Asianet News MalayalamAsianet News Malayalam

മെഡിക്കല്‍ കോളേജ് പരിശോധന: 'വ്യാജ രോഗികളെ' എത്തിച്ച് എസ്ആര്‍ മെഡിക്കല്‍ കോളേജ്; ദൃശ്യങ്ങള്‍ പുറത്തുവിട്ട് വിദ്യാര്‍ത്ഥികള്‍

ക്യാംപിന്റെ പേരിൽ എത്തിച്ചവരെ രോഗികളായി ചിത്രീകരിച്ച് മെഡിക്കൽ കൗൺസിലിന്റെ കണ്ണിൽ പൊടിയിട്ടെന്നാണ് വിദ്യാർഥികളുടെ പരാതി.

fraud patients complaint against varkala s r medical college
Author
Thiruvananthapuram, First Published Jul 6, 2019, 9:24 AM IST

തിരുവന്തപുരം: വർക്കല എസ് ആർ മെഡിക്കൽ കോളേജിൽ മെഡിക്കൽ കൗൺസിൽ പരിശോധനയ്ക്കായി രോഗികളെന്ന വ്യാജേന പണം കൊടുത്ത് ആളുകളെ എത്തിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് വിദ്യാർഥികൾ. പരിശോധന കഴിഞ്ഞതോടെ പണം നൽകാതെ ഇവരെ പറ്റിച്ചെന്നും  വിദ്യാർഥികൾ ഫേസ്ബുക്ക് ലൈവിൽ പരാതിപ്പെട്ടു. ബുധനാഴ്ചയായിരുന്നു കോളേജിൽ മെഡിക്കൽ കൗൺസിൽ പരിശോധന. 

സ്റ്റാൻഡ് വിത്ത് സ്റ്റുഡന്‍റ്സ് ഓഫ് എസ് ആർ മെ‍ഡിക്കൽ കോളേജ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ദൃശ്യങ്ങൾ വിദ്യാർത്ഥികൾ പുറത്തുവിട്ടത്. ക്യാംപിന്റെ പേരിൽ എത്തിച്ചവരെ രോഗികളായി ചിത്രീകരിച്ച് മെഡിക്കൽ കൗൺസിലിന്റെ കണ്ണിൽ പൊടിയിട്ടെന്നാണ് വിദ്യാർഥികളുടെ പരാതി. പരിശോധനയുള്ള ദിവസം പ്രത്യേകം വാഹനങ്ങളിൽ ഗ്രാമപ്രദേശങ്ങളിൽ നിന്ന് ആളുകളെ എത്തിക്കുമെന്നും പരിശോധന കഴിഞ്ഞാൽ ഉടൻ തിരിച്ചുകൊണ്ടുപോകുമെന്നും വിദ്യാർഥികള്‍ ആരോപിക്കുന്നു. ഏജന്റ് വഴി 100 മുതൽ 300 രൂപ വരെ നൽകിയാണ് ഇവരെ കൊണ്ടുവരുന്നതെന്നാണ് വെളിപ്പെടുത്തൽ.

പരിശോധന കഴിഞ്ഞതോടെ ആശുപത്രിയിൽ രോഗികൾ ആരുമില്ലെന്ന് വിദ്യാർത്ഥികൾ ഫേസ്ബുക്കിൽ ലൈവിൽ പറയുന്നു. പറഞ്ഞ പണം നൽകാത്തതിനാൽ രോഗികളായി എത്തിച്ചവർ ആശുപത്രിയിൽ പ്രതിഷേധിക്കുന്നതും ലൈവിലുണ്ട്. കോളേജിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്ന വിദ്യാർഥികളുടെ പരാതിയെ തുടർന്നാണ് പരിശോധനയ്ക്ക് ഹൈക്കോടതി നിർദേശം നൽകിയത്. കോടതിയെ സമീപിച്ചവരെ മെഡിക്കൽ കൗൺസിൽ സംഘത്തെ കാണാന്‍ അനുവദിച്ചില്ലെന്ന് പരാതിപ്പെട്ട് വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു. എന്നാൽ കാരുണ്യ പദ്ധതിയിലുൾപ്പെട്ട രോഗികളെയാണ് ആശുപത്രിയിൽ എത്തിച്ചതെന്നും ആർക്കും പണം നൽകിയിട്ടില്ലെന്നും കോളേജ് പ്രിൻസിപ്പാൾ കെ ഇ രാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios