മൂന്നല്ല ഒന്ന് മാത്രം: ആന്ധ്രാപ്രദേശിൻ്റെ തലസ്ഥാനം വിശാഖപട്ടണമായിരിക്കുമെന്ന് ധനമന്ത്രി

Published : Feb 15, 2023, 05:05 PM IST
മൂന്നല്ല ഒന്ന് മാത്രം: ആന്ധ്രാപ്രദേശിൻ്റെ തലസ്ഥാനം വിശാഖപട്ടണമായിരിക്കുമെന്ന് ധനമന്ത്രി

Synopsis

2015-ലാണ് കൃഷ്ണാനദിക്കരയിൽ അമരാവതിയെന്ന സ്വപ്നതലസ്ഥാനനഗരി പണിയുമെന്ന് അന്നത്തെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഖ്യാപിക്കുന്നത്.

ബെംഗളൂരു: ആന്ധ്രാപ്രദേശിലെ തലസ്ഥാന തര്‍ക്കത്തിൽ നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍. ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനമുണ്ടാകില്ലെന്ന് സംസ്ഥാന ധനമന്ത്രി ബുഗ്ഗന രാജേന്ദ്രനാഥ്. ആന്ധ്രയ്ക്ക് മൂന്ന് തലസ്ഥാനമുണ്ടാകുമെന്നത് തെറ്റായ ധാരണയാണെന്ന് ധനമന്ത്രി വിശദീകരിച്ചു. ബെംഗളുരുവിൽ നടന്ന വ്യവസായസംഗമത്തിലാണ് ധനമന്ത്രിയുടെ പ്രസ്താവന. സര്‍ക്കാരിന്റെ ഭരണകാര്യങ്ങൾ നടത്തുക വിശാഖപട്ടണത്ത് നിന്ന് തന്നെയാകും.  കുർണൂലിനെ തലസ്ഥാനമെന്ന് പറയാനാകില്ല പക്ഷേ ഹൈക്കോടതിയുടെ പ്രിൻസിപ്പൽ ബഞ്ച് കുർണൂലിലുണ്ടാകും. കാലാവസ്ഥ കൊണ്ടും കോസ്മോപൊളിറ്റൻ സംസ്കാരം കൊണ്ടും തുറമുഖ നഗരം എന്നതുകൊണ്ടും വിശാഖപട്ടണം തന്നെയാണ് തലസ്ഥാനമാകാൻ മികച്ചതെന്നും ബുഗ്ഗന രാജേന്ദ്രനാഥ് വ്യക്തമാക്കി. നേരത്തേ ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയും വിശാഖപട്ടണമാകും ആന്ധ്രയുടെ തലസ്ഥാനമെന്ന് പറഞ്ഞിരുന്നു. 

2015-ലാണ് കൃഷ്ണാനദിക്കരയിൽ അമരാവതിയെന്ന സ്വപ്നതലസ്ഥാനനഗരി പണിയുമെന്ന് അന്നത്തെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഖ്യാപിക്കുന്നത്. എന്നാൽ അമരാവതി പണിയാനിരിക്കുന്ന ഗുണ്ടൂർ ജില്ലയിൽ പലർക്കും ഭൂമി വാങ്ങിക്കൂട്ടി വൻലാഭമുണ്ടാക്കാനുള്ള വലിയൊരു അഴിമതിയുടെ ഭാഗമാണ് ഈ പദ്ധതിയെന്ന് പറഞ്ഞാണ് അന്ന് പ്രതിപക്ഷത്തായിരുന്ന വൈഎസ്ആർ കോൺഗ്രസ് അധ്യക്ഷൻ ജഗൻമോഹൻ റെഡ്ഡി ഇതിനെ നേരിട്ടത്. ഫലഭൂയിഷ്ടമായ പ്രദേശത്തെ നശിപ്പിക്കാനുള്ള പദ്ധതിയെന്നാരോപിച്ച് കർഷകസംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. പിന്നീട് ജഗൻമോഹൻ റെഡ്ഡി അധികാരത്തിലെത്തിയപ്പോൾ ഒറ്റത്തലസ്ഥാനമെന്ന പദ്ധതി ഉപേക്ഷിച്ച് മൂന്ന് തലസ്ഥാനങ്ങളെന്ന ബില്ല് നിയമസഭയിൽ കൊണ്ടുവന്ന് പാസ്സാക്കി. 

വിശാഖപട്ടണം ഭരണതലസ്ഥാനവും അമരാവതി നിയമസഭാ ആസ്ഥാനവും കുർണൂൽ ജുഡീഷ്യൽ ആസ്ഥാനവുമാക്കും എന്നായിരുന്നു ബില്ലിലെ വ്യവസ്ഥ. എന്നാലിത് ആന്ധ്രാ ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതിനെതിരെ ജഗൻമോഹൻ റെഡ്ഡി സർക്കാർ നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ തന്‍റെ ഓഫീസടക്കം വിശാഖപട്ടണത്തേക്ക് മാറ്റുമെന്ന് ജഗ്ഗൻമോഹൻ റെഡ്ഡി പ്രസ്താവനയിറക്കിയിരുന്നു. സംസ്ഥാനത്തിന് വലിയ ചെലവ് വരുത്തി വച്ച് പുതിയ തലസ്ഥാനമുണ്ടാക്കുന്നതിന് പകരം നിലവിൽ എല്ലാ സൗകര്യങ്ങളുമുള്ള വിശാഖപട്ടണം തലസ്ഥാനമാക്കണമെന്ന് നേരത്തേ തന്നെ ജഗൻമോഹൻ റെഡ്ഡി പറഞ്ഞിരുന്നത്. 

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി