
ബിഹാർ: ബിഹാറിൽ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വസതികളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ അനധികൃത സ്വത്ത് കണ്ടെടുത്തു. 1 കോടിയിലധികം കണക്കിൽപ്പെടാത്ത പണവും സ്വർണാഭരണങ്ങളും ആഡംബര വാച്ചുകളും വസ്തുവകകളുടെ രേഖകളും പിടിച്ചെടുത്തു. പട്നയിലെ എ.ഡി.എം രവീന്ദ്ര കുമാർ ദിവാകർ, അദ്ദേഹത്തിന്റെ ഭാര്യയും ദാനാപ്പൂരിലെ ഡിസ്ട്രിക്റ്റ് സബ് രജിസ്ട്രാറുമായ കുമാരി സ്വീറ്റി എന്നിവരുടെ പട്നയിലെയും ബെഗുസരായിയിലെയും കെട്ടിടങ്ങളിലാണ് തിങ്കളാഴ്ച വിജിലൻസ് സംഘം മിന്നൽ റെയ്ഡ് നടത്തിയത്.
പട്നയിലെ വസതിയിൽ നിന്ന് 70 ലക്ഷം രൂപയും, 6 ലക്ഷം രൂപയോളം വിലമതിക്കുന്ന 48 ആഡംബര വാച്ചുകളും ലഭിച്ചു. ബെഗുസരായിയിലെ കുടുംബവീട്ടിൽ നിന്ന് 9 ലക്ഷം രൂപയും, സ്വർണ്ണ-വെള്ളി ആഭരണങ്ങളും കണ്ടെത്തി. പട്നയിൽ 1.07 കോടി രൂപ വിലമതിക്കുന്ന രണ്ട് ഫ്ലാറ്റുകൾ, ഭാര്യയുടെയും പിതാവിന്‍റേയും പേരിൽ വാങ്ങിയ 1.28 കോടി രൂപ വിലമതിക്കുന്ന മൂന്ന് പ്ലോട്ടുകൾ, ഇതിനുപുറമെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും നിക്ഷേപ രേഖകളും ഭൂമി ഇടപാടുകളുടെ പ്രമാണങ്ങളും ഉൾപ്പെടെ വിജിലൻസ് ഉദ്യോഗസ്ഥർ കണ്ടെടുത്തു.
വിജിലൻസ് ഡി.ഐ.ജിയുടെ മേൽനോട്ടത്തിലാണ് പരിശോധന നടന്നത്. പിടിച്ചെടുത്ത പണത്തിന്‍റെയും ആഭരണങ്ങളുടെയും കൃത്യമായ മൂല്യം പൂർണ്ണമായ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു. കുറ്റം തെളിഞ്ഞാൽ ദമ്പതികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam