
തൊടുപുഴ: പാലാരിവട്ടം പാലം അഴിമതി കേസിൽ മുസ്ലിം ലീഗ് മുൻമന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് ക്രമ വിരുദ്ധ ഇടപെടലുകൾ നടത്തിയതായി വിജിലൻസിന്‍റെ റിമാൻഡ് റിപ്പോർട്ട്. നിർമ്മാണ കരാർ, ആർഡിഎസ് കന്പനിയ്ക്ക് നൽകാൻ മന്ത്രി ഗൂഢാലോചന നടത്തിയെന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് വിജിലൻസിന്‍റെ റിമാൻഡ് റിപ്പോട്ടിലുള്ളത്.
ചട്ടവിരുദ്ധമായി ടെൻഡറിലോ കരാറിലോ ഇല്ലാത്ത എട്ടേകാൽ കോടി രൂപ മൊബിലൈസേഷൻ അഡ്വാൻസ് ആർഡിഎസ് പ്രൊജക്ട് ലിമിറ്റഡിനു നൽകി. കമ്പനിയ്ക്ക് പലിശയിളവ് നൽകിയതിൽ സർക്കാരിന് നഷ്ടം 85 ലക്ഷം രൂപയാണ്. ഇടപാടിൽ മന്ത്രിയ്ക്ക് കമ്മീഷൻ കിട്ടിയ തുകയെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ചന്ദ്രികയിൽ നിക്ഷേപിച്ച നാലരക്കോടി രൂപ കമ്മീഷൻ തുകയാണോ എന്ന് സംശയമുണ്ടെന്നും വിജിലൻസ് കോടതിയെ അറിയിച്ചു. എന്നാൽ ആരോപണങ്ങൾ ഇബ്രാഹിംകുഞ്ഞിന്‍റെ അഭിഭാഷകൻ നിഷേധിച്ചു. കൂടുതൽ രേഖകൾ ഹാജരാക്കാൻ സമയം നൽകണമെന്ന അഭിഭാഷകന്‍റെ വാദം പരിഗണിച്ച് ജാമ്യാപേക്ഷ ചൊവ്വാഴ്ചയിലേക്ക് മാറ്റി. കസ്റ്റഡി അപേക്ഷയും ഇതിനൊപ്പം പരിഗണിക്കും.
കൊച്ചിയിലെ ലേക്ക് ഷോർ ആശുപത്രിയിൽ റിമാൻഡിൽ കഴിയുന്ന വി കെ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ നില ഇന്നലത്തെ പോലെ തന്നെ തുടരുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മുറിയിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തിന് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ സർക്കാർ അശുപത്രിയിലെ ഡോക്ടർമാരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപീകരിച്ച് ഇബ്രാഹിംകുഞ്ഞിന്‍റെ ആരോഗ്യനില പരിശോധിക്കാൻ കോടതി ഉത്തരവിട്ടു. ബോർഡ് തിങ്കാളാഴ്ച കോടതിയ്ക്ക് റിപ്പോർട്ട് നൽകണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam