പാലാരിവട്ടം പാലം കേസിൽ മുഹമ്മദ് ഹനീഷ് ഐഎഎസിനെ പ്രതി ചേർത്ത് വിജിലൻസ്

By Web TeamFirst Published Nov 19, 2020, 9:22 AM IST
Highlights

കരാറുകാരന് അനധികൃതമായി വായ്പ അനുവദിക്കാൻ കൂട്ടു നിന്നു. കരാറുകാരനിൽ നിന്നും സുരക്ഷാനിക്ഷേപം ഈടാക്കുന്നതിൽ വീഴ്ച വരുത്തി എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേസ് അന്വേഷിക്കുന്ന വിജിലൻസ് സംഘം മുഹമ്മദ് ഹനീഷിനെ പ്രതി ചേർത്തത്. 

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുഹമ്മദ് ഹനീഷ് ഐഎഎസിനെ വിജിലൻസ് പ്രതി ചേർത്തു. നിർമ്മാണ കരാർ നൽകുമ്പോൾ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ എംഡിയായിരുന്നു മുഹമ്മദ് ഹനീഷ്. കരാറുകാരന് അനധികൃതമായി വായ്പ അനുവദിക്കാൻ കൂട്ടു നിന്നു. കരാറുകാരനിൽ നിന്നും സുരക്ഷാനിക്ഷേപം ഈടാക്കുന്നതിൽ വീഴ്ച വരുത്തി എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേസ് അന്വേഷിക്കുന്ന വിജിലൻസ് സംഘം മുഹമ്മദ് ഹനീഷിനെ പ്രതി ചേർത്തത്. 

പാലാരിവട്ടം പാലത്തിൻ്റെ നിർമ്മാണ കമ്പനിക്ക് സർക്കാർ അനധികൃതമായി 8.25 കോടി രൂപയുടെ വായ്പ അനുവദിച്ചിരുന്നു. പാലം നിർമ്മാണത്തിനുള്ള ടെൻഡർ വ്യവസ്ഥകൾ ലംഘിച്ചാണ് വായ്പ അനുവദിച്ചത്. കരാ‌ർ കമ്പനിയായ ആർ‍‍ഡിഎസ്സിന് എട്ടേക്കാൽ കോടി രൂപ മുൻ ക്കൂറായി നൽകാൻ ശുപാർശ നൽകിയത് മുഹമ്മദ് ഹനീഷാണെന്നായിരുന്നു കേസ്സിൽ അറസ്റ്റിസായ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജാണ് വിജിലൻസിന് മൊഴി നൽകിയത്. 

ഇതിനെ തുടർന്നാണ് നിലവിൽ വ്യവസായ വകുപ്പ് സെക്രട്ടറിയായ ഹനീഷിനെ കഴിഞ്ഞ മെയിൽ വിജിലൻസ് ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. നാല് മണിക്കൂർ നീണ്ട ചോദ്യം ചെയ്യല്ലിൽ പക്ഷേ ടി.ഒ.സൂരജിൻ്റെ ആരോപണങ്ങളെല്ലാം തന്നെ മുഹമ്മദ് ഹനീഷ് തള്ളിയിരുന്നു. മുൻകൂർ തുക ആവശ്യപ്പെട്ടുളള കമ്പനിയുടെ അപേക്ഷ പൊതുമരാമത്ത് സെക്രട്ടറിക്ക് കൈമാറുക മാത്രമാണ് താൻ ചെയ്തതെന്നും ഒരു വിധത്തിലും കമ്പനിക്കായി താൻ ശുപാർശ  നടത്തിയിട്ടില്ലെന്നുമാണ് വിജിലൻസിന് ഹനീഷിൻ നൽകിയ മൊഴി. 

പാലാരിവട്ടം പാലം നിർമ്മാണത്തിനായി ആദ്യഘട്ടത്തിൽ പല കരാറുകാരും വന്നിരുന്നുവെങ്കിലും നിർമ്മാണത്തിൻ്റെ ഒരു ഘട്ടത്തിലും വായ്പ അനുവദിക്കില്ലെന്നായിരുന്നു സർക്കാർ ആദ്യം വ്യക്തമാക്കിയത്. ഇതേ തുടർന്ന് പല കരാറുകാരും പിൻമാറി. തുടർന്ന് ആർഡിഎക്സിന് കരാർ ലഭിച്ച ശേഷം റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ മാനേജർ ടി.തങ്കച്ചൻ കമ്പനിയുടെ കത്ത് ഹനീഷിന് കൈമാറുകയും ഹനീഷിൻ്റെ ശുപാർശ സഹിതം കത്ത് പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജിന് ലഭിക്കുകയുമായിരുന്നു. 

ആർഡിഎക്സ് കമ്പനി എംഡിയും തങ്കച്ചനും സൂരജും അടക്കം നേരത്തെ എട്ട് പേരെയാണ് കേസിൽ വിജിലൻസ് ഇതുവരെ പ്രതി ചേർത്തത്. കേസിൽ അഞ്ചാം പ്രതിയായിരുന്നു ഇന്നലെ അറസ്റ്റിലായ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ്. 
 

click me!