Asianet News MalayalamAsianet News Malayalam

ചെളിയും മണ്ണും മാറ്റാതെ കുഴിയടപ്പ് ! പിഡബ്ള്യൂഡി റോഡിൽ വിജിലൻസ് മിന്നൽ പരിശോധന, ഞെട്ടിക്കുന്ന കണ്ടെത്തൽ

ചെളിയും മണ്ണും മാറ്റാതെയാണ് പൊതുമരാമത്ത് വകുപ്പിൻറെ റോഡുകളിലെ കുഴിയടക്കലുകൾ നടക്കുന്നതെന്നാണ് വിജിലൻസിൻറെ പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ.

Vigilance inspection in kerala pwd roads
Author
Kerala, First Published Aug 17, 2022, 12:45 PM IST

കൊച്ചി : ആറുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കിയ പിഡബ്ള്യൂഡി റോഡുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ നിർണായക കണ്ടെത്തലുകൾ. ചെളിയും മണ്ണും മാറ്റാതെയാണ് പൊതുമരാമത്ത് വകുപ്പിൻറെ റോഡുകളിലെ കുഴിയടക്കലുകൾ നടക്കുന്നതെന്നാണ് വിജിലൻസിൻറെ പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. ആറുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കിയ പിഡബ്ള്യൂഡി റോഡുകളിൽ ഓപ്പറേഷൻ സരൾ റാസ്ത എന്ന പേരിലായിരുന്ന വിജിലൻസ് പരിശോധന

റോഡുകളിലെ കുണ്ടും കുഴിയും രാഷ്ട്രീയ വിവാദമായി നിൽക്കുമ്പോഴാണ് പരിശോധനക്കായി വിജിലൻസും ഇറങ്ങിയത്. കരാർ മാനദണ്ഡമുള്ള നിർമ്മാണം പൂർത്തിയാക്കാതെ പിഡബ്ള്യൂഡി ഉദ്യോഗസ്ഥർ ബില്ലുകള്‍ മാറി കൊടുക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആറുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കിയതോ അറ്റകുറ്റപ്പണി നടത്തിയതോ ആയ റോഡുകളില്‍ നിന്നും സാമ്പിളുകൾ ശേഖരിച്ചു.

സംസ്ഥാനത്തെ വിവിധ റോഡുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന

കുഴികള്‍ അടയ്ക്കുമ്പോഴും അറ്റകുറ്റപ്പണികള്‍ ചെയ്യുമ്പോഴും ചെളിയും മണ്ണും മാറ്റി, ടാർ ഒഴിച്ച ശേഷം റോഡ് നിർമ്മാണം നടത്തണമെന്നാണ് ചട്ടം. പക്ഷെ പല സാമ്പിള്‍ പരിശോധനയിലും ഈ ചട്ടങ്ങള്‍ പാലിച്ചില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. നിർമ്മാണങ്ങള്‍ സംബന്ധിച്ച രേഖകളും വിജിലൻസ് പരിശോധിക്കും. രേഖകളിലും സാമ്പിള്‍ പരിശോധനയിലും പൊരുത്തക്കേട് കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കും കരാർകാർക്കുമെതിരെ കേസെടുക്കാനാണ് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദ്ദേശം. വിജിലൻസ് അന്തിമ റിപ്പോർട്ട് എതിരായാൽ പൊതുമരാമത്ത് വകുപ്പിന്  വലിയ തിരിച്ചടിയാകും. ദേശീയ പാതയിലെ കുഴിയിൽ പൊതുമരാമത്ത് മന്ത്രി കേന്ദ്രത്തെ പഴിക്കുമ്പോൾ സംസ്ഥാന പാതയിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് സംസ്ഥാന ഏജൻസി കണ്ടെത്തൽ വലിയ നാണക്കേടാകും.

ജില്ലാ അടിസ്ഥാനത്തിൽ പരിശോധന 

തൃശൂര്‍ ജില്ലയിലെ മൂന്ന് പിഡബ്ല്യൂഡി റോഡുകളിൽ വിജിലൻസ് പരിശോധന നടത്തി. അയ്യന്തോൾ/പുഴയ്ക്കൽ റോഡിൽ വിജിലൻസ് ഡിവൈഎസ്പി പിഎസ് സുരേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കേച്ചിരി/ മറ്റം റോഡിൽ സിഐ സജിന്റെ നേതൃത്വത്തിലും പുതുക്കാട് / മുപ്ലിയം റോഡിൽ സിഐ സുനിൽ കുമാറിന്റെ നേതൃത്വത്തിലുമായിരുന്നു പരിശോധന. ർ

മലപ്പുറം ജില്ലയിൽ 4 സ്ഥലത്ത് വിജിലൻസ് പരിശോധന നടത്തി. ആനക്കയം തിരൂർക്കാട് റോഡ്.പാണ്ടിക്കാട് കിഴക്കേ പാണ്ടിക്കാട് റോഡ്. പുലാമന്തോൾ- കുളത്തൂർ റോഡ് തിരൂർ വെട്ടം എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. 

ആലപ്പുഴ ജില്ലയിലെ റോഡുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. റോഡ് നിർമ്മാണത്തിൽ അപാകത ഉള്ളതായി വിവരം ലഭിച്ച റോഡുകളിലാണ് പരിശോധന നടത്തിയത്. പത്തനംതിട്ട ജില്ലയിൽ തിരുമൂല കറ്റോട് റോഡിൽ വിജിലൻസ് സംഘം പരിശോധന നടത്തി

 

Follow Us:
Download App:
  • android
  • ios