
കൊച്ചി: ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കോഴക്കേസിൽ അന്വേഷണം നടത്താൻ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. വിജിലൻസ് കേസിന്‍റെ അടിസ്ഥാനത്തിൽ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇസിഐആര്‍ (എന്‍ഫോഴ്സ്മെന്‍റ് കേസ് ഇൻഫര്‍മേഷൻ റിപ്പോര്‍ട്ട്) രജിസ്റ്റർ ചെയ്തു. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എടുത്ത കേസിൽ ഡൽഹി സ്പെഷ്യൽ ടാസ്ക് ഫോഴ്സിനാണ് അന്വേഷണ ചുമതല.
വിജിലൻസ് കേസിന് കാരണമായ ആരോപണങ്ങൾ അന്വേഷിക്കും. അന്വേഷണത്തിന്‍റെ ഭാഗമായി കേസിലെ പരാതിക്കാരൻ അനീഷ് ബാബുവിന് ഇഡി നോട്ടീസ് നൽകി. നാളെ ഡൽഹിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. ഈ കേസിൽ അന്വേഷണവുമായി സഹകരിക്കാൻ അനീഷ് ബാബുവിന് ഹൈക്കോടതി നിർദേശം നൽകി. കേസിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് കോടതി നിർദേശം. കേസിൽ അനീഷ് ബാബുവിന്‍റെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു.