
കൊച്ചി : കൊച്ചിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ചെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത യുവനടനടക്കം രണ്ടുപേരെ പൊലീസ് നടുറോഡിലിട്ട് ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്ത്. റോഡിൽ വെച്ച് സംഘർഷം കണ്ടു നിന്ന ആളുകൾ പകർത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
റാസ്പുട്ടിൻ ഗാനം മദ്യപാനി അവതരിപ്പിക്കുന്ന രീതിയിൽ ചെയ്ത് സമൂഹമാധ്യമങ്ങളിൽ താരമായ തൃശൂർ സ്വദേശി സനൂപ്, വീഡിയോ എഡിറ്റർ പാലക്കാട് സ്വദേശി രാഹുൽ രാജ് എന്നിവരെ പൊലീസ് മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇന്നലെ രാത്രി കലൂർ ദേശാഭിമാനി ജംഗ്ഷനിലാണ് സംഭവം. തട്ടുകടയ്ക്ക് സമീപം ഗതാഗത തടസം ഉണ്ടാക്കുന്ന തരത്തിൽ വാഹനം പാർക്ക് ചെയ്ത ഇവരുമായി പൊലീസ് തർക്കത്തിലായി. വാഹനത്തിന്റെ രേഖകൾ ചോദിച്ച എറണാകുളം നോർത്ത് സ്റ്റേഷൻ ഹൗസ് ഇൻസ്പെകടറെയും സംഘത്തെയും ആക്രമിച്ചെന്ന് ആരോപിച്ച് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. അറസ്റ്റും രേഖപ്പെടുത്തി.
പൊലീസ് ഇവരെ നിലത്തിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നു. സംഭവം കണ്ടുനിന്ന ആളുകളാണ് ദൃശ്യം പകർത്തിയത്. അകാരണമായി പൊലീസ് തങ്ങളെ നിലത്തിട്ട് ചവിട്ടി എന്നാണ് സനൂപും രാഹുൽ രാജും പറയുന്നത്. എന്നാൽ പ്രതികൾ ജീപ്പിൽ കയറാൻ വിസമ്മതിച്ചതിനെ തുടർന്നുള്ള പിടിവലി ദൃശ്യമാണിതെന്നാണ് പൊലീസ് വാദം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam