
തിരുവനന്തപുരം: സീബ്രാ ക്രോസിംഗുകളില്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഡ്രൈവര്‍മാരുടെ അച്ചടക്കം ഉറപ്പാക്കുന്നതിനുമായി സംസ്ഥാനത്തുടനീളം 'വൈറ്റ്ലൈന്‍ - ലൈഫ്ലൈന്‍' എന്ന പേരില്‍ കേരള പൊലീസിന്‍റെ ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്മെന്‍റ് വിഭാഗം നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 55,207 വാഹനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ 1038 വാഹനങ്ങള്‍ സീബ്രാ ക്രോസില്‍ നിയമലംഘനം നടത്തിയതായി കണ്ടെത്തി, 2,50,631 രൂപ പിഴ ചുമത്തുകയും ചെയ്തു. 2026 ഓഗസ്റ്റ് 20 മുതല്‍ 25 വരെയുള്ള കാലയളവിലാണ് സ്പെഷ്യല്‍ ഡ്രൈവ് നടത്തിയത്.
ഈ കാലയളവില്‍ സംസ്ഥാന വ്യാപകമായി കാല്‍നടയാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിലും ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു സ്പെഷ്യല്‍ ഡ്രൈവ്. നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രധാന ജംഗ്ഷനുകളിലും അപകട സാധ്യതയുള്ള സ്ഥലങ്ങളിലും തിരക്കേറിയ കാല്‍നട ഇടനാഴികളിലും എന്‍ഫോഴ്സ്മെന്‍റ് ടീമുകളെ വിന്യസിച്ചു പരിശോധന നടത്തി. കാല്‍നട യാത്രക്കാര്‍ റോഡ് മറികടക്കുമ്പോള്‍ വേഗത കുറയ്ക്കാത്ത വാഹനങ്ങള്‍, അമിത വേഗതയില്‍ വാഹനമോടിക്കല്‍, കാല്‍നടയാത്രക്കാര്‍ക്ക് നിയമപരമായി അനുശാസിക്കുന്ന വഴിയുടെ അവകാശം അവഗണിക്കല്‍ എന്നിവയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചു.
സീബ്ര ക്രോസിഗ്, സുരക്ഷിതമായ ഡ്രൈവിംഗ് തുടങ്ങിയവയുടെ പ്രാധാന്യത്തെക്കുറിച്ച് റോഡ് ഉപയോക്താക്കളെ ബോധവല്‍ക്കരിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. സമാനമായ സ്പെഷ്യല്‍ ഡ്രൈവുകള്‍ തുടരുകയും ആവര്‍ത്തിച്ചുള്ള നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുന്നതാണ്. ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്മെന്‍റ് ഇന്‍സ്പെക്ടര്‍ ജനറലിന്‍റെ നിര്‍ദ്ദേശപ്രകാരം ജില്ലാ പോലീസ് മേധാവികള്‍, ട്രാഫിക് സോണല്‍ പോലീസ് സൂപ്രണ്ടുമാര്‍, ട്രാഫിക് എന്‍ഫോഴ്സ്മെന്‍റ് യൂണിറ്റുകള്‍ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയായിരുന്നു ഈ സ്പെഷ്യല്‍ ഡ്രൈവ്.
ട്രാഫിക് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്മെന്‍റിന്‍റെ റോഡ് സുരക്ഷാ സംരംഭമായ ശുഭയാത്ര വാട്സ്ആപ്പ് നമ്പര്‍ (974700 1099) മുഖേന നിയമലംഘനങ്ങളുടെ ഫോട്ടോ, ഓഡിയോ, വീഡിയോ, എന്നിവയോടൊപ്പം നിയമലംഘനം നടന്ന ജില്ല, സ്ഥലം, തീയതി, സമയം, വാഹനത്തിന്‍റെ നമ്പര്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് അറിയിക്കാവുന്നതാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam