലിൻ്റെ പരാതി. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട പശ്ചിമബംഗാള്‍ ഗവര്‍ണ്ണര്‍ ജഗദീപ് ധന്‍കറെ നേരത്തെ മമത അഭിനന്ദിച്ചിരുന്നു. ബിജെപിയുമായി മമത ധാരണയിലെത്തിയെന്ന് സിപിഎം അടക്കമുള്ള കക്ഷികള്‍ ആരോപിക്കുകയും ചെയ്തു. 

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ 16 സംസ്ഥാനങ്ങളിൽ കൂറുമാറ്റം നടന്നതായി കണക്കുകൾ
 
ദില്ലി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കേരളം ഉൾപ്പടെ 16 സംസ്ഥാനങ്ങളിൽ കൂറുമാറ്റം നടന്നതായി കണക്കുകൾ. രണ്ട് തൃണമൂൽ കോൺഗ്രസ് എംപിമാർ കൂറുമാറിയെന്ന് ബിജെപി അവകാശപ്പെട്ടു. ആസമിലെയും ഗുജറാത്തിലെയും കൂറുമാറ്റം കോൺഗ്രസ് പരിശോധിക്കും.

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ദ്രൗപദി മുർമുവിന് കിട്ടിയത് 64 ശതമാനം വോട്ടുകൾ. അറുപത് ശതമാനം കണക്കുകൂട്ടിയ എൻഡിഎയുടെ വോട്ടുവിഹിതം ഉയര്‍ത്താൻ  സഹായിച്ചത് പല സംസ്ഥാനങ്ങളിലെയും കുറൂമാറ്റം. ആസമിൽ 26 എംഎൽഎമാർ കോൺഗ്രസിനുണ്ട്. എന്നാൽ പ്രതിപക്ഷത്തിനാകെ കിട്ടിയത് 20 വോട്ടുകൾ. ഗുജറാത്തിലും മധ്യപ്രദേശിലും കൂറുമാറ്റം പ്രകടമാണ്. 

ഗുജറാത്തിൽ പത്ത് കോൺഗ്രസ് എംഎൽഎമാരെങ്കിലും പക്ഷം മാറി. തൃണമൂൽ കോൺഗ്രസിൻറെ രണ്ട് എംപിമാരും ഒരു എംഎൽഎയും ദ്രൗപദി മുർമുവിന് വോട്ടു ചെയ്തു എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. കേരളത്തിൽ കിട്ടിയ ഒരു വോട്ടും ബിജെപി ക്യാപിൽ ആവേശമുണ്ടാക്കിയിട്ടുണ്ട്. ഇതോടെ എല്ലാ സംസ്ഥാനങ്ങളിലും ഒരു  വോട്ടെങ്കിലും ഉറപ്പാക്കാൻ എൻഡിഎയ്ക്കായി

അസമിലെയും ഗുജറാത്തിലെയും വോട്ടു ചോർച്ച പരിശോധിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ബിജെപിയുടെ നീക്കങ്ങൾക്കിടയെും കഴിഞ്ഞ തവണത്തെക്കാൾ വോട്ടുമൂല്യം യശ്വന്ത് സിൻഹയ്ക്ക് ഇത്തവണ കിട്ടിയത് ആശ്വാസമെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാക്കൾ. 

Follow Us:
Download App:
  • android
  • ios