
തൃശ്ശൂര്‍: തൃക്കാക്കര നഗരസഭയിലെ പണക്കിഴി പരാതിയിൽ വിജിലൻസിന് സുപ്രധാന തെളിവുകൾ ലഭിച്ചതായി സൂചന.
നഗരസഭയിൽ പത്ത് മണിക്കൂറിലേറെ നീണ്ട വിജിലൻസ് പരിശോധന അവസാനിച്ചത് പുലർച്ചെ രണ്ട് മണിയോടെ. ഏറെ നേരത്തെ ശ്രമങ്ങൾക്കൊടുവിലാണ് വിജിലൻസ് സംഘത്തിന് നഗരസഭ ഓഫീസിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പിടിച്ചെടുക്കാനായത്. കയ്യില്‍ കവറുമായി കൗൺസിലർമാർ മടങ്ങുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ നിന്ന് വിജിലൻസിന് കിട്ടിയത്. നഗരസഭ അദ്ധ്യക്ഷയുടെ ക്യാബിനുള്ളിൽ സിസിടിവി ഇല്ല. മുറിയുടെ പുറത്തെ ഈ ദൃശ്യങ്ങളിൽ നിന്ന് തന്നെ അജിത തങ്കപ്പനെതിരായ മതിയായ തെളിവുകൾ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ദൃശ്യങ്ങളിലുള്ള കൗൺസിലർമാരുടെ വിവരങ്ങള്‍ മറ്റ് കൗൺസിലർമാരിൽ നിന്നും വിജിലൻസ് സംഘം ശേഖരിച്ചു. സിസിടിവിയുടെ കൺട്രോൾ യൂണിറ്റും, ഹാർഡ് ഡിസ്ക്കും നഗരസഭ അദ്ധ്യക്ഷയുടെ മുറിക്കുള്ളിലാണ്. വിജിലൻസ് സംഘം എത്തിയ ഉടൻ മുറി പൂട്ടി ഫോൺ സ്വിച്ച് ഓഫ് ആക്കി അജിത തങ്കപ്പൻ മടങ്ങിയതിനാൽ ഇത് ശേഖരിക്കാൻ വിജിലൻസിന് കഴിഞ്ഞിട്ടില്ല. പ്രാഥമിക അന്വേഷണവുമായി പോലും അജിത തങ്കപ്പൻ സഹകരിക്കാത്ത സാഹചര്യത്തിൽ ഇവരിൽ നിന്ന് നേരിട്ട് വിവരങ്ങൾ തേടാനും വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്.
അനുമതിയില്ലാതെ നഗരസഭ അദ്ധ്യക്ഷയുടെ ക്യാബിൻ തുറക്കരുതെന്നാണ് വിജിലൻസ് നഗരസഭ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. മുഴുവൻ രേഖകളും പരിശോധിച്ച ശേഷം വിജിലൻസ് ഡയറക്ടർക്ക് എറണാകുളം യൂണിറ്റ് ഉടൻ റിപ്പോർട്ട് നൽകും. അതേസമയം തൃക്കാക്കരയിൽ കോൺഗ്രസ്സിനുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടി ശ്രമം തുടങ്ങി. കോൺഗ്രസ്സിന്‍റെ പാർലമെന്‍ററി പാർട്ടി യോഗം മറ്റന്നാൾ നടത്താനാണ് തീരുമാനം. പിടി തോമസ് എംഎൽഎ ഉൾപ്പടെ പങ്കെടുക്കുന്ന യോഗത്തിൽ പണക്കിഴി പരാതിയിലെ പാർട്ടി ആഭ്യന്തര സമിതി റിപ്പോർട്ടാകും പ്രധാന ചർച്ചാ വിഷയം. ഈ യോഗത്തിന് ശേഷമാകും തുടർ നടപടികൾക്കായി പാർട്ടി ആഭ്യന്തര കമ്മിറ്റി റിപ്പോർട്ട് ഡിസിസി അദ്ധ്യക്ഷന് കൈമാറുക.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam