പാലാരിവട്ടം മേല്‍പ്പാലം: പാലം നിര്‍മ്മിച്ച കമ്പനിയുടെ ഉടമയുടെ മൊഴി രേഖപ്പെടുത്തി

By Web TeamFirst Published May 17, 2019, 7:28 AM IST
Highlights

മേൽപ്പാലത്തിലെ ടാറിംഗ് ജോലികൾ നാളെ തുടങ്ങിയേക്കും. പഴയ ടാറിംഗ് പൂർണമായി നീക്കിയെങ്കിലും പൊടിയും ഈർപ്പവും മഴ മൂലം പൂർണമായി നീക്കം ചെയ്യാനായിട്ടില്ല. 

കൊച്ചി: പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിലെ അപാകതയെ കുറിച്ച് അന്വേഷിക്കുന്ന വിജിലൻസ് സംഘം പാലം നിർമ്മിച്ച കമ്പനി ഉടമയുടെ മൊഴി രേഖപ്പെടുത്തി. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കകം സമർപ്പിക്കാനാണ് വിജിലൻസിൻറെ തീരുമാനം. പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിലെ ക്രമക്കേട് കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായി നിർമ്മാണവുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. 

നിർമ്മാണത്തിൽ അപാകത വന്നതിന് കൂട്ടു നിന്ന ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിൻറെ ഭാഗമായാണ് പണി നടത്തിയ ആർഡിഎസ് കന്പനിയുടെ മാനേജിംഗ് ഡയറക്ടർ സുമിത് ഗോയലിൻറെ മൊഴി വിജിലൻസ് രേഖപ്പെടുത്തിയത്. നിർമ്മാണത്തിലുണ്ടായ പാളിച്ചയെ സംബന്ധിച്ച് പരിശോധിച്ച ശേഷം അറിയിക്കാമെന്ന് ആർഡിഎസ് മൊഴിനൽകിയിട്ടുണ്ട്. പദ്ധതി നടപ്പാക്കിയ റോഡ്സ് ആൻറ് ബ്രിഡ്ജസ് കോര്പറേഷനിലെയും മേൽനോട്ടം വഹിച്ച കിറ്റ്കോയിലെയും ഉദ്യോഗസ്‌ഥരുടെ മൊഴിയും വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. 

നിർമാണത്തിന് ഉപയോഗിച്ച സിമന്റ് ഉൾപ്പെടെ ഉള്ളവയുടെ അളവ് പരിശോധിക്കാനായി ശേഖരിച്ച സാംപിളുകൾ കാക്കനാട് റീജിയണൽ അനാലിറ്റിക്കൽ ലാബിൽ പരിശോധനക്കയച്ചു. ഇതിൻറെ ഫലം കൂടി ഉൾപ്പെടുത്തിയായിരിക്കും പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുക. മേൽപ്പാലത്തിലെ ടാറിംഗ് ജോലികൾ നാളെ തുടങ്ങിയേക്കും. പഴയ ടാറിംഗ് പൂർണമായി നീക്കിയെങ്കിലും പൊടിയും ഈർപ്പവും മഴ മൂലം പൂർണമായി നീക്കം ചെയ്യാനായിട്ടില്ല. 

ചെന്നൈയിൽ നിന്നെത്തിച്ച യന്ത്രങ്ങളുടെ സഹായത്തോടെയാണ് ഇതിനുള്ള പണികൾ നടക്കുന്നത്. ടാറിംഗ് പൂർത്തിയാക്കാൻ ഒരാഴ്ച വേണ്ടി വരും. മഴ പെയ്താൽ പ്രതലം പൂർണമായി ഉണങ്ങിയാൽ മാത്രമേ ടാറിംഗ് നടത്താനാകൂ. ടാറിംഗ് പൂർത്തിയാക്കിയ ശേഷം ഡെക്ക് കണ്ടിന്യൂയിറ്റി രീതിയിൽ നിർമ്മിച്ച എക്സ്പാൻഷൻ ജോയിൻറുകൾ പഴയ രീതിയിലേക്ക് മാറ്റും.


ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായിഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23-ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!