Asianet News MalayalamAsianet News Malayalam

കോഴിക്കോട് കൂളിമാട് പാലം തകർന്ന സംഭവം; മന്ത്രി മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി

പിഡബ്ലിയുഡി വിജിലൻസ് വിഭാഗത്തോട് പരിശോധന നടത്താൻ നിർദേശം; പാലം തകർന്നത് ഇന്ന് രാവിലെ; ജാക്കിക്ക് തകരാർ സംഭവിച്ചെന്ന് ഊരാളുങ്കൽ സൊസൈറ്റി

Koolimadu Bridge Collapse PWD Minister seeks report
Author
Kozhikode, First Published May 16, 2022, 2:42 PM IST

തിരുവനന്തപുരം: കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന മാവൂർ കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി. പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗത്തോട് പരിശോധന നടത്താനും മന്ത്രി നിർദ്ദേശിച്ചു. കെആർഎഫ്ബി (KRFB) പ്രൊജക്ട് ഡയറക്ടറോടും ഉടൻ റിപ്പോർട്ട് നൽകണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രദേശത്ത് പെയ്ത ശക്തമായ മഴയെത്തുടർന്ന് താൽക്കാലികമായി സ്ഥാപിച്ച തൂണുകൾ താഴ്ന്ന് പോയതാണ് അപകടത്തിന് കാരണമായതെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ. എന്നാൽ ബീമിനെ താങ്ങി നിർത്തിയ ജാക്കിക്ക് പെട്ടന്നുണ്ടായ തകരാർ കാരണമാണ് അപകടമുണ്ടായതെന്നാണ് നിർമാണ ചുമതലയുള്ള ഊരാളുങ്കൽ കോപ്പറേറ്റീവ് സൊസൈറ്റി (ULCC) വിശദീകരിച്ചു. ഉടൻ തന്നെ  ഗർഡറുകൾ പുനഃസ്ഥാപിച്ച് പാലം നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും  ഊരാളുങ്കൽ അറിയിച്ചു. 

Koolimadu Bridge Collapse PWD Minister seeks report

തകർന്നത് ചാലിയാറിന് കുറുകെ നിർമിക്കുന്ന പാലം

ചാലിയാറിന് കുറുകെ കോഴിക്കോട്,  മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന മാവൂർ കൂളിമാട് പാലത്തിന്റെ ബീമുകൾ ഇന്ന് രാവിലെ 9 മണിയോടെയാണ് തകർന്നു വീണത്. പുഴയിൽ മലപ്പുറം ജില്ലയുടെ ഭാഗത്ത് നിർമിച്ച തൂണുകൾക്ക് മുകളിലെ ബീമുകളാണ് വീണത്. അപകടത്തിൽ നിർമാണ പ്രവൃത്തിയിൽ ഏർപ്പെട്ടിരുന്ന രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. രണ്ട് വർഷം മുമ്പ് ആരംഭിച്ച പാലത്തിന്റെ നിർമാണം ഏറെക്കുറെ പൂർത്തിയാകുന്ന ഘട്ടത്തിലാണ് അപകടം ഉണ്ടായത്.  

Koolimadu Bridge Collapse PWD Minister seeks report

2019 മാർച്ചിൽ പ്രവർത്തനോദ്ഘാടനം നിർവഹിച്ച പാലത്തിന്റെ നിർമാണം പ്രളയകാലത്ത് പൂർണമായും സ്തംഭിച്ചിരുന്നു. പ്രളയനിരപ്പിനനുസരിച്ച് പാലത്തിന് ഉയരമില്ലെന്ന ആരോപണത്തെ തുടർന്നാണ് നിർമാണം നിലച്ചത്. പിന്നീട് ഡിസൈനിംഗ് വിഭാഗം പരിശോധനകൾ നടത്തുകയും പാലത്തിന്റെ ഉയരത്തിലും ഡിസൈനിലും മാറ്റം വരുത്താൻ നിർദേശം നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ എസ്റ്റിമേറ്റും പുതുക്കി. നേരത്തെ 21.5 കോടി രൂപയായിരുന്ന നിർമാണ ചെലവ്, പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 25 കോടിയായി ഉയർത്തുകയായിരുന്നു. ചാലിയാർ പുഴയ്ക്ക് കുറുകെയുള്ള പാലം കഴിഞ്ഞാഴ്ച മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios