പി.വി.ശ്രീനിജന് എതിരെ വിജിലൻസ് അന്വേഷണം; സിഎസ്ആര്‍ ഫണ്ട് വാങ്ങി നടപ്പാക്കിയ പദ്ധതിയില്‍ 1.90 കോടിയുടെ ക്രമക്കേട് ആരോപണം

Published : Jun 23, 2026, 10:09 AM IST
Adv P V Sreenijin

Synopsis

'സ്ലേറ്റ്' എന്ന പേരില്‍ കുന്നത്തുനാട് മണ്ഡലത്തിലെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതിയാണ് വിജിലന്‍സ് അന്വേഷണത്തിന്‍റെ പരിധിയിലേക്ക് വരുന്നത്. പൊതുമേഖലാ സ്ഥാപനമായ ബിപിസിഎല്ലിന്‍റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചായിരുന്നു പദ്ധതി നടപ്പാക്കിയത്.

കൊച്ചി: കുന്നത്തുനാട് മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ പി.വി.ശ്രീനിജന്‍റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതിയില്‍ ക്രമക്കേട് നടന്നെന്ന പരാതിയില്‍ വിജിലന്‍സിന്‍റെ പ്രാഥമികാന്വേഷണം. കഴിഞ്ഞ സര്‍ക്കാരിന്‍റെ അവസാന കാലത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയിലാണ് പുതിയ സര്‍ക്കാര്‍ വന്നതിനു തൊട്ടുപിന്നാലെ പ്രാഥമികാന്വേഷണം തുടങ്ങിയത്. പൊതുമേഖല സ്ഥാപനത്തിന്‍റെ സിഎസ്ആര്‍ ഫണ്ട് വാങ്ങി നടപ്പാക്കിയ പദ്ധതിയില്‍ ഒരു കോടി തൊണ്ണൂറു ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ആരോപണം.

'സ്ലേറ്റ്' എന്ന പേരില്‍ കുന്നത്തുനാട് മണ്ഡലത്തിലെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതിയാണ് വിജിലന്‍സ് അന്വേഷണത്തിന്‍റെ പരിധിയിലേക്ക് വരുന്നത്. പൊതുമേഖലാ സ്ഥാപനമായ ബിപിസിഎല്ലിന്‍റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചായിരുന്നു പദ്ധതി നടപ്പാക്കിയത്. സെന്‍റ് തെരേസാസ് വെല്‍ഫെയര്‍ സൊസൈറ്റിയായിരുന്നു നടത്തിപ്പുകാര്‍. ആദ്യ ഘടത്തില്‍ 2023 24 അധ്യയന വര്‍ഷത്തില്‍ തുടങ്ങിയ പദ്ധതിയ്ക്ക് രണ്ടു ഘട്ടങ്ങളിലായി ഒരു കോടി തൊണ്ണൂറു ലക്ഷം രൂപ ബിപിസിഎല്‍ നല്‍കിയെന്ന് പരാതിക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജെയ്സല്‍ ജബ്ബാര്‍ പറയുന്നു.

എന്നാല്‍ ഈ പണമുപയോഗിച്ച് ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്നും പദ്ധതിയുടെ മറവില്‍ ശ്രീനിജന്‍ സ്വന്തം നിലയ്ക്ക് പണപ്പിരിവ് നടത്തിയെന്നുമാണ് പരാതിക്കാരൻ ജെയ്സല്‍ ജബ്ബാറിന്‍റെ ആരോപണം. ഇക്കഴിഞ്ഞ ജനുവരിയില്‍ ജെയ്സല്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയിലാണ് സര്‍ക്കാര്‍ മാറിയതിനു പിന്നാലെയുളള പ്രാഥമികാന്വേഷണം. പദ്ധതി നടത്തിപ്പ് സുതാര്യമെന്നും കാര്യങ്ങള്‍ വിജിലന്‍സിനു മുന്നില്‍ വിശദീകരിക്കുമെന്നും നടത്തിപ്പുകാരായ സെന്‍റ് തെരേസാസ് വെല്‍ഫെയര്‍ സൊസൈറ്റി അധികൃതര്‍ പ്രതികരിച്ചു. അതേസമയം ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നെന്നാണ് പിവി ശ്രീനിജിന്‍റെ മറുപടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മെഡിക്കൽ ഷോപ്പുകൾക്ക് മുന്നിൽ ആ ബോർഡ് പാടില്ല; ഡിസ്കൗണ്ട് ബോർഡുകൾ വിലക്കിയ സർക്കുലർ ശരിവെച്ച് ഹൈക്കോടതി
2954 കേസുകൾ, 3176 പേർ അറസ്റ്റിൽ, പഞ്ചാബിനെ കടത്തിവെട്ടി കേരളമെന്ന് ആഭ്യന്തരമന്ത്രി; മയക്കുമരുന്നിനെതിരെ 'ഓപ്പറേഷൻ തൂഫാൻ' ശക്തം